kerrala

തിരുവനന്തപുരം: മൂല്യനിർണയ ക്യാമ്പുകൾക്ക് സമാനമായ കേന്ദ്രീകൃത ക്യാമ്പുകൾ സംഘടിപ്പിച്ച് എല്ലാ പരീക്ഷകളുടെയും പുനർമൂല്യനിർണയം നടത്താൻ കേരള സർവകലാശാലാ തീരുമാനം

റീ-വാലുവേഷൻ പാനലിലുള്ള അദ്ധ്യാപകർക്ക് ഉത്തരക്കടലാസുകൾ എത്തിച്ച് നടത്തിയിരുന്ന പുനർമൂല്യനിർണയം ക്യാമ്പുകളിലാവുന്നതോടെ രഹസ്യസ്വഭാവം നഷ്ടമാവുമെന്ന് ആക്ഷേപമുണ്ട്. താത്കാലിക ഭരണസമിതിയുടെ അവസാന യോഗമാണ് ഈ തീരുമാനമെടുത്തത്. ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങും. പുനർമൂല്യനിർണയം വേഗത്തിലാക്കാനാണ് ക്യാമ്പുകളെന്നാണ് വിശദീകരണം.

പുനർമൂല്യനിർണയ പാനലിന്റെ പ്രവർത്തനം രഹസ്യസ്വഭാവത്തിലാണ്. ആരെയാണ് പുനർമൂല്യനിർണയത്തിന് വിളിച്ചതെന്ന് മറ്റുള്ളവർക്ക് അറിയാനാവില്ല. അധ്യാപകന്റെ വിവരങ്ങൾ സർവകലാശാല അതീവ രഹസ്യമായാണ് കൈകാര്യം ചെയ്യുന്നത്. ക്യാമ്പാകുന്നതോടെ പുനർമൂല്യനിർണയം നടത്തുന്ന അദ്ധ്യാപകരെ എല്ലാവർക്കും അറിയാനാവുമെന്നും സ്വാധീനിക്കാൻ സാദ്ധ്യതയുണ്ടാവുമെന്നുമാണ് ആശങ്ക. 45വർഷമായി നിലവിലുള്ള പുനർമൂല്യനിർണയ ചട്ടമാണ് മാറ്റുന്നത്.

തുടക്കത്തിൽ കുട്ടികൾ കുറവുള്ള എൽ.എൽ.ബി പരീക്ഷകൾക്ക് മാത്രമാണ് കേന്ദ്രീകൃത പുനർമൂല്യനിർണയം ആലോചിച്ചതെങ്കിലും എല്ലാ കോഴ്സുകളിലും നടപ്പാക്കാനാണ് തീരുമാനം.

എൽ.എൽ.ബി പരീക്ഷയുടെ മൂല്യനിർണയത്തിന് കേരളത്തിനു പുറത്തുള്ള സർവകലാശാലകളിലെ അദ്ധ്യാപകരെ നിയോഗിക്കണമെന്ന വ്യവസ്ഥയും മാറ്റി. കേരള സർവകലാശാലയ്ക്ക് പുറത്തുള്ള കോളേജുകളിലെ അദ്ധ്യാപകരുടെ പാനൽ ഇതിനായി തയ്യാറാക്കാനാണ്. കേരള, നുവാൽസ് വി.സിമാരടങ്ങിയ സമിതിയുടെ തീരുമാനം. . പുനഃപരിശോധനയിൽ പത്തുശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചാൽ മൂന്നാമത് മൂല്യനിർണയം നടത്തിയശേഷം മാർക്കുകളുടെ ശരാശരി വിദ്യാർത്ഥിക്ക് നൽകണമെന്നതാണ് നിലവിലെ ചട്ടം. എന്നാൽ പുനർമൂല്യനിർണയത്തിൽ 10 ശതമാനത്തിൽ കൂടുതൽ എത്ര മാർക്ക് ലഭിച്ചാലും വീണ്ടും പരിശോധന ആവശ്യമില്ലെന്നാണ് പുതിയ വ്യവസ്ഥ. പുനർമൂല്യനിർണയത്തിൽ പത്തുശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചാൽ ആദ്യം മൂല്യനിർണയം നടത്തിയ പരിശോധകനിൽ നിന്നും 5000 രൂപ പിഴയീടാക്കാനും തീരുമാനമുണ്ട്. പക്ഷേ, 5000രൂപ പിഴയടച്ചാൽ പുനർമൂല്യനിർണയത്തിൽ എത്രമാർക്കും കൂട്ടാമെന്ന സൗകര്യവുമുണ്ട്. പുനർമൂല്യനിർണയം നടത്തുന്ന അദ്ധ്യാപകനെ അറിയാമെങ്കിൽ ഇത് കുട്ടികൾ ദുരുപയോഗം ചെയ്യാനിടയുണ്ട്.

''റീ വാലുവേഷൻ കേന്ദ്രീകൃത ക്യാമ്പുകളിലാക്കും. ഇത് പരസ്യ ക്യാമ്പായിരിക്കില്ല. സർവകലാശാലയിൽ തന്നെ നടത്തും. അദ്ധ്യാപകർക്ക് ഉത്തരക്കടലാസുകൾ വീട്ടിൽ കൊടുത്തുവിടുമ്പോഴാണ് പ്രശ്‌നം''

ഡോ.പി.പി.അജയകുമാർ

പ്രോ വൈസ്ചാൻസലർ

30
ശതമാനം കുട്ടികൾ എല്ലാ വിഷയങ്ങൾക്കും റീ വാലുവേഷന് അപേക്ഷിക്കുന്നതായി സർവകലാശാല