തിരുവനന്തപുരം: തൃശൂർ ജില്ലാ കളക്ടറായി എസ്. ഷാനവാസിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കളക്ടറായിരുന്ന ടി.വി. അനുപമ അവധിയിൽ പോയതിനെ തുടർന്നാണിത്. നിലവിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാറാണ് ഷാനവാസ്.
രണ്ടാഴ്ച മുമ്പത്തെ മന്ത്രിസഭാ യോഗത്തിൽ ഷാനവാസിനെ കൊല്ലം കളക്ടറായി നിയമിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ചീഫ് സെക്രട്ടറി ഇടപെട്ട് കൊല്ലത്ത് അബ്ദുൾ നാസറിനെ നിയമിച്ചു. കൊല്ലം കളക്ടർ എസ്. കാർത്തികേയൻ അടുത്ത മാസം ആദ്യം അവധിയിൽ പോകുന്നോടെ അബ്ദുൾ നാസർ ചുമതലയേൽക്കും. ഷാനവാസിന് പകരം കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാറായി ഡോ. പി.കെ. ജയശ്രീയെ നിയമിച്ചു. കൊല്ലം സബ് കലക്ടർ എ. അലക്സാണ്ടർ രജിസ്ട്രേഷൻ ഐ.ജിയാകും.
ലാൻഡ് റവന്യു കമ്മിഷണർ സി.എ. ലതയ്ക്ക് ലാൻഡ് ബോർഡ് സെക്രട്ടറിയുടെ അധിക ചുമതല നൽകി. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവന് കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടറുടെ ചുമതല കൂടിനൽകി. റവന്യു (ദേവസ്വം) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല പട്ടികജാതി-വർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിഹ്നയ്ക്ക് നൽകി.
കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ ഡോ. ഷർമിള മേരി ജോസഫിനെ ആയുഷ് വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടറുടെ ചുമതലയും അവർ വഹിക്കും.ഭക്ഷ്യപൊതുവിതരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിക്ക് സിവിൽ സപ്ലൈസ് കമ്മിഷണറുടെ ചുമതലയും നൽകും.
പട്ടികജാതി വികസന വകുപ്പ് ഡയറട്കർ അലി അസ്ഗർ പാഷയെ പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് സ്പെഷൽ സെക്രട്ടറിയാക്കി. പിന്നാക്ക വിഭാഗ വികസന വകുപ്പ് സ്പെഷൽ സെക്രട്ടറിയുടെയും പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെയും ചുമതലകളും അദ്ദേഹം വഹിക്കും.
ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് യു.വി. ജോസിന് വിവര പൊതുജനസമ്പർക്ക വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നൽകി. കേരള ജല അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. എ. കൗശിഗന് ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല നൽകി. എൻവയൺമെന്റ് ആൻഡ് ക്ലൈമറ്റ് ചെയ്ഞ്ച് ഡയറക്ടർ വീണാ മാധവന് അസാപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല നൽകാനും തീരുമാനിച്ചു.