anthur
anthur,

തിരുവനന്തപുരം: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ കൺവെൻഷൻ സെന്ററിന് ലൈസൻസ് വൈകിക്കുന്നതിൽ കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദന്റെ ഇടപെടലുണ്ടായെന്ന് സി.പി.എം സംസ്ഥാനസമിതിയിൽ ആക്ഷേപം. കണ്ണൂർ ജില്ലയിൽ നിന്നുതന്നെയുള്ള സംസ്ഥാനസമിതി അംഗം ജയിംസ് മാത്യു എം.എൽ.എ ഗോവിന്ദനെതിരെ സമിതിയോഗത്തിൽ ഇതുന്നയിച്ച് രൂക്ഷവിമർശനമുയർത്തിയെന്നാണറിയുന്നത്. എം.വി. ഗോവിന്ദന്റെ ഭാര്യയാണ് ആന്തൂർ നഗരസഭാ അദ്ധ്യക്ഷ പി.കെ. ശ്യാമള. ആന്തൂരിൽ മറനീക്കിയത് സി.പി.എം കണ്ണൂർ നേതൃത്വത്തിലെ ഈഗോ ക്ലാഷ് ആണെന്ന ആക്ഷേപം ഇതോടെ ഒന്നുകൂടി ബലപ്പെട്ടു.

മന്ത്രി കെ.ടി. ജലീൽ തദ്ദേശഭരണ മന്ത്രിയായിരിക്കെ നടന്ന സംഭവം വിവരിച്ചാണ് ജയിംസ് മാത്യു സമിതി യോഗത്തിൽ ആഞ്ഞടിച്ചത് എന്നാണ് വിവരം. ഒരു വർഷം മുമ്പേ പ്രശ്നം തുടരുന്നുണ്ടെന്ന സൂചന നൽകുന്നതാണിത്. ജലീൽ മന്ത്രിയായിരിക്കെ, സാജന്റെ ആവശ്യമടങ്ങിയ നിവേദനം താൻ മന്ത്രിക്ക് നൽകിയതിന്റെ അടിസ്ഥാനത്തിൽ സംഭവം പരിശോധിച്ച് തുടർനടപടികളെടുക്കാൻ മന്ത്രി സൂപ്രണ്ടിംഗ് എൻജിനിയറെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ എം.വി. ഗോവിന്ദൻ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചതെന്തിനാണ് എന്നാണ് അറിയേണ്ടത് എന്നാണ് ജയിംസ് മാത്യു സമിതിയോഗത്തിൽ ഉന്നയിച്ചത്. എന്നാൽ വ്യക്തിപരമായ ഈ ആരോപണത്തിൽ എം.വി. ഗോവിന്ദൻ മറുപടിയൊന്നും നൽകിയില്ലെന്നാണ് സൂചന.

എം.വി. ഗോവിന്ദനും പി. ജയരാജനും തമ്മിലുള്ള ശീതസമരമാണ് ആന്തൂരിൽ പ്രതിഫലിച്ചതെന്ന് നേരത്തേ മുതലുയരുന്ന പ്രചാരണങ്ങളെ സാധൂകരിക്കുന്നതാണ് സംസ്ഥാനസമിതിയിൽ ഉയർന്നുവന്ന പുതിയ ആരോപണവുമെന്നതാണ് ശ്രദ്ധേയം.

ആന്തൂർ വിഷയത്തിൽ സി.പി.എം സൈബർ പോരാളിയായ പോരാളി ഷാജി, പി.കെ. ശ്യാമളയെ രൂക്ഷമായി വിമർശിച്ച് ഇറക്കിയ പോസ്റ്റ് പി.ജെ ആർമി എന്ന പേരിലുള്ള സമൂഹമാദ്ധ്യമഗ്രൂപ്പിൽ ഷെയർ ചെയ്യപ്പെട്ടതിനെ ചൊല്ലിയാണ് സംസ്ഥാനസമിതിയിൽ ജയരാജനെതിരെ 'ഫാൻസ് അസോസിയേഷൻ' വിമർശനമുയർന്നത്. വിമർശനത്തിന്റെ തുടർച്ചയായിട്ടായിരുന്നു പി.ജെ ആർമി ഗ്രൂപ്പിനെ ജയരാജൻ തള്ളിപ്പറഞ്ഞതും. ഇക്കാര്യം ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, പാർട്ടി കണ്ണൂർ ജില്ലാകമ്മിറ്റി ഈ മാസം 30ന് ചേരുകയാണ്. ശ്യാമളയുടെ കാര്യത്തിൽ തുടർചർച്ചകളും നടപടികളും ഈ യോഗത്തിലുണ്ടാകുമെന്നാണ് വിവരം.