# ലോകകപ്പിൽ ഇന്ന് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് പോരാട്ടം
# മാഞ്ചസ്റ്ററിൽ മത്സരത്തിന് ഭീഷണിയുമായി മഴമേഘങ്ങൾ, ഇന്ത്യയ്ക്ക് ഇൻഡോർ പ്രാക്ടീസ് മാത്രം
മാഞ്ചസ്റ്റർ : 36 കൊല്ലം മുമ്പ് ഇംഗ്ളീഷ് മണ്ണിൽ വിൻഡീസിനെ മുട്ടുകുത്തിച്ച് ലോകകപ്പിലേക്കുള്ള പടയോട്ടം തുടങ്ങിയ മണ്ണിൽ വീണ്ടുമൊരു കരീബിയൻ പോരാട്ടത്തിന് കച്ചകെട്ടി ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇറങ്ങുന്നു. മാഞ്ചസ്റ്ററിലെ ഇന്ത്യ - വെസ്റ്റ് ഇൻഡീസ് മത്സരത്തിന് കാര്യമായ ഭീഷണിയുമായി മഴമേഘങ്ങളും പരിസരത്തൊക്കെയുള്ളതിനാൽ ആരാധകർ ആരവത്തോടൊപ്പം പ്രാർത്ഥനകളിലുമാണ്.
മാഞ്ചസ്റ്ററിൽ ഞായറാഴ്ച മുതൽ ചെറിയ മഴയുണ്ട്. അന്തരീക്ഷം അധികം തെളിഞ്ഞിട്ടുമില്ല. കഴിഞ്ഞ ദിവസം ഇന്ത്യയ്ക്ക് ഓൾഡ് ട്രഫോൾഡ് ഗ്രൗണ്ടിൽ പരിശീലനം നടത്താൻ കഴിഞ്ഞതുമില്ല. വിരാട് കൊഹ്ലിയടക്കമുള്ള ഇന്ത്യൻ താരങ്ങൾ ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിശീലനം നടത്തിയത്. ഇന്നലെ കാലാവസ്ഥ അല്പം ഭേദമായിരുന്നു. വിൻഡീസ് ടീം നെറ്റ് പ്രാക്ടീസ് നടത്തുകയും ചെയ്തു. എന്നാൽ ഇംഗ്ളണ്ടിലെ കാലാവസ്ഥ വകുപ്പ് പറയുന്നത് മത്സരത്തിന് മഴ ഭീഷണിയാവില്ലെന്നാണ്. ആ പ്രതീക്ഷയിൽ 50 ഓവർ വീതമുള്ള മത്സരങ്ങൾ കളിക്കാമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇരുടീമുകളും.
വിജയത്തുടർച്ചയ്ക്ക് വിരാടും കൂട്ടരും
ഈ ലോകകപ്പിൽ ഇതുവരെ തോൽവിയറിയാത്ത ഇന്ത്യ ആ താളം തുടരാനാണ് ലക്ഷ്യമിടുന്നത്. ന്യൂസിലൻഡിനെതിരായ മത്സരം മഴയെടുത്തതൊഴിച്ചാൽ എല്ലാ മത്സരങ്ങളിലും
ഇന്ത്യയ്ക്ക് രണ്ട് പോയിന്റ് വീതം നേടാനായി. ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവർ ഇന്ത്യൻ കരുത്തിന് കീഴടങ്ങിക്കഴിഞ്ഞു. വിൻഡീസിനെതിരായ വിജയം ഇന്ത്യയുടെ സെമി ഫൈനൽ പ്രവേശനം ആധികാരികമാക്കുമെന്നതിനാൽ ആവേശം ഒട്ടും ചോരാതെയാകും. വിരാടും സംഘവും വേട്ടയ്ക്കിറങ്ങുക.
നാലാം നമ്പരിൽ എന്ത്?
