jail

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നു ചാടിയ രണ്ട് തടവുകാർ തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസ് നിഗമനം. ജയിൽ ചാടാനുള്ള പദ്ധതി ഇവർ നേരത്തെ ആസൂത്രണം ചെയ്‌തിരുന്നതായും ഇവർക്ക് തടവുകാരിൽ ഒരാളുടെയും പുറത്തുള്ള ഒരു യുവാവിന്റെയും സഹായം കിട്ടിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. മോഷണക്കേസ് പ്രതികളായ വർക്കല തച്ചോട് അച്യുതൻമുക്ക് സജി വിലാസത്തിൽ സന്ധ്യ, പാങ്ങോട് കല്ലറ കഞ്ഞിനട തേക്കുംകര പുത്തൻവീട്ടിൽ ശില്പ എന്നിവരാണ് കഴിഞ്ഞദിവസം ജയിൽചാടിയത്. ശില്പ സുഹൃത്തായ യുവാവിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി സൂചന ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന തടവുകാരിയാണ് ഇവരെ സഹായിച്ചതെന്ന് വ്യക്തമായി. തടവുകാരി പുറത്തേക്ക് ഫോൺ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ജുഡിഷ്യൽ കസ്റ്റഡിയിലായതിനാൽ ഇവരെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല. ഇവരെ ചോദ്യം ചെയ്യുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിക്കും. 20 ഫോൺകാൾ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇവർ ചെല്ലാനിടയുള്ള സ്ഥലങ്ങളിലും ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ വീടുകളിലും പൊലീസ് പരിശോധന ശക്തമാക്കി. ഇവർ ട്രെയിൻ മാർഗം സംസ്ഥാനം വിട്ടതായാണ് നിഗമനം. ഇതിന്റെ പശ്ചാത്തലത്തിൽ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ നിരീക്ഷണം ശക്തമാക്കി. ഇവരുടെ ഫോട്ടോ പതിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജയിൽവകുപ്പ് സൗത്ത് സോൺ ഡി.ഐ.ജി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ജൂലായ് ഒന്നിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ജയിൽമേധാവി ഡി.ജി.പി ഋഷിരാജ് സിംഗിന്റെ നിർദേശം.

രക്ഷപ്പെട്ടത് ഇങ്ങനെ

പ്രതികൾ ജയിലിന്റെ മുൻവശത്തുകൂടി രക്ഷപ്പെട്ടെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ജയിലിന് മുന്നിലുള്ള സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. തുടർന്നുള്ള അന്വേഷണത്തിൽ ഇവർ ജയിലിന്റെ പിൻവശത്തുള്ള മുരിങ്ങയിൽ കയറി മതിൽ ചാടിയാണ് രക്ഷപ്പെട്ടതെന്ന് കണ്ടെത്തി. ഇവർ ഓടിപ്പോകുന്നതിന്റെ സിസി ടിവി ദൃശ്യം മണക്കാട് നിന്ന് കഴിഞ്ഞ ദിവസം വൈകിട്ട് പൊലീസിന് ലഭിച്ചു. കുര്യാത്തിയിൽ നിന്നു ആട്ടോയിൽ കയറിയതായും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ ആട്ടോ ഡ്രൈവറെയും പൊലീസ് ചോദ്യം ചെയ്‌തു. ഇവരെ മെഡിക്കൽ കോളേജിന് സമീപം ഇറക്കിവിട്ടെന്നാണ് ഡ്രൈവർ മൊഴി നൽകിയത്. ഇയാൾക്ക് പണം നൽകാതെ ഇവർ രക്ഷപ്പെടുകയായിരുന്നു.