നേമം: നേമം കെ.എസ്.ഇ.ബി ഒാഫീസിന് സമീപത്ത് ബൈക്ക് നിയന്ത്രണം വിട്ട് ബസിനടിയിലായെങ്കിലും ബൈക്ക് യാത്രക്കാരായ യുവാക്കൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. പാറശാല സ്വദേശി ബാബു (40), അയിലം സ്വദേശി രാജേഷ് (23) എന്നിവരാണ് ബൈക്കിൽ നിന്നു ചാടി രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് 6.15 ഒാടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് പാറശാല ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് യുവാക്കൾ സഞ്ചരിച്ചിരുന്ന പൾസർ ബൈക്കിന്റെ ഹാൻഡിലിൽ ഉരസി. ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് സമീപത്തുണ്ടായിരുന്ന മറ്റൊരു കെ.എസ്.ആർ.ടി.സി ബസിനടിയിലേക്ക് വീഴുകയായിരുന്നു. ബസിനടിയിൽപ്പെട്ട ബൈക്ക് തകർന്നു. യുവാക്കളുടെ തല റോഡിലിടിച്ച് പരിക്കേറ്റു. ഇതിൽ അബോധാവസ്ഥയിലായ ഒരാളെ ശാന്തിവിള ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ആംബുലൻസിൽ രണ്ട് പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നേമം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.