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ വിജയം നേടിയെങ്കിലും ഇന്ത്യൻ ടീമിന്റെ പല ദൗർബല്യങ്ങളും തുറന്നു കാട്ടപ്പെട്ടിരുന്നു. അതിൽ പ്രധാനം മുൻനിര വീണാൻ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള മദ്ധ്യനിരയുടെ പ്രാപ്തിയില്ലായ്മയായിരുന്നു. ശിഖർ ധവാൻ പരിക്കേറ്റ് പുറത്തായപ്പോൾ കെ.എൽ. രാഹുൽ ഓപ്പണിംഗിലേക്ക് മാറിയത് മദ്ധ്യനിരയെ സാരമായി ബാധിച്ചുവെന്ന് വേണം പറയാൻ. ആദ്യ മത്സരങ്ങളിൽ നാലാം നമ്പർ പൊസിഷനിൽ കളിച്ച ഹാർഭിക് പാണ്ഡ്യയ്ക്ക് പകരം വിജയ് ശങ്കറെ പരീക്ഷിച്ചത് പ്രതീക്ഷിച്ച ഫലം നൽകിയില്ല. അതുകൊണ്ടുതന്നെ ഇന്ന് വിജയ് ശങ്കറിനെ മാറ്റി ഋഷഭ് പന്തിനെ പരീക്ഷിക്കാൻ ടീം മാനേജ്മെന്റ് തയ്യാറാകുമോ എന്ന് കണ്ടറിയണം.
ഇന്ത്യൻ ബാറ്റിംഗ് നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ഇവയാണ്.
1. ഓപ്പണർമാരും ഫസ്റ്റ് ഡൗൺ കൊഹ്ലിയും പരാജയപ്പെട്ടാൽ ഉത്തരവാദിത്വം ഏറ്റെടുത്ത് പൊരുതാൻ ആളില്ലാത്തത്.
2. മഹേന്ദ്രസിംഗ് ധോണി, കേദാർ യാദവ്, വിജയ് ശങ്കർ എന്നിവർ കഴിഞ്ഞ കളിയിലേതുപോലെ പന്തുകൾ പാഴാക്കുന്ന സാഹചര്യം.
3. ഹാർഡ് ഹിറ്ററായ ഹാർദിക് പാണ്ഡ്യയ്ക്ക് കളിക്കാൻ വേണ്ടത്ര പന്തുകളോ സ്ട്രൈക്കോ കിട്ടാതെ വരുന്നത്.
ഈ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ മാഞ്ചസ്റ്ററിൽ മികച്ച സ്കോർ നേടാൻ ഇന്ത്യയ്ക്ക് കഴിയാതെ വരും.
ബൗളിംഗ് സൂപ്പറാ...
ബാറ്റിംഗ് പ്രതീക്ഷ നിലവാരത്തിലേക്ക് ഉയർന്നില്ലെങ്കിലും അഫ്ഗാനെതിരെ വിജയം നൽകിയത് ബൗളർമാരാണ്. ടൂർണമെന്റിന്റെ തുടക്കം മുതൽ ജസ്പ്രീത് ബുംറ മികച്ച ഫോമിലാണ്. ഭുവനേശ്വറിന് പരിക്കേറ്റതിനാൽ ലഭിച്ച അവസരം ഷമി ഹാട്രിക് കൊണ്ട് അവിസ്മരണീയമാക്കി. കുൽദീപ് - ചഹൽ സ്പിൻ ദ്വയം കൂട്ടായ പ്രവർത്തനത്തിലൂടെ ടീമിനെ തുണയ്ക്കുന്നു. ബൗളറെന്ന നിലയിൽ വിജയ് ശങ്കറും ഹാർദിക് പാണ്ഡ്യയും മികവ് നിലനിറുത്തിയാൽ എതിരാളികൾക്ക് പ്രശ്നമാകും.
