1

നേമം: വിലപിടിപ്പുള്ള വളർത്തുപ്രാവുകളെ മോഷ്ടിക്കുന്ന യുവാവിനെ മോഷ്ടിച്ച ആട്ടോറിക്ഷയുമായി നേമം പൊലീസ് പിടികൂടി. വിളവൂർക്കൽ പെരുകാവ് കരിയറത്തല ഐശ്വര്യ ഭവനിൽ എസ്. ഷൈജു (28) ആണ് പിടിയിലായത്. പ്രാവുകളെ മോഷ്ടിച്ച് കടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ഷൈജു ആട്ടോയിൽ സഞ്ചരിക്കവേയാണ് വലയിലായത്. ഇത് മോഷ്ടിച്ച വാഹനമായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തമ്പാനൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് 5 ആട്ടോറിക്ഷകൾ മോഷ്ടിച്ച് കടത്തിയ പ്രതികൂടിയാണ് ഷൈജുവെന്നും തെളിഞ്ഞു. നേമം സി.ഐ ബൈജു, എസ്.ഐ ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിളവൂർക്കലിൽ നിന്നു പിടികൂടിയ പ്രതിയെ കൂടുതൽ അന്വേഷണത്തിന് തമ്പാനൂർ പൊലീസിന് കൈമാറി.