തിരുവനന്തപുരം:സെൻട്രൽ ജയിലുകളുടെ കാവലിന് സ്കോർപിയോൺ കമാൻഡോകളെ നിയോഗിച്ചതിന് പിന്നാലെ, സുരക്ഷാപഴുതുകൾ അടയ്ക്കാൻ ലേസർ 'സുരക്ഷാവല'യും തടവുകാരുടെ ദേഹപരിശോധനയ്ക്ക് സ്കാനറും സർക്കാർ സജ്ജമാക്കും.
വിദേശത്തെ ജയിലുകളിൽ ലേസർ കിരണങ്ങൾ ഉപയോഗിച്ചുള്ള അത്യാധുനിക നിരീക്ഷണ സംവിധാനം മൂന്ന് സെൻട്രൽ ജയിലുകളിലും സ്ഥാപിക്കാൻ അനുമതി നൽകി. ലഹരിവസ്തുക്കളും മൊബൈൽഫോണും കടത്തുന്നത് തടയാനാണ് തടവുകാരുടെ ദേഹപരിശോധനയ്ക്ക് കമാൻഡോകളെ നിയോഗിച്ചത്. ജയിലിൽ കിടന്നുകൊണ്ട് കുപ്രസിദ്ധ തടവുകാർ സ്വർണക്കടത്തും കൊള്ളയും കൊലപാതകങ്ങളും ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് തടയാനാണ് ശ്രമം.
സെൻട്രൽ ജയിലുകളിലെ ഭൂരിഭാഗം ബ്ലോക്കുകളിലും കാമറാ നിരീക്ഷണമില്ല. പൂജപ്പുരയിലടക്കം കാമറകൾ പ്രവർത്തിക്കുന്നുമില്ല. ദേഹപരിശോധനയ്ക്ക് സ്കാനറോ എക്സ്റേ സംവിധാനമോ ഇല്ലാത്ത പഴുതിൽ തടവുകാർ സ്മാർട്ട് ഫോണുകളും ബാറ്ററികളും ഹെഡ്ഫോണുകളും ലഹരിവസ്തുക്കളും ആയുധങ്ങളുമെല്ലാം ജയിലിലേക്ക് കടത്തുന്നു.
റിമാൻഡ്, വിചാരണ തടവുകാരെ കോടതിയിൽ കൊണ്ടുപോയി തിരിച്ചെത്തിക്കുമ്പോഴാണ് ഇവ കടത്തുന്നത്. തടവുകാരുടെ ഈ യാത്ര ഒഴിവാക്കാനാണ് വീഡിയോ കോൺഫറൻസിംഗ്. 383 കോടതികളെ ജയിലുകളുമായി വീഡിയോകോൺഫറൻസിലൂടെ ബന്ധിപ്പിക്കും. ഇതിനായി 53 ജയിലുകളിൽ 87സ്റ്റുഡിയോകൾ പണിയും. കോടതിഹാളിലോ മജിസ്ട്രേട്ടിന്റെ മുറിയിലോ വീഡിയോകോൺഫറൻസിംഗ് ഒരുക്കും. റിമാൻഡ് നീട്ടൽ, വാറണ്ട് പുറപ്പെടുവിക്കൽ എന്നിവ ഓൺലൈനാവും. തടവുകാർക്ക് പരാതി ഓൺലൈനായി അയയ്ക്കാം. മജിസ്ട്രേട്ടിന് ഇത് ഫാക്സ് പോലെ ലഭ്യമാവും. ഇതിനായി ജയിലുകളിൽ ബി.എസ്.എൻ.എൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കും. ബി.എസ്.എൻ.എല്ലുമായുള്ള 1,94,24,425 രൂപയുടെ കരാർ സർക്കാർ അംഗീകരിച്ചു.
ലേസർ സുരക്ഷാവല
എല്ലാ തടവറകളിലേക്കും ഇടനാഴികളിലേക്കും ചുറ്റുമതിലിലേക്കും ലേസർ കിരണങ്ങൾ പതിപ്പിക്കും. കിരണങ്ങൾ ആരെങ്കിലും മറികടന്നാൽ അലാറം മുഴങ്ങും. ഇതിന്റെ സാങ്കേതികവിദ്യയും ചെലവും പഠിക്കാൻ വിദഗ്ദ്ധസമിതിയെ നിയോഗിച്ചു.
ജാമറിൽ ഉപ്പ്
ഫോൺ ഉപയോഗം തടയാൻ സെൻട്രൽ ജയിലുകളിൽ സ്ഥാപിച്ച ജാമറുകൾ തടവുകാർ ഉപ്പിട്ട് കേടാക്കുകയാണ്. എൻജിനിയറിംഗ് ബിരുദധാരിയായ കണ്ണൂരിലെ തടവുകാരനാണ് ഈ കുതന്ത്രം പ്രയോഗിച്ചത്. 2007ൽ 20 ലക്ഷം മുടക്കി സ്ഥാപിച്ച ജാമറിന്റെ കേബിളുകൾ ആദ്യം മുറിച്ചു. അത് പുനഃസ്ഥാപിച്ച് ഭൂഗർഭ കേബിളാക്കിയപ്പോഴാണ് ഉപ്പു പ്രയോഗം കണ്ടെത്തിയത്. ഭക്ഷണത്തിനൊപ്പം കിട്ടുന്ന ഉപ്പ് ശേഖരിച്ചും അടുക്കളയിൽ നിന്ന് മോഷ്ടിച്ചും ജാമർ കേടാക്കി. പിന്നീട് പൂജപ്പുരയിലും ഇത് പ്രയോഗിച്ചു. ഇനി അത്യാധുനിക ജാമറുകൾ സ്ഥാപിക്കാനാണ് ഒരുങ്ങുന്നത്.
കോട്ട കെട്ടാൻ 5 വഴികൾ
എല്ലാ ജയിലുകളിലെയും മതിലിനു മുകളിൽ വൈദ്യുതിവേലി
ദേഹപരിശോധനയ്ക്ക് 2.50കോടിയുടെ ഹോൾ ബോഡി സ്കാനർ
വിചാരണയ്ക്ക് വീഡിയോ കോൺഫറൻസിംഗ്
ഇടയ്ക്കിടെ സുരക്ഷാആഡിറ്റ്
''ജയിലിന് ചേരാത്ത പലതും നടക്കുന്നതായി മനസിലാക്കിയാണ് കർക്കശമായ നടപടികൾ. നിയമവിധേയമല്ലാത്തതൊന്നും അനുവദിക്കില്ല.''
- മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്