documentary-filim-festiva

 പട്‌വർദ്ധന്റെ വിവേക് രണ്ടാമത്

തിരുവനന്തപുരം: പന്ത്രണ്ടാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി- ഹ്രസ്വചിത്ര മേളയിൽ ലോംഗ് ഡോക്യുമെന്ററി വിഭാഗത്തിലെ മികച്ച ചിത്രമായി മോട്ടിബാ​ഗും, ജനനീസ് ജൂലിയറ്റും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. രണ്ട് ഡോക്യുമെന്ററികളും ഓസ്കർ പുരസ്കാരത്തിൽ കഥേതര വിഭാഗത്തിലെ മത്സരത്തിന് അർഹത നേടി.

ആനന്ദ് പട്‌വർധന്റെ 'വിവേക്' ആണ് ദീർഘചിത്ര വിഭാഗത്തിൽ രണ്ടാം സ്ഥാനത്തെത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ഈ വിഭാഗത്തിൽ ആകെ 11 ചിത്രങ്ങൾ മത്സരത്തിനുണ്ടായിരുന്നു. കൈരളി തിയേറ്ററിൽ നടന്ന സമാപന ചടങ്ങ് സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അവാർഡുകൾ സ്‌പീക്കറും മന്ത്രി എ.കെ.ബാലനും ചേർന്ന് വിതരണം ചെയ്തു.

ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തിൽ മികച്ച എൻട്രിയായി പ്രതീക് ശേഖർ ഒരുക്കിയ ചായ് ഡർബാറിയും, രണ്ടാമത്തെ ചിത്രമായി റോബിൻ ജോയ് ഒരുക്കിയ ദ് സീ ലാഫ്സ് അറ്റ് ദ് മൗ‌ണ്ടനും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഛായാ​ഗ്രഹകനുള്ള നൗവ്റോസ് കോൺട്രാക്ടർ അവാർഡ് സൗരബ് കാന്തി ദത്തയ്ക്ക് ലഭിച്ചു.

മികച്ച ഹ്രസ്വ ചിത്രമായി അശോക് വേലുവിന്റെ ലുക്ക് അറ്റ് ദ സ്കെെയും, രണ്ടാമത്തെ ചിത്രമായി ഷാസിയ ഇക്ബാലിന്റെ ഡെെയിങ് വിൻഡ് ഇൻ ഹെർ ഹെയറും തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ കലാലയങ്ങളിൽ നിന്നുള്ള മികച്ച ഹ്രസ്വചിത്രം ​ഗായത്രി ശശിപ്രകാശ് ഒരുക്കിയ പ്രതിഛായയാണ്. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് മധുശ്രീ ദത്തയ്ക്ക് സമ്മാനിച്ചു. ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്സൻ ബീനാ പോൾ, ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുൺ, അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവർ പങ്കെടുത്തു.