തിരുവനന്തപുരം: സംസ്ഥാനത്തെ തീരങ്ങളിൽ ജിയോട്യൂബ് കടൽഭിത്തിയുടെ നിർമാണം ഈ സെപ്തംബറിൽ തുടങ്ങി അടുത്ത ജൂലായിൽ പൂർത്തിയാക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ.
പ്രസ് ക്ലബ് സംഘടിപ്പിച്ച 'കടലേറ്റം : കാരണങ്ങളും പരിഹാരമാർഗങ്ങളും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കടലോളം സങ്കീർണമാണ് തീരവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും. നോർവേയിൽ പരീക്ഷിച്ച് വിജയിച്ച ജിയോ ട്യൂബ് വിദ്യ നമ്മുടെ തീരത്തും പരീക്ഷിക്കും. അതിനുവേണ്ട നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തീരത്തുനിന്നും 50 മീറ്റർ ഉള്ളിലായി താമസിക്കുന്ന 18,685 കുടുംബങ്ങളുണ്ട്. ഇതിൽ 8,487 കുടുംബങ്ങൾ മാറിത്താമസിക്കാൻ സന്നദ്ധരായിട്ടുമുണ്ട്. കഴിഞ്ഞ 19ന് നടന്ന കാബിനറ്റ് മീറ്റിംഗിൽ പുനരധിവാസത്തിനായി 1398 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പത്ത് വർഷത്തിനുള്ളിൽ പുനരധിവാസം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വീടുകളുടെ നിർമാണരീതിയിൽ ശ്രദ്ധവച്ചാൽ ഒരു പരിധി വരെ കടലേറ്റത്തെ പ്രതിരോധിക്കാമെന്ന് ആർക്കിടെക്ട് ജി.ശങ്കർ പറഞ്ഞു.
ഫൗണ്ടേഷൻ താഴ്ചയിൽ ചെയ്യണം. വള്ളവും വലയും സൂക്ഷിക്കാവുന്ന രീതിയിൽ പില്ലറുകൾക്ക് മുകളിൽ വീടുകൾ പണിയാവുന്ന കാര്യവും പ്രായോഗികമാണ്. - ശങ്കർ പറഞ്ഞു.
തീരത്തുനിന്നും മണലെടുക്കാൻ പാടില്ലെന്നും മത്സ്യത്തൊഴിലാളികളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാവണം തീരുമാനങ്ങളെന്നും നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ജനറൽ സെക്രട്ടറി ടി. പീറ്റർ പറഞ്ഞു.
ജിയോ ട്യൂബ് കേരളത്തിന്റെ പ്രകൃതിക്ക് അനുയോജ്യമല്ലെന്ന് ഡിസാസ്റ്റർ മാനേജ്‌മെന്റ് മുൻ ഡയറക്ടർ ഡോ. കെ.ജി. താര പറഞ്ഞു. ഗോവയിൽ പരീക്ഷിച്ച ജിയോ ട്യൂബ് ആറു മാസത്തിനുള്ളിൽ പൊട്ടിപ്പോയി. ഇതിനായി കടൽതീരത്തെ മണ്ണെടുത്താൽ കൂടുതൽ ഗുരുതരമാകും സ്ഥിതി. പില്ലറുകളിൽ വീട് നിർമിക്കുന്നതും ഒന്നിലധികം ദുരന്ത സാദ്ധ്യതകളുള്ള കേരളത്തിൽ പ്രായോഗികമല്ലെന്നും അവർ പറഞ്ഞു.
എം. വിൻസെന്റ് എം.എൽ.എ, ഫാദർ യൂജിൻ എച്ച്. പെരേര, കെ.വി. തോമസ് തുടങ്ങിയവർ സംസാരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ജി. പ്രമോദ് അദ്ധ്യക്ഷനായി. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ യേശുദാസ് വില്യം സ്വാഗതവും പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.