ബർമിംഗ്ഹാം : ഇന്നലെ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 6 വിക്കറ്റിന്റെ വിജയം നേടി പാകിസ്ഥാൻ ലോകകപ്പിൽ സെമി പ്രതീക്ഷകൾ നിലനിറുത്തി. ന്യൂസിലൻഡിന്റെ ലോകകപ്പിലെ ആദ്യ തോൽവിയാണിത്.
ആദ്യം ബാറ്ര് ചെയ്ത ന്യൂസിലൻഡിന് 83 റൺസെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റ് നഷ്ടമായെങ്കിലും 50 ഓവർ പൂർത്തിയാക്കിയപ്പോൾ 237/6 എന്ന ഭേദപ്പെട്ട സ്കോറിലെത്തി. മറുപടിക്കിറങ്ങിയ പാകിസ്ഥാൻ 49.1 ഓവറിൽ 4വിക്കറ്ര് നഷ്ടത്തിൽ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു ( 241/4). ബാബർ അസമിന്റെ സെഞ്ച്വറിയുടെയും (പുറത്താകാതെ 127 പന്തിൽ 101) ഹാരിസ് സൊഹൈലിന്റെ (68) അർദ്ധ സെഞ്ച്വറിയുടെയും പിൻബലത്തിലാണ് പാകിസ്ഥാന്റെ വിജയം. ഇരുവരും ആറാം വിക്കറ്റിൽ 132 റൺസ് കൂട്ടിച്ചേർത്തു. അസം 11 ഫോറും സൊഹൈൽ 5 ഫോറും 2 സിക്സും നേടി.
നേരത്തേ ആറാം വിക്കറ്റിൽ ജെയിംസ് നീഷവും കോളിൻഡി ഗ്രാൻഡ് ഹോമും കൂട്ടിച്ചേർത്ത 132 റൺസാണ് കിവികളെ 237ൽ എത്തിച്ചത്. 112 പന്തുകൾ നേരിട്ട നീഷം അഞ്ച് ബൗണ്ടറികളും മൂന്ന് സിക്സുകളും പറത്തി. 71 പന്തുകൾ നേരിട്ട ഗ്രാൻഡ് ഹോം ആറ് ഫോറുകളും ഒരു സിക്സുമാണ് പറത്തിയത്. 27-ാം ഓവർ മുതൽ 48-ാം ഓവർ വരെ ഈ സഖ്യം ക്രീസിലുണ്ടായിരുന്നു.
കിവീസ് തകർച്ച ഇങ്ങനെ
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷഹീൻ ഷാ അഫ്രീദിയും ഓരോ വിക്കറ്റ് സ്വന്തമാക്കിയ മുഹമ്മദ് ആമിറും ഷദാബ് ഖാനും ചേർന്നാണ് കിവീസിനെ പ്രതിസന്ധിയിലാക്കിയത്. 10 ഓവറിൽ മൂന്നെണ്ണം മെയ്ഡനാക്കിയ ഷഹീൻ ഷാ 28 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.
ഇന്നിംഗ്സിലെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഗപ്ടിലിനെ (5) ക്ളീൻ ബൗൾഡാക്കി മുഹമ്മദ് ആമിറാണ് ആക്രമണം തുടങ്ങിയത്. ഏഴാം ഓവറിൽ ഷഹീൻ ഷാ മൺറോയെ (12) ഹാരിസ് സൊഹൈലിന്റെ കൈയിലെത്തിച്ചു. ഒൻപതാം ഓവറിൽ ടെയ്ലറെ (3)യും 13-ാം ഓവറിൽ ലതാമിനെയും (1) ഷഹീൻഷാ സർഫോസിന്റെ കൈയിലെത്തിച്ചു. ഇതോടെ കിവീസ് 46/4 എന്ന നിലയിലായി.
രക്ഷാ പ്രവർത്തനം
തുടർന്ന് നീഷവും കേൻ വില്യംസണും (41) ചേർന്ന് രക്ഷാ പ്രവർത്തനം തുടങ്ങി. ഇവർ 37 റൺസ് കൂട്ടിച്ചേർത്തു. 27-ാം ഓവറിൽ വില്യംസണിനെ ഷദാബ് ഖാൻ സർഫ്രാസിന്റെ കൈയിലെത്തിച്ചു. തുടർന്നാണ് നീഷവും ഗ്രാൻസ് ഹോമും ക്രീസിൽ ഒരുമിച്ചത്. ഇരുവരും അർദ്ധ സെഞ്ച്വറിയും നേടി മുന്നേറിയതോടെ കിവീസിനെ കുറഞ്ഞ സ്കോറിൽ ഒതുക്കാമെന്ന പാക് സ്വപ്നം പൊലിഞ്ഞു. ഒടുവിൽ 48-ാം ഓവറിൽ ഗ്രാൻഡ് ഹോം റൺ ഔട്ടാവുകയായിരുന്നു.
വിരമിക്കൽ പദ്ധതി നീട്ടി ഗെയ്ൽ
മാഞ്ചസ്റ്റർ : ഈ ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്ന വെസ്റ്റ് ഇൻഡീസ് സൂപ്പർ താരം ക്രിസ് ഗെയ്‌ൽ തീരുമാനം മാറ്റുന്നു. ലോകകപ്പിന് ശേഷം ആഗസ്റ്റ് - സെപ്തംബർ മാസങ്ങളിലായി കരീബിയൻ ദ്വീപുകളിൽ നടക്കുന്ന ടെസ്റ്റ്, ഏകദിന പരമ്പരകളിൽ കളിക്കുമെന്നാണ് ഇന്നലെ ഇന്ത്യയ്ക്കെതിരായ ലോകകപ്പ് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോൾ ഗെയ്‌ൽ പറഞ്ഞത്. അതേസമയം ഇന്ത്യയ്ക്കെതിരായ ട്വന്റി - 20കളിൽ കളിക്കില്ലെന്ന് ഗെയ്‌ൽ അറിയിച്ചിട്ടുണ്ട്.
ഗെയ്ൽ ഇന്ത്യയ്ക്കെതിരായ പരമ്പരയോടെ വിരമിക്കുമെന്ന് പിന്നീട് വെസ്റ്റ് ഇൻഡീസ് ടീം മീഡിയ മാനേജർ ഫിലിപ്പ് സ്പൂണർ അറിയിച്ചു.