മലയിൻകീഴ്: വഴി നടക്കാനാകാത്ത വിധം തെരുവ് നായ്ക്കളുടെ ശല്യം ഗ്രാമപ്രദേശങ്ങളിൽ വർദ്ധിക്കുന്നു. കൂട്ടമായെത്തുന്ന നായ്ക്കളുടെ കടിയേൽക്കുന്നവർ നിരവധിയാണ്. കഴിഞ്ഞ ദിവസം സ്കൂളിൽ പോകുന്നതിനിടെ പെൺകുട്ടിയെ അലകുന്നം-പേയാട് റോഡിൽ തെരുവ് നായ കടിച്ച് പരിക്കേൽപ്പിച്ചതാണ് ഒടുവിലത്തെ സംഭവം.

മലയിൻകീഴ്, വിളപ്പിൽ, വിളവൂർക്കൽ, മാറനല്ലൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ നായ്ക്കൾ പെറ്റ് പെരുകി പ്രദേശങ്ങൾ കൈയടക്കിയിരിക്കുകയാണ്. മലയിൻകീഴ് ക്ഷേത്ര റോഡ്, പോസ്റ്റോഫീസ് ജംഗ്ഷൻ, പൊതുമാർക്കറ്റ്, മലയിൻകീഴ് ക്ഷേത്ര ജംഗ്ഷൻ എന്നിവിടങ്ങൾ തെരുവ് നായ്ക്കളുടെ വിളയാട്ട കേന്ദ്രമായിട്ടുണ്ട്. മലയിൻകീഴ് ക്ഷേത്രത്തിൽ നിർമാല്യ ദർശനത്തിനുപോയ നിരവധി പേർക്ക് കടിയേറ്റു. സ്കൂൾ വിടുന്ന സമയങ്ങളിൽ റോഡിലൂടെ പരക്കം പായുന്ന തെരുവ് നായ്ക്കളുടെ കടിയേൽക്കാതെ കുട്ടികൾ കഷ്ടിച്ചാണ് രക്ഷപെടുന്നത്. എന്നാൽ ചില കുട്ടികൾക്ക് അക്രമം ഏറ്റിട്ടുമുണ്ട്.

പ്രദേശത്ത് വലിച്ചെറിയുന്ന ഭക്ഷണ അവശിഷ്ടങ്ങളും മാലന്യവും കാത്ത് നായ്ക്കളുടെ വൻ കൂട്ടം തന്നെ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. വലിച്ചെറിയുന്ന ഭക്ഷണ അവശിഷ്ടങ്ങളുമായി പരക്കം പായുമ്പോൾ റോടിലൂടെ വരുന്ന ഇരുചക്രവാഹന യാത്രക്കാരെ ഇവർ കാണാറില്ല. നായ്ക്കൾ കുറുകേ ചാടി നിരവധി പേരാണ് അപകടത്തിൽ പെടുന്നത്.

പേയാട്, പള്ളിമുക്ക്, മാർക്കറ്റ് ജംഗ്ഷൻ, പേയാട്-വിളപ്പിൽശാല റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ തെരുവ് നായ്ക്കൾ

ഭീതിപരത്താൻ തുടങ്ങിയിട്ട് നാളേറെയായി. പള്ളിമുക്കിൽ ബസ് കാത്ത് നിന്നവരുടെ ഇടയിലേക്ക് തെരുവുനായ എത്തി നിരവധി പേരെ കടിച്ച് പരിക്കേല്പിച്ചത് അടുത്തിടെയാണ്. മലയിൻകീഴ് ജംഗ്ഷൻ, ഗവ. എൽ.പി.എസ്, മലയിൻകീഴ് - ഊരൂട്ടമ്പലം റോഡ്, പാപ്പനംകോട് റോഡ്, ശാന്തുമൂല, പാലോട്ടുവിള തുടങ്ങിയ സ്ഥലങ്ങളിലും
നായ്ക്കളെക്കൊണ്ട് ജനങ്ങൾക്ക് പൊറുതിമുട്ടിയ അവസ്ഥയാണ്.


നായശല്യം അമർച്ച ചെയ്യാൻ അധികൃതരുടെ ഭാഗത്തു നിന്ന് കൂടുതൽ നടപടികളുണ്ടാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്ന നടപടികൾ വിജയം കാണാത്തതാണ് നായ്ക്കളുടെ
ശല്യം വർദ്ധിക്കാൻ കാരണം.