അടിയന്തരാവസ്ഥയുടെ ഓർമ്മദിനത്തിൽ ഒരു റിമാൻഡ് പ്രതിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ മറുപടി പറയേണ്ടിവന്ന മുഖ്യമന്ത്രിയുടെ ദൗർഭാഗ്യം വാക്കുകൾക്കതീതം തന്നെയാണ്. അടിയന്തരാവസ്ഥയുടെ നാളുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഇടതുപക്ഷ നേതാക്കളിൽ പലരും ജയിൽവാസത്തിലായിരുന്നതിനാൽ പൊലീസിന്റെ പീഡനമുറകളെക്കുറിച്ച് പ്രത്യേകം പറയേണ്ടതുമില്ല. സാമ്പത്തികതട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട രാജ്കുമാർ എന്ന നാല്പത്തൊമ്പതുകാരന്റെ കസ്റ്റഡി മരണം ചെറിയൊരു ഇടവേളയ്ക്കുശേഷം പൊലീസിന്റെ മൂന്നാംമുറകളെക്കുറിച്ച് ഭയാനകമായ ഒരദ്ധ്യായം കൂടി സമൂഹ മനസാക്ഷിക്കു മുമ്പിൽ തുറന്നിട്ടിരിക്കുകയാണ്. ഇടുക്കിയിലെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ അതിക്രൂരമായ മർദ്ദനത്തിനും പീഡനമുറകൾക്കും വിധേയനായ രാജ്കുമാർ അകാലമൃത്യുവിന് ഇരയാവുകയായിരുന്നു. 'സത്യം പറയിപ്പിക്കാൻ" മൃഗസ്വഭാവമുള്ള പൊലീസുകാർ സ്ഥിരം ആശ്രയിക്കാറുള്ള ഉരുട്ടൽ പ്രക്രിയയ്ക്കും രാജ്കുമാർ വിധേയനായതായി സൂചനകളുണ്ട്. ശരീരമാസകലം കാണപ്പെട്ട മർദ്ദനത്തിന്റെ പാടുകളും കാലുകളിൽ ഉരുട്ടലിന്റെ ഫലമായുണ്ടായ ചതവും മറ്റും പോസ്റ്റ്മോർട്ടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്കുമാറിന്റെ മരണത്തിൽ സംശയകരമായ സാഹചര്യമുണ്ടെന്നും ഉന്നത പൊലീസ് ഓഫീസറുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ അന്വേഷണത്തിനു നിയോഗിച്ചിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രി ബുധനാഴ്ച നിയമസഭയിൽ പറഞ്ഞത്. പൊലീസ് സ്റ്റേഷനുകളിൽ മൂന്നാംമുറ പാടില്ലെന്നും അതിക്രമങ്ങൾക്ക് തുനിയുന്ന പൊലീസുകാരെ കർക്കശമായിത്തന്നെ നേരിടുമെന്നും ഇതുപോലുള്ള സംഭവങ്ങളുണ്ടാകുമ്പോൾ ആഭ്യന്തര മന്ത്രിമാർ പറയാറുള്ളതാണ്. എന്നാൽ സമനില തെറ്റുന്ന പൊലീസുകാർ, ഭരണാധികാരികളുടെ ഇത്തരം ഉറപ്പുകൾക്ക് യാതൊരു വിലയും നൽകാറില്ലെന്നു കൂടക്കൂടെ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. കൃത്യമായ ഇടവേളകളിൽ എവിടെയെങ്കിലും ഇതുപോലുള്ള കസ്റ്റഡി മരണങ്ങൾ നടക്കാറുണ്ട്. അതുമായി ബന്ധപ്പെട്ട് ചില നടപടികളും ഉണ്ടാകാറുണ്ട്. എന്നാൽ മാസങ്ങൾ കഴിയുമ്പോൾ ലോക്കപ്പ് മരണത്തിനുത്തരവാദികളായവരിൽ പലരും ഡ്യൂട്ടിക്കു തിരികെ എത്തുന്നതാണ് പതിവ്. നന്നേ ചുരുക്കം പേർ കേസിൽ കുടുങ്ങിയാൽത്തന്നെ അവരുടെ രക്ഷയ്ക്ക് സേന ഒന്നാകെ രംഗത്തുണ്ടാവുകയും ചെയ്യും.
