photo

നെടുമങ്ങാട് : മത്സ്യക്കച്ചവടക്കാരുടെയും തൊഴിലാളികളുടെയും സ്വപ്നമായ 'നെടുമങ്ങാട് മാർക്കറ്റിലെ ആധുനിക ഫിഷ് മാർക്കറ്റിന്റെ ശാപമോക്ഷം നീളുന്നു. നാലുവർഷമായി ഉപയോഗശൂന്യമായി അടഞ്ഞുകിടക്കുന്ന മാർക്കറ്റിന്റെ പുനർനിർമ്മാണം ഫിഷറീസ് വകുപ്പിന്റെ നൂലാമാലയിൽ കുരുങ്ങിക്കിടക്കുകയാണ്.

നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് വ്യാപാരികളും തൊഴിലാളികളും ഫിഷ് മാർക്കറ്റിനെ കൈയൊഴിയാൻ കാരണം. ഫിഷ്‌ മാർക്കറ്റ് പുനർ നിർമ്മിക്കാൻ നഗരസഭ സന്നദ്ധമാണെങ്കിലും ഫിഷറീസ് വകുപ്പ് അനുവാദം നൽകുന്നില്ല. ഇതുസംബന്ധിച്ച് നഗരസഭ സ്വീകരിച്ച നടപടികൾക്ക് വകുപ്പ് അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവുമില്ല.

ഫിഷ് മാർക്കറ്റ് ഉപേക്ഷിച്ച കച്ചവടക്കാരിപ്പോൾ പൊതു മാർക്കറ്റിലെ ഇടവഴികളിൽ മഴയും വെയിലുമേറ്റ് മാലിന്യ കൂനയ്ക്ക് നടുവിലിരുന്ന് മത്സ്യം വില്ക്കുകയാണ്.

2015-ൽ ഫിഷറീസ് വകുപ്പിന്റെ തനതു ഫണ്ടിൽ നിന്ന് 2.48 ലക്ഷം രൂപ വിനിയോഗിച്ചാണ് 'ആധുനിക ഫിഷ് മാർക്കറ്റ്' നിർമ്മിച്ചത്. ഈ കെട്ടിടം ഇപ്പോൾ സാമൂഹ്യവിരുദ്ധർ താവളമാക്കിയിരിക്കയാണ്.

മന്ദിരത്തിന്റെ നിർമ്മാണത്തുടക്കം മുതൽ അപാകതകൾ ശ്രദ്ധയിൽപ്പെടുത്തി മത്സ്യക്കച്ചവടക്കാരും മറ്റും രംഗത്തുണ്ടെങ്കിലും ആരും ചെവിക്കൊണ്ടില്ല. ഉദ്ഘാടനവേളയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം കാരണം മന്ത്രിക്ക് മടങ്ങേണ്ടി വന്നിരുന്നു.