നെയ്യാറ്റിൻകര: നാടിന്റെ നട്ടെല്ലായി മാറേണ്ട ചെറുകിട വ്യവസായ സംരംഭങ്ങൾ പലതും തകർച്ചയുടെ വക്കിലായി. സ്വന്തം സമ്പാദ്യവും കൂടിയ പലിശക്ക് ലോണെടുത്ത തുകയുമൊക്കെ ചേർത്ത് ആയുഷ്‌കാല സ്വപ്നസാക്ഷാത്കാരമായി ആരംഭിച്ച ചെറുകിട വ്യവസായ യൂണിറ്റുകളാണ് പാതിവഴിയിൽ നിലച്ചത്. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ നെയ്യാറ്റിൻകര താലൂക്കിൽ മാത്രം ഇത്തരത്തിൽ പൂട്ടിപ്പോയ ചെറുകിട വ്യവസായ സംരംഭങ്ങൾ ഏതാണ്ട് രണ്ടായിരത്തോളം വരും. ചില സ്ഥാപനങ്ങൾ ജപ്തിഭീഷണിയിലും ചിലത് പൂർണമായും പൂട്ടിപ്പോയതുമുണ്ട്. പ്രതിസന്ധി കാലത്ത് അധികൃതർ കൈവിട്ടതും നാടൻ ഉത്പന്നങ്ങൾക്ക് വൻകിട ഉത്പന്നങ്ങളോട് കിടപിടിക്കാൻ കഴിയാതെ പിന്മാറിയതും സംരംഭകരുടെ മിസ്‌മാനേജ്മെന്റും കുറഞ്ഞ കൂലിക്ക് പീസ് വർക്കർമാരെ ലഭിക്കാതെ വന്നതുമൊക്കെ വീഴ്ചയുടെ ആഘാതം കൂട്ടുന്നു.
സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായാണ് മിക്കവരും സ്വയം തൊഴിൽ സംരംഭത്തിലേക്ക് തിരിഞ്ഞത്. ജില്ലാ വ്യവസായ വകുപ്പും ഖാദി വ്യവസായ ബോർഡും ചേർന്ന് ഇവർക്ക് വേണ്ടുന്ന എല്ലാ പ്രോത്സാഹനവും നൽകി. ജാമ്യമോ ഈടോയില്ലാതെ 75 ലക്ഷം രൂപ വരെ വായ്പയും ദേശസാത്കൃത ബാങ്കിൽ നിന്നും അനുവദിച്ചു. ചെറിയ ഫോട്ടോസ്റ്റാറ്റ് മെഷീൻ, മെഴുകുതിരി നിർമ്മാണ യൂണിറ്റ്, തീപ്പെട്ടി നിർമ്മാണ യൂണിറ്റ്, മെത്തയും കുഷ്യനുമൊക്കെ നിർമ്മിക്കാനുള്ള ഫൈബർ നിർമ്മാണ യൂണിറ്റ്, ബ്രോയിലർ കോഴി ഫാം, ഡെയറി ഫാം, വാഷിംഗ് സോപ്പ് നിർമ്മാണം, കാടക്കോഴി വളർത്തൽ, വാനില വളർത്തൽ എന്നു തുടങ്ങി വൈവിദ്ധ്യമാർന്ന ചെറുകിട വ്യവസായ ശൃംഖലയായിരുന്നു നെയ്യാറ്റിൻകര താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ചത്. ജില്ലാ വ്യവസായ വകുപ്പാകട്ടെ ഗുണഭോക്താക്കൾക്കായി പ്രത്യേക വൈദഗ്ദ്ധ്യ ക്ലാസുകളും സംഘടിപ്പിച്ച ശേഷമാണ് വ്യവസായം തുടങ്ങാൻ പ്രാപ്തരാക്കിയത്. എന്നാൽ ഇപ്പോൾ ബ്രോയിലർ കോഴി ഫാമുകളല്ലാതെ മറ്റെല്ലാ വ്യവസായ സ്ഥാനപങ്ങളും പൂട്ടിക്കഴിഞ്ഞു.
ചെറുകിട വ്യവസായ സംരംഭമായി ആരംഭിച്ച ബ്രോയിലർ കോഴി വളർത്തൽ, തീപ്പെട്ടി നിർമ്മാണം, പേപ്പർ ബാഗു നിർമ്മാണം എന്നിവ പോലും ഇപ്പോൾ നഷ്ടത്തിലാണത്രേ. 75 ലക്ഷം രൂപയ്ക്കു മുകളിൽ വാർഷിക വിറ്റുവരവുള്ള ചെറുകിട വ്യവസായങ്ങൾക്കു ജി.എസ്.ടി ഏർപ്പെടുത്തിയതോടെ കച്ചവടം പൂട്ടുമെന്ന സ്ഥിതിയായി. ഇവർക്ക് മത്സരിക്കേണ്ടി വരുന്നത് വമ്പൻ കമ്പനികളോടാണ്. രണ്ടു വ്യവസായികളും ഒരേ നികുതിയാണ് അടയ്‌ക്കേണ്ടത്.
കേരള എം.സ്.എം.ഇ. ജിയോ പോർട്ടൽവ്യവസായ സംരംഭങ്ങളുടെ വിവര ശേഖരണത്തിനും ഇവർ നേരിടുന്ന പ്രതിബന്ധങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും ലക്ഷ്യമിട്ട് വ്യവസായ വാണിജ്യ വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും അടിസ്ഥാന വിവര സാങ്കേതിക വിദ്യ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് നടപ്പിലാക്കിയ പദ്ധതിയാണ് കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്വർക്ക് (കെസ്‌വാൻ) ഏകീകരണ പദ്ധതി. പദ്ധതി നടപ്പാക്കുന്നതിലൂടെ ഫയൽ കൈകാര്യം ചെയ്യുന്ന ജില്ലാ ഓഫീസിലെ ഓരോ ഉദ്യോഗസ്ഥനും കെ.എസ്.എൻ.എൻ സംവിധാനം, ടെലിഫോൺ കണക്ടിവിറ്റി, യു.പി.എസ് പവർ ബാക്കപ്പ് എന്നീ സൗകര്യങ്ങൾ ഉണ്ടായിരിക്കും.