കസ്റ്റഡി മരണ സംഭവങ്ങളിൽ പലതുമെന്നതുപോലെ രാജ്കുമാറിന്റെ കാര്യത്തിലും പൊലീസ് സമർത്ഥമായാണ് കരുക്കൾ നീക്കിയത്. ജൂൺ 12-ന് കസ്റ്റഡിയിലെടുത്ത അയാളെ കോടതിയിൽ ഹാജരാക്കുന്നത് 17-നാണ്. തൊട്ടുതലേന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് വ്യാജരേഖയും ചമച്ചു. ഇതുപോലുള്ള കേസുകളിൽ പൊലീസ് സ്ഥിരമായി സ്വീകരിക്കാറുള്ള അടവുകളാണിതൊക്കെ. മർദ്ദനമേറ്റ് അവശനായി പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രാജ്കുമാർ 21-ന് അന്ത്യശ്വാസം വലിച്ചു. അതികഠിനമായ മർദ്ദനത്തിലേറ്റ ക്ഷതങ്ങളാണ് മരണ കാരണമായിട്ടുള്ളതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ശരീരത്തിലുണ്ടായ പരിക്കുകൾ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി മതിൽചാടി ഓടുന്നതിനിടെ ഉണ്ടായതാണെന്നു പറയണമെന്ന് പ്രതിജ്ഞയെടുപ്പിച്ച ശേഷമാണത്രെ രാജ്കുമാറിനെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോയത്. ഇങ്ങനെ പറഞ്ഞാൽ കേസിൽ നിന്നു രക്ഷപ്പെടുത്താമെന്നായിരുന്നു വാഗ്ദാനം. കൂടുതൽ മർദ്ദനം ഭയന്ന് പൊലീസിന്റെ ഇതുപോലുള്ള കപട വാഗ്ദാനങ്ങളിൽ കുടുങ്ങാത്ത പ്രതികൾ കുറവാകും. തങ്ങൾക്ക് ഭാവിയിൽ അലോഹ്യമൊന്നും വരാതിരിക്കാനുള്ള പൊലീസുകാരുടെ ഇത്തരം സൂത്രവിദ്യകൾ രഹസ്യമൊന്നുമല്ല. രാജ്കുമാറിനെ ജൂൺ 12-നു കസ്റ്റഡിയിലെടുത്ത വിവരം ജില്ലാ പൊലീസ് മേധാവിയും അറിഞ്ഞിരുന്നുവെന്നാണ് കേൾക്കുന്നത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാകുമ്പോൾ മറച്ചുവയ്ക്കപ്പെട്ട പല വിവരങ്ങളും പുറത്തുവരാതിരിക്കില്ല. സംഭവത്തിൽ മൂന്നാംമുറയിൽ നേരിട്ടു പങ്കുള്ള പൊലീസുകാർ ഉൾപ്പെടെ മൊത്തം എട്ടുപേർ സസ്പെൻഷനിലാണിപ്പോൾ. നാലുപേരെ സ്ഥലം മാറ്റിയിട്ടുമുണ്ട്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. റേഞ്ച് ഐജി മേൽനോട്ടം വഹിക്കും.
തട്ടിപ്പും തിരിമറിയുമായി ബന്ധപ്പെട്ട കേസിലാണ് രാജ്കുമാർ പൊലീസ് പിടിയിലാകുന്നത്. കേസിന്റെ സ്വഭാവമെന്തായാലും ഒരാളെ ഭേദ്യം ചെയ്തു കൊല്ലാൻ പൊലീസിന് അധികാരമൊന്നുമില്ല. കേസ് തെളിയിക്കാൻ മൂന്നാംമുറകൾ പ്രയോഗിക്കുന്നതിനെതിരെ അനവധി കോടതി വിധികളുണ്ട്. സർക്കാരുകളും അപ്പപ്പോൾ ഇക്കാര്യം പൊലീസിനെ ഓർമ്മിപ്പിക്കാറുണ്ട്. എന്നിട്ടും പൊലീസ് സ്റ്റേഷനുകളിൽ ഇതുപോലുള്ള നീചമായ മർദ്ദനമുറകൾ അരങ്ങേറുന്നത് പൊലീസിന് നിയമത്തെ ഭയമില്ലാത്തതുകൊണ്ടാണ്. ഭരണാധികാരികൾ പൊലീസിനെ പാർട്ടി താത്പര്യങ്ങൾക്കായി വിഭാഗീയവത്കരിക്കുന്നതു കൊണ്ടാണ്. സർവീസ് സംഘടനകളിലെന്നപോലെ പൊലീസിലും ഭരണപക്ഷമെന്നും പ്രതിപക്ഷമെന്നുമുള്ള ചേരിതിരിവ് ശക്തമായിക്കൊണ്ടിരിക്കുകയാണ്. അത്യധികം ആപത്കരമായ ഈ പ്രവണതയാണ് പൊലീസിലെ പല അരുതാത്തതുകൾക്കും വളമാകുന്നത്. വരാപ്പുഴ ചവിട്ടിക്കൊലക്കേസിൽ ഉൾപ്പെട്ടിട്ടും ഒരു പോറൽ പോലും ഏല്ക്കാതെ രക്ഷപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ സർവീസിലുണ്ട്. മനുഷ്യാവകാശങ്ങളും ഭരണഘടന പൗരന് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുമൊക്കെ ഇന്നും പൊലീസിനു പുറത്തുതന്നെയാണ്. പരിഷ്കൃത പൊലീസ് എന്ന ആശയത്തിലേക്ക് എത്താൻ ഇനി എത്ര തലമുറയുടെ കാത്തിരിപ്പു വേണ്ടിവരുമെന്നറിയില്ല. ഏതായാലും പൊലീസ് പിടിച്ചുകൊണ്ടുപോകുന്ന ആൾ പിന്നീട് ജഡമായി തിരിച്ചെത്തുന്ന ഏർപ്പാട് വച്ചുപൊറുപ്പിക്കാനാവില്ല. കുറ്റവാളികളായ പൊലീസുകാരുടെ ശിക്ഷ ഉറപ്പാക്കുന്നതിലൂടെ വേണം സർക്കാർ ഇക്കാര്യത്തിലുള്ള പ്രതിബദ്ധത തെളിയിക്കാൻ.