പാറശാല: വൃദ്ധയുടെ അഞ്ചരപ്പവന്റെ മാല പൊട്ടിച്ച് കടക്കാനുള്ള യുവാക്കളുടെ ശ്രമം നടന്നില്ല. കുളത്തൂർ ഗ്രാമ പഞ്ചായത്തിന് മുന്നിൽ പെട്ടിക്കട നടത്തുന്ന ഉച്ചക്കട പൊട്ടക്കുഴി വീട്ടിൽ ജെ. ഡാഫിനിയുടെ (64) മാലയാണ് ബൈക്കിലെത്തിയ യുവാക്കൾ പൊട്ടിച്ച് കടക്കാൻ ശ്രമിച്ചത്. ഇന്നലെ രാവിലെ 5.10ന് ആണ് സംഭവം. യുവാക്കൾ കടയ്ക്ക് മുന്നിലെത്തി രണ്ട് കുപ്പി മിനറൽ വാട്ടർ വാങ്ങിയ ശേഷം 100 രൂപ കൊടുത്തു. ബാക്കി തുക നൽകാനായി തിരിഞ്ഞതിനിടെ ഒരാൾ വൃദ്ധയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെങ്കിലും വൃദ്ധ മറ്റൊരു കുപ്പി എടുത്ത് യുവാവിനെ അടിച്ചു. ഇതോടെ മാല തറയിലേക്ക് തെറിച്ചു. അടിയേറ്റ യുവാവ് വൃദ്ധയെ തള്ളിയിട്ടു. തറയിൽ തെറിച്ച് വീണ വൃദ്ധ കാലുകൊണ്ട് മാല ചപ്പുചവറുകൾക്ക് ഇടയിലേക്ക് നീക്കുകയായിരുന്നു. ഇതിനിടെ വൃദ്ധയുടെ വിളികേട്ട് നാട്ടുകാരെത്തി. അപ്പോഴേക്കും ബൈക്കുമായി നിന്ന യുവാവ് രണ്ടാമനുമായി രക്ഷപ്പെടുകയായിരുന്നു. ഇതിന് ശേഷം ഇവർ മാല കണ്ടെത്തുകയായിരുന്നു. ബൈക്ക് പഞ്ചായത്തിന് സമീപത്തെ കലിങ്ക് റോഡിലൂടെ പൊഴിയൂർ ഭാഗത്തേക്ക് പോയെന്നാണ് നാട്ടുകാർ പറയുന്നത്. പൊഴിയൂർ പൊലീസ് കേസെടുത്തു.