തിരുവനന്തപുരം: കൊല്ലം അഞ്ചൽ സ്വദേശിയായ വീട്ടമ്മ നിരവധി പൊലീസുകാരെ ഫേസ്ബുക്കിലൂടെ പ്രണയക്കെണിയിൽ വശീകരിച്ച് ലക്ഷക്കണക്കിന് രൂപ കബളിപ്പിച്ചെന്ന പൊലീസിന്റെ തന്നെ ശബ്ദ സന്ദേശം അവരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നു. ഇതേപ്പറ്റി രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.
ശബ്ദസന്ദേശം ഇങ്ങനെയാണ്:
''പ്രിയ പൊലീസ് സുഹൃത്തുക്കളേ, ഫേസ്ബുക്കിൽ ഈ ഐ.ഡിയുള്ള (ഫേസ്ബുക്ക് ഐഡി പറയുന്നു) ഒരു ലേഡി, പൊലീസുകാരെ - പ്രത്യേകിച്ച് എസ്.ഐ മാരെ പലരീതിയിൽ പരിചയപ്പെട്ട് പ്രേമം നടിച്ചും, പിന്നീട് ഭീഷണിപ്പെടുത്തിയും ലക്ഷങ്ങൾ തട്ടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത് അവരുടെ സ്ഥിരം പരിപാടിയാണ്. പൊലീസാണ് അവരുടെ ഇര. നമ്മൾ സൂക്ഷിക്കണം...''
കൊച്ചിയിലെ പൊലീസുകാരുടെ വാട്‌സ്ആപ്പ് കൂട്ടായ്‌മയിൽ വന്ന ശബ്ദസന്ദേശമാണ് ഇത്. തിരുവനന്തപുരത്തും ആലപ്പുഴയിലുമുള്ള ചില എസ്.ഐമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തെന്നും തുമ്പയിൽ എസ്.ഐക്കെതിരെ മാനഭംഗക്കുറ്റം ചുമത്തി കേസെടുത്തത് ഈ സ്ത്രീയുടെ പരാതിയിലാണെന്നും ശബ്ദരേഖയിലുണ്ട്. സ്ത്രീയുടെ ഫേസ് ബുക്ക് ഐ.ഡിയും ഫോട്ടോയും നൽകി, ഇവരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പാണ് പ്രചരിക്കുന്നത്.
ഫേസ്ബുക്കിലൂടെ പ്രണയം നടിച്ചാണ് ഇവർ അടുപ്പം സ്ഥാപിക്കുന്നത്. മൊബൈൽ നമ്പർ വാങ്ങിക്കഴിഞ്ഞാൽ, ഏതെങ്കിലും പൊലീസുകാരന്റെ പേരു പറഞ്ഞ്, അയാൾ പണം വാങ്ങിയെന്നും തിരികെ നൽകാത്തതിനാൽ കേസ് കൊടുക്കാൻ പോവുകയാണെന്നും ആദ്യം പറയും. ഇതിന്റെ പേരിൽ പലതവണ ഫോൺ ചെയ്ത് സൗഹൃദമുറപ്പിക്കും. പിന്നീടുള്ള ഓരോ സംഭാഷണവും റെക്കോഡ് ചെയ്യും. അതു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് രീതി.