എല്ലാവരോടും ചിരിച്ചുകൊണ്ടുള്ള ഇടപെടൽ, അഹങ്കാരം തെല്ലുമില്ലാത്ത പെരുമാറ്രം, ആരെയും സഹായിക്കാനുള്ള മനസ് - ഇതൊക്കെയായിരുന്നു വിജയനിർമ്മല. ഒന്നിച്ച് അഭിനയിച്ചില്ലെങ്കിലും 52 വർഷത്തെ ഊഷ്‌മള സൗഹൃദമുണ്ട് എനിക്ക് വിജയനിർമ്മലയുമായി. മലയാളം മാത്രമല്ല, തമിഴ്, തെലുങ്ക് സിനിമകളിലും വിജയനിർമ്മല തിളങ്ങി. 47 സിനിമകൾ സംവിധാനം ചെയ്ത് ഗിന്നസ് ബുക്കിൽ കയറുകയെന്നത് ചെറിയ കാര്യമാണോ. ഭർത്താവ് കൃഷ്ണയ്ക്കൊപ്പവും നിരവധി സിനിമകളിൽ അഭിനയിച്ചു.
വിജയനിർമ്മല കുടുംബജീവിതത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നു. നിർമ്മലയുടെ തിരക്കുകൾ അറിയാമായിരുന്ന കൃഷ്ണയും അത് ആസ്വദിച്ചിരുന്നു. ഇരുവരും ഒരുമിച്ച് മാത്രമേ പുറത്ത് പോകുമായിരുന്നുള്ളു. അതിന് കഴിഞ്ഞില്ലെങ്കിൽ യാത്ര തന്നെ വേണ്ടെന്ന് വയ്ക്കും. നടിയെന്ന നിലയിലും സംവിധായികയെന്ന നിലയിലും വിജയനിർമ്മലയെ കൃഷ്ണ നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു. സിനിമയിലും ജീവിതത്തിലും നിർമ്മലയുടെ ഹീറോ കൃഷ്ണ ആയിരുന്നു.
നേരിൽ കാണുന്നത് അപൂർവമായിരുന്നെങ്കിലും ഞങ്ങൾ ദീർഘനേരം ഫോണിൽ സംസാരിക്കുമായിരുന്നു. ഫോണിൽ വിളിച്ചാൽ പിന്നെ വിശേഷങ്ങളുടെ ഭാണ്ഡം തുറക്കും . പഴയ കാര്യങ്ങളൊക്കