തിരുവനന്തപുരം: സോഷ്യലിസ്റ്ര് രാജ്യങ്ങളെക്കുറിച്ച് കോൺഗ്രസ് അംഗം പി.ടി.തോമസ് നടത്തിയ പരാമർശത്തിന് മുഖ്യമന്ത്രി മറുപടിയുമായെത്തിയത് ഇന്നലെ നിയമസഭയുടെ സമാപനവേളയെ ബഹളത്തിലാഴ്ത്തി. പിണറായിയുടെ പ്രസംഗം ഒരു ഘട്ടം കഴിഞ്ഞപ്പോൾ പ്രതിപക്ഷം ബഹളം തുടങ്ങി. ഭരണപക്ഷം ഇത് ഏറ്റുപിടിച്ചതോടെ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കി പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയി. ധനാഭ്യർത്ഥന ചർച്ചകൾക്ക് മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടിയും വി.എസ്.സുനിൽകുമാറും മറുപടി പറഞ്ഞ ശേഷമാണ് മുഖ്യമന്ത്രി പ്രസംഗിക്കാനെഴുന്നേറ്റത്. സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ സ്ഥിരം അടിയന്തിരാവസ്ഥയാണെന്ന് പറഞ്ഞ പി.ടി.തോമസ്, ചൈനയിലെ പ്രതിപക്ഷ നേതാവ് ആരാണ്,ചൈനയിൽ അവസാനമായി തിരഞ്ഞെടുപ്പ് നടന്നതെന്നാണ് തുടങ്ങിയ ചോദ്യങ്ങളും ഉയർത്തിയിരുന്നു.

സഭാനടപടികൾ അവസാനിപ്പിക്കാൻ തുടങ്ങുമ്പോഴാണ് തനിക്ക് ചിലത് പറയാനുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി എഴുന്നേറ്റത്. കമ്മ്യൂണിസ്റ്ര് വിരുദ്ധ ജ്വരം ബാധിച്ച് തുള്ളുന്ന അവസ്ഥയിലാണ് പി.ടി.തോമസെന്ന് പിണറായി പറഞ്ഞു.സോഷ്യലിസ്റ്ര് രാജ്യങ്ങളെക്കുറിച്ചാണ് തോമസ് എപ്പോഴും പറയുന്നത്. തോമസ് ജേക്കബിന്റെ പുസ്തകത്തെക്കുറിച്ചും മരടിലെ ഫ്ളാറ്റിനെക്കുറിച്ചുമെല്ലാം അദ്ദേഹം പറയുന്നുണ്ടെങ്കിലും ധനാഭ്യർത്ഥനയെക്കുറിച്ച് ഒന്നും പറയാനില്ല.കമ്മ്യൂണിസ്റ്റ്കാരെ ഭള്ള് പറയാൻ മാത്രം അദ്ദേഹം ശ്രമിക്കുന്നത് സോഷ്യലിസ്റ്ര് രാജ്യങ്ങളോടുള്ള വലിയ വിരോധം കൊണ്ടാണ്.അമേരിക്ക സോഷ്യലിസ്റ്റ് രാജ്യങ്ങളെ എതിർക്കുന്നത് മനസിലാക്കാം, എന്നാൽ കോൺഗ്രസുകാർ എതിർക്കുന്നതെന്തിനാണ്. അമേരിക്കയുടെ സ്വരമാണ് ഇവിടെ കേൾക്കുന്നത്. പ്രതിപക്ഷം സർക്കാരിനെ വിമർശിക്കുന്നതിൽ തെറ്റില്ല, പക്ഷെ ശത്രുതാഭാവം വേണോ? അങ്ങനെയൊരു സംസാരം ആവശ്യമുണ്ടോ ?

ഗാന്ധിജിയെയല്ല, നെഹ്രുവിനെയാണ് കൊല്ലേണ്ടിയിരുന്നതെന്ന് സംഘപരിവാർ പറഞ്ഞപ്പോൾ പ്രതികരിക്കാതെ പല്ലുംകടിച്ചിരുന്ന കോൺഗ്രസുകാരാണ് കമ്മ്യൂണിസ്റ്റുകാരെ ഇപ്പോൾ കുറ്രം പറയുന്നതെന്ന് കൂടി മുഖ്യമന്ത്രി പറഞ്ഞപ്പോൾ, പ്രതിപക്ഷം ബഹളംതുടങ്ങി. 'ഇത് പുത്തരിക്കണ്ടമല്ലെന്ന് ' പ്രതിപക്ഷാംഗങ്ങളിൽ ആരോ പറഞ്ഞപ്പോൾ, പി.ടി.തോമസ് സംസാരിക്കുമ്പോൾ പറയേണ്ടതായിരുന്നു ഇതെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. അതോടെയാണ് 'തള്ള് മുഖ്യാ പിണറായി ' എന്ന മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം സഭവിട്ടത്.

ഭീരുത്വം കൊണ്ടാണ് പ്രതിപക്ഷം ഇറങ്ങിപ്പോകുന്നത്.പറഞ്ഞതിനെക്കുറിച്ചുള്ള പ്രതികരണം കേൾക്കാൻ അവർക്ക് ആർജ്ജവമില്ലെന്ന് കൂടി പറഞ്ഞ് മുഖ്യമന്ത്രി സംസാരം അവസാനിപ്പിച്ചു.