തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിലെ വിചാരണ തടവുകാരായ സന്ധ്യയും ശില്പമോളും തടവുചാടിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തുടരന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലെല്ലാം കർശന നിരീക്ഷണമേർപ്പെടുത്തി. ജയിലിൽ നിന്നുള്ള ഇവരുടെ ഫോൺവിളികൾ പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്തെയും അയൽസംസ്ഥാനങ്ങളിലെയും പൊലീസ് സ്റ്റേഷനുകളിൽ ഇവരുടെ ചിത്രങ്ങൾ കൈമാറി. എവിടെയെങ്കിലും നിന്ന് ഇവർക്ക് സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കും. ഇതേക്കുറിച്ച് പ്രാഥമിക അന്വേഷണത്തിന് ജയിൽ ഡി.ഐ.ജിയെ ചുമതലപ്പെടുത്തിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്‌മിഷന് മുഖ്യമന്ത്രി മറുപടി നൽകി. ജയിൽ ചാടിയ വനിതാതടവുകാരെ ഉടൻ കണ്ടെത്തണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കൊടി സുനി കൊടുവള്ളി മുനിസിപ്പൽ കൗൺസിലറെ ജയിലിൽനിന്ന് ഭീഷണിപ്പെടുത്തുകയാണെന്നും കള്ളക്കടത്ത് സ്വർണം വാങ്ങിയില്ലെങ്കിൽ കൗൺസിലറെയും കുടുംബത്തെയും വകവരുത്തുമെന്ന് ഭീഷണിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഇതേക്കുറിച്ച് പരാതി നൽകിയാൽ ഗൗരവമായി അന്വേഷിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.