road-accidents

തിരുവനന്തപുരം : അമിതവേഗത മൂലം സംസ്ഥാനത്തുണ്ടാകുന്ന റോഡപകടങ്ങളിൽ ദിവസവും 11 പേർ മരിക്കുന്നതായി മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. 2016 ജൂൺ മുതൽ 2019 ഏപ്രിൽ വരെ റോഡുകളിൽ 12,392 പേർ മരിച്ചു.
ഈ വർഷം മാർച്ച് 31 വരെ സംസ്ഥാനത്ത് 1.33 കോടി വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2011 മുതൽ 2018 വരെ 20.26 കോടി രൂപ ചെലവഴിച്ച് 143 ആട്ടോമാറ്റിക് സ്‌പീഡ് എൻഫോഴ്സ്‌മെന്റ് കാമറകൾ സ്ഥാപിച്ചെന്നും കെ.ജെ. മാക്‌സി, സണ്ണി ജോസഫ് എന്നിവരെ മന്ത്രി അറിയിച്ചു.

വിദ്യാർത്ഥികളെ കെണിയിലാക്കുന്ന സാമൂഹ്യവിരുദ്ധർ സ്‌കൂളിൽ കടക്കാതിരിക്കാൻ പി.ടി.എയുമായി സഹകരിച്ച് സുരക്ഷാ ഗാർഡുമാരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എൻ.സി.സി, എൻ.എസ്.എസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്തുമെന്ന് പി.ടി. തോമസിനെ മുഖ്യമന്ത്രി അറിയിച്ചു. തലസ്ഥാനത്ത് അടുത്തിടെയുണ്ടായ മണിചെയിൻ തട്ടിപ്പുകേസിൽ മണ്ണന്തല പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്ന് മോൻസ് ജോസഫിന്റെ അടിയന്തരചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി.

വൻകിട ഉപഭോക്താക്കളിൻ നിന്ന് 820.84 കോടി രൂപ കെ.എസ്.ഇ.ബിക്ക് കിട്ടാനുണ്ടെന്ന് മന്ത്രി എം.എം. മണി അറിയിച്ചു. സി. ദിവാകരന്റെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്.

സിവിൽ സപ്ലൈസ് വകുപ്പിന്റെ ഗോഡൗണുകളിൽ സി.സി ടിവി കാമറകൾ സ്ഥാപിക്കുമെന്ന് മന്ത്രി പി. തിലോത്തമൻ നിയമസഭയെ അറിയിച്ചു. വി.ആർ. സുനിൽകുമാർ, ചിറ്റയം ഗോപകുമാർ, ആർ. രാമചന്ദ്രൻ, എൽദോ എബ്രഹാം എന്നിവരുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.