മഞ്ഞുരുകുമ്പോൾ 12,000 വർഷം മുമ്പ് ജീവിച്ചിരുന്ന നൂറുകണക്കിന് മനുഷ്യരുടെ അസ്ഥികൾ തെളിഞ്ഞു വരുന്ന ഒരു തടാകം ! അതാണ് ഉത്തരാഖണ്ഡിലെ ചമോലിയിൽ സ്‌ഥിതി ചെയ്യുന്ന രൂപ്കുണ്ഡ് തടാകം. 'നിഗൂഢ തടാകം' എന്നും ' അസ്ഥികൂടങ്ങളുടെ തടാകം ' എന്നും അറിയപ്പെടുന്ന രൂപ്കുണ്ഡ് തടാകത്തിന്റെ സമീപ പ്രദേശങ്ങളിൽ ജനവാസമില്ല. ഹിമാലയത്തിന്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഇവിടം സമുദ്ര നിരപ്പിൽ നിന്നും 5029 മീറ്റർ ഉയരത്തിലാണുള്ളത്. തടാകത്തിലെ മഞ്ഞ് ഉരുകാൻ തുടങ്ങുമ്പോഴാണ് നിഗൂഢമായ ഈ മനുഷ്യ അസ്ഥികൾ പ്രത്യക്ഷപ്പെടുന്നത്.
അസ്ഥികൾ കൂടാതെ തടി കൊണ്ട് നിർമിതമായ ചില ഉപകരണങ്ങളും ചെരുപ്പുകളും മറ്റും തെളിഞ്ഞു വരും.
1942ൽ നന്ദാദേവി വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായിരുന്ന ഹരി കിഷൻ മഡ്‌വാളാണ് തടാകത്തിൽ അഞ്ഞൂറിലധികം മനുഷ്യാസ്ഥികൂടങ്ങളെ കണ്ടെത്തിയത്. അജ്ഞാതരായ ഈ അസ്ഥികൂടങ്ങളെപ്പറ്റി നിരവധി കഥകളാണ് പ്രചരിക്കുന്നത്. 1841ൽ ഒരു യുദ്ധത്തിന് ശേഷം മടങ്ങുകയായിരുന്ന ജപ്പാനീസ് പട്ടാളക്കാർ വഴിതെറ്റി തടാകക്കരയിൽ എത്തിയെന്നും ഇവിടെ വച്ച് കൊല്ലപ്പെട്ടുവെന്നുമാണ് പ്രചരിക്കുന്ന ഒരു കഥ. ഹിമാലയ തീർത്ഥാടനത്തിന് പോയ കനൗജിലെ രാജാവായ ജസ്ദാവലിനെയും ഭാര്യയെയും സംഘത്തെയും തന്റെ പരിസരങ്ങൾ അശുദ്ധമാക്കിയതിൽ കോപിച്ച് നന്ദാദേവി പർവതം ആലിപ്പഴം വർഷിച്ച് കൊന്നൊടുക്കിയത് ഈ തടാകത്തിലാണെന്നാണ് മറ്റൊരു കഥ.
ഇങ്ങനെയാവാം ഇവിടെ അസ്ഥികൾ വന്നതെന്നാണ് പ്രചരിക്കുന്നത്. എന്നാൽ ഈ വാദങ്ങൾക്ക് ശാസ്ത്രീയമായ തെളിവുകളില്ല. 2004ൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ ഈ അസ്ഥികൂടങ്ങൾ സി.ഇ 850 നും 880നും ഇടയിൽ ജീവിച്ചിരുന്ന മനുഷ്യരുടേതാകാമെന്ന് കണ്ടെത്തിയിരുന്നു. പല നാട്ടുകാരുടെയും അസ്ഥികൂടങ്ങൾ ഇവയിൽപ്പെടുന്നുണ്ടെന്നാണ് ഡി.എൻ.എ ടെസ്റ്റിലൂടെ കണ്ടെത്തിയത്. കണ്ടെടുത്ത എല്ലാ തലയോട്ടികളിലും ക്ഷതമേറ്റിട്ടുണ്ട്. മഞ്ഞു കട്ടകൾ തലയിൽ വീണാകാം ഇത്തരം ക്ഷതങ്ങൾ സംഭവിച്ചതെന്ന് കരുതപ്പെടുന്നു. ആരുടെയാണ് ഈ അസ്ഥികൾ ? എന്താണ് അവർക്ക് സംഭവിച്ചത് ? ഇന്നും ഉത്തരമില്ല. ഹിമാലയത്തിന്റെ ശാന്തതയിൽ നിഗൂഢതകളുടെ അവശേഷിപ്പായി തുടരുകയാണ് രൂപ്കുണ്ഡ് തടാകം.