തിരുവനന്തപുരം: ദീർഘദൂര സർവീസിന് വാടകയ്ക്കെടുത്ത ആധുനിക മേനിയുള്ള സ്‌കാനിയ ബസുകൾ ദിവസം രണ്ട് ലക്ഷം രൂപ വരെ നഷ്‌ടമുണ്ടാക്കിയിട്ടും 25 എണ്ണം കൂടി വാടകയ്ക്കെടുക്കാൻ കെ.എസ്.ആർ.ടി.സി വെമ്പൽകൊള്ളുന്നു. ഗതാഗതവകുപ്പ് ഇതുവരെ 'യെസ്' പറഞ്ഞിട്ടില്ല.
കെ.എസ്.ആർ.ടി.സിക്ക് നഷ്‌ടവും ഉടമയ്‌ക്ക് വൻ ലാഭവും നൽകുന്ന കരാറിൽ 10 സ്‌കാനിയ ബസുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ ബംഗളൂരുവിലേക്കും മൂകാംബികയിലേക്കുമുള്ള ഓരോ സർവീസ് മാത്രമാണ് ലാഭത്തിൽ. ബാക്കി എട്ടും നഷ്‌ടത്തിലാണ്.
കോഴിക്കോട് വഴി കറങ്ങിയാണ് ബംഗളൂരുവിലേക്കുള്ള സർവീസ്. തിരുവനന്തപുരത്തു നിന്ന് ബംഗളൂരു മജസ്റ്റിക് സ്റ്റേഷനിലേക്ക് 740 കിലോമീറ്ററും പീനിയയിലേക്ക് 800 കിലോമീറ്ററും ഉണ്ട്. ഒരു സർവീസ് ശരാശരി 1500 കിലോമീറ്റർ ഓടുന്നുണ്ട്. ഒരു ലിറ്റർ ഡീസലിന് രണ്ടര കിലോമീറ്ററാണ് ശരാശരി മൈലേജ്. 600 ലിറ്റർ ഡീസൽ വേണം. കൂടാതെ ആഡ്ബ്ലൂ എന്ന ദ്രാവകവും ഒഴിക്കണം.
ഡീസൽ ലിറ്ററിന് 69 രൂപ നിരക്കിൽ 1,500 കിലോമീറ്ററിന് 41,400 രൂപയാകും. ആഡ്ബ്ലൂ (150 ലിറ്റർ) 3,900 രൂപ കൂടിയാകുമ്പോൾ 45,300 രൂപ. ഇന്ധനത്തിന് പുറമേ കരാർ പ്രകാരം കിലോമീറ്ററിന് 43 രൂപയും കെ.എസ്.ആർ.ടി.സി മഹാവോയേജ് കമ്പനിക്ക് നൽകണം. ഡ്രൈവർ ഈ കമ്പനിയുടേതാണ്. കണ്ടക്ടർ കെ.എസ്.ആർ.ടി.സിയുടേതും.
നഷ്‌ടം
ഒരു സർവീസിന്റെ ഡീസൽ 45,300 രൂപ
കി.മീറ്ററിന് 43 രൂപ വച്ച് കമ്പനിക്ക് നൽകേണ്ടത് - 64,500 രൂപ
ഒരു സർവീസിന്റെ ചെലവ് 1,09,800 രൂപ (കണ്ടക്‌ടറുടെ ശമ്പളം കൂടാതെ)
ടിക്കറ്റ് വരുമാനം 80,000 മുതൽ 85,000 രൂപ
ഒരു ബസിന് പ്രതിദിന നഷ്ടം - 25,000 രൂപ
എട്ട് ബസിന് പ്രതിമാസ നഷ്‌ടം 60 ലക്ഷം.
മറ്റ് സംസ്ഥാനങ്ങളെ പരിഗണിച്ചില്ല
മറ്റ് സംസ്ഥാനങ്ങളിലെ ട്രാൻസ്‌പോർട്ട് കോർപറേഷനും വാടക ബസുകൾ ഉപയോഗിക്കുന്നുണ്ട്. ഒരു സർവീസിന് അല്ലെങ്കിൽ കിലോമീറ്ററിന് നിശ്ചിത തുക കോർപറേഷനു നൽകുന്ന കരാറുണ്ട്. ഡ്രൈവറും കണ്ടക്ടറും ബസുടമയുടേതായിരിക്കും. ഈ കരാർ നടപ്പാക്കിയാൽ കളക്‌ഷൻ കുറവ് കോർപറേഷന് നഷ്ടമുണ്ടാക്കില്ല. പക്ഷേ,കെ.എസ്.ആർ.ടി.സിക്ക് താത്പര്യമില്ല .
കരാർ പുതുക്കാത്ത സർവീസുകൾ
കരാർ മേയിൽ അവസാനിച്ചിട്ടും വാടക സ്‌കാനിയകൾ ഓടുകയാണ്. മോട്ടോർ വാഹന വകുപ്പ് ഇക്കാര്യം സർക്കാരിനെ അറിയിച്ചിരുന്നു. ഈ ബസുകൾ അപകടത്തിൽപ്പെട്ടാൽ കെ.എസ്.ആർ.ടി.സി പ്രതിയാകും
എൻ.സി.പി ബന്ധം?
മുംബയിലെ മഹാവോയേജ് കമ്പനിയുടേതാണ് ഈ വാടക ബസുകൾ. എൻ.സി.പി ദേശീയ നേതൃത്വത്തിന് ബന്ധമുള്ള കമ്പനിയാണ് ഇതെന്ന് ആരോപണമുണ്ട്.