തിരുവനന്തപുരം: നെയ്യാറ്റിൻകര മഞ്ചവിളാകത്ത് അമ്മയും മകളും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത കേസിലെ പ്രതികളായ ശാന്ത, കാശിനാഥൻ, കൃഷ്ണമ്മ എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ചന്ദ്രന്റെ ഭാര്യ ലേഖ (42), മകൾ വെെഷ്ണവി (19) എന്നിവരാണ് ആത്മഹത്യ ചെയ്തത്.
2019 മേയ് 14 നായിരുന്നു സംഭവം. 11 വർഷത്തിന് മുൻപ് ചന്ദ്രൻ കനറാ ബാങ്ക് നെയ്യാറ്റിൻകര ശാഖയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീട് നിർമ്മിക്കാനായി ലോൺ എടുത്തിരുന്നു. 11.3 സെന്റ് സ്ഥലമാണ് പണയപ്പെടുത്തിയിരുന്നത്. ലോൺ തിരിച്ചടയ്ക്കാതെ വന്നപ്പോൾ ബാങ്ക് പലതവണ നോട്ടീസ് നൽകിയിട്ടും പണമടച്ചില്ല. ജപ്തി ഭീഷണി മൂലം അമ്മയും മകളും ആത്മഹത്യ ചെയ്തു എന്ന തരത്തിൽ വാർത്ത പ്രചരിക്കുകയും ബാങ്കിനെതിരെ വൻ ജനകീയ പ്രക്ഷോഭം രൂപംകൊള്ളുകയും ചെയ്തിരുന്നു. സംഭവ ശേഷം പൊലീസ് വീട് പരിശോധിച്ചപ്പോഴാണ് മരണമടഞ്ഞ ലേഖയുടെ ആത്മഹത്യാകുറിപ്പ് ലഭിച്ചത്. കടുത്ത സ്ത്രീധന പീഡനം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്നും ഭർത്താവ് ചന്ദ്രൻ, ചന്ദ്രന്റെ മാതാവ് കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ശാന്തയുടെ ഭർത്താവ് കാശിനാഥൻ എന്നിവരാണ് തങ്ങളുടെ മരണത്തിന് ഉത്തരവാദികൾ എന്നും ആത്മഹത്യാകുറിപ്പിൽ ഉണ്ടായിരുന്നു. ഇതോടൊപ്പം കിടപ്പാടം ബാങ്ക് ജപ്തി ചെയ്യുമെന്ന അവസ്ഥ കൂടി ആയപ്പോൾ മറ്റ് മാർഗമില്ലാതെയാണ് ലേഖയും മകളും ആത്മഹത്യ ചെയ്തത്.
കേസിലെ ഒന്നാം പ്രതിയായ ചന്ദ്രൻ ജാമ്യ ഹർജി കോടതിയിൽ നൽകിയിരുന്നില്ല. ശാന്തയും കാശിനാഥനും കൃഷ്ണമ്മയും മാത്രമാണ് ജാമ്യ ഹർജി നൽകിയിരുന്നത്.