murder

ചെങ്ങന്നൂർ: തമിഴ്‌നാട് ശിവകാശി കണ്ണാങ്കി കോളനി വിതുർ നഗറിൽ ഡോർ നമ്പർ 55ൽ മൈക്കൾ രാജിനെ (പുളി-21) കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലായിരുന്ന സഹോദരി കസ്തൂരിയെ റിമാൻഡ് ചെയ്തു. ഇവരുടെ ഭർത്താവും ഒന്നാം പ്രതിയുമായ വെള്ളമുത്തു (മാസഗണി)​ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

24ന് പുലർച്ചെ മൈക്കൾരാജിനെ മരിച്ചനിലയിൽ കസ്തൂരിയാണ് ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. സംശയം തോന്നിയ ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരളഴിഞ്ഞത്.

ആക്രി സാധനങ്ങൾ ശേഖരിച്ച് വില്പന നടത്തുകയായിരുന്ന തങ്ങൾ കടത്തിണ്ണയിലും റെയിൽവേ സ്റ്റേഷനിലുമായാണ് ഉറങ്ങിയിരുന്നതെന്നും ഉറക്കത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച മൈക്കിൾ രാജിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നെന്നുമാണ് ഇവർ ആദ്യം പറഞ്ഞത്. ആശുപത്രിയിലെത്തിക്കുമ്പോൾ മൈക്കിൾ രാജിന്റെ ഇടതുകാലിന്റെ മൂന്ന് വിരൽ നഷ്ടപ്പെട്ട നിലയിലായിരുന്നു. വലതുകാൽ ഉരഞ്ഞ് മുറിഞ്ഞിട്ടുണ്ടായിരുന്നു. മൃതദേഹത്തിലുണ്ടായിരുന്ന ഈ അസ്വാഭാവിക മുറിവുകളാണ് ആശുപത്രി അധികൃതരിൽ സംശയത്തിനിടയാക്കിയത്. തുടർന്ന് പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് താനും ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് ഇവർ സമ്മതിച്ചത്.

പാണ്ടനാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവർ ഏതാനും ദിവസം മുമ്പ് ഓച്ചിറ ക്ലാപ്പനയിലെ വാടകവീട്ടിലേക്ക് മാറിയിരുന്നു. അവിടെവച്ചാണ് കൊലപ്പെടുത്തിയത്. മൃതദേഹം ബൈക്കിൽ ഇരുത്തി വെള്ളമുത്തുവും കസ്തൂരിയും എട്ടു വയസുള്ള മകളും ചേർന്ന് ചെങ്ങന്നൂർ പൂപ്പള്ളി ജംഗ്ഷനിൽ പുലർച്ചെ 3.15ന് എത്തിച്ചു. മൃതദേഹം ഇവിടെ ഇറക്കിയശേഷം വെള്ളമുത്തു കടന്നു. ബൈക്കിൽ കൊണ്ടുപോകുമ്പോൾ കാൽ നിലത്തുരഞ്ഞാണ് മൃതദേഹത്തിന്റെ വിരലുകൾ അറ്റുപോയത്. പൊലീസും ഫോറൻസിക് വിദഗ്ദ്ധരും ഓച്ചിറയിലെ ക്ലാപ്പനയിൽ എത്തി തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയത് ക്ലാപ്പനയിൽ വച്ചായതിനാൽ തുടരന്വേഷണത്തിനായി കേസ് ഫയലുകൾ ഓച്ചിറ പൊലീസിന് കൈമാറിയതായി ചെങ്ങന്നൂർ സി.ഐ എം.സുധിലാൽ, എസ്.ഐ എസ്.വി.ബിജു പറഞ്ഞു. എന്നാൽ ഇന്ന് രാവിലെ വരെ ഫയലുകൾ കിട്ടിയിട്ടില്ലെന്നാണ് ഓച്ചിറ സി.ഐ പ്രകാശ് അറിയിച്ചു.