കരുത്തില്ലാതെ കരീബിയൻസ്
ആദ്യ മത്സരത്തിൽ പാകിസ്ഥാനെ 10 വിക്കറ്റിന് തോൽപ്പിച്ച് തുടങ്ങിയ വെസ്റ്റ് ഇൻഡീസിന് പിന്നീട് ഒറ്റ മത്സരം പോലും ജയിക്കാൻ കഴിഞ്ഞിട്ടില്ല.
ആസ്ട്രേലിയ, ഇംഗ്ളണ്ട്, ബംഗ്ളാദേശ്, ന്യൂസിലൻഡ് എന്നിവരോടെല്ലം അവർ കീഴടങ്ങി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരം മഴയെടുത്തു. സെമി കാണില്ലെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞ വിൻഡീസിന് ഇനിയുള്ള മത്സരങ്ങളിൽ വിജയം നേടി അഭിമാനം കാക്കണമെന്നുണ്ട്. പക്ഷേ സൂപ്പർ താരങ്ങളുടെ പരിക്കും ഫോമില്ലായ്മയുമാണ് അതിന് തടസം. പരിക്കേറ്റ ആന്ദ്രേസൽ ലോകകപ്പിൽ നിന്ന് പുറത്തായിക്കഴിഞ്ഞു. ഗെയ്ൽ, ഡാരൻ ബ്രാവോ എന്നിവർ ഇനിയും തങ്ങളുടെ നിലവാരത്തിലേക്ക് എത്തിയിട്ടുമില്ല. ഷായ് ഹോപ്പ്, ഹെട് മേയർ എന്നിവർക്ക് ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ കഴിയുന്നുമില്ല. കോട്ടെറെൽ, കെമർ റോഷ്, ഒഷാനെ തോമസ്, ഹോൾഡർ തുടങ്ങിയവരടങ്ങിയ ബൗളിംഗ് നിര അത്ര മോശമല്ല എന്നതാണ് ഏക ആശ്വാസം.
ടീമുകൾ ഇവരിൽ നിന്ന്
ഇന്ത്യ : വിരാട് കൊഹ്ലി, രോഹിത് ശർമ്മ, രാഹുൽ, വിജയ് ശങ്കർ, ഹാർദിക്, ധോണി, കേദാർ, കുൽദീപ്, ചഹൽ, ബുംറ, ഷമി, ഭുവനേശ്വർ, ജഡേജ, പന്ത്, കാർത്തിക്.
വിൻഡീസ് : ഹോൾഡർ (ക്യാപ്ടൻ), ഗെയ്ൽ, ഹോപ്പ്, ഹെട്മേയർ, ബ്രാത്ത് വെയ്റ്റ, കോട്ടെറെൽ, ഒഷാനേ തോമസ്, കെമർ റോഷ്, നഴ്സ്, നിക്കോളാസ്, ബംബ്രിസ്, ലെവിസ്, ഗബ്രിയേൽ, ഡാരൻ ബ്രാവോ, ഫാബിയൻ അല്ലെൻ.
ടി.വി. ലൈവ് : വൈകിട്ട് 3 മുതൽ സ്റ്റാർ സ്പോർട്സിൽ.
8
തവണയാണ് ഇന്ത്യയും വെസ്റ്റ് ഇൻഡീസും ലോകകപ്പിൽ ഏറ്റുമുട്ടിയത്.
5
മത്സരങ്ങളിൽ ഇന്ത്യൻ വിജയം
3
കളികളിൽ വിൻഡീസ് ജയം
# 1979 ലോകകപ്പിലെ പോരാട്ടത്തിൽ വിജയം വിൻഡീസിന്
# 1983ൽ ആദ്യ മത്സരത്തിലും ഫൈനലിലും ഇന്ത്യൻ വിജയം. ഒരു കളിയിൽ വിൻഡീസ് വിജയം
# 1992 ൽ വിജയം വിൻഡീസിന്
# 1996, 2011, 2015 ലോകകപ്പുകളിൽ വിജയം ഇന്ത്യയ്ക്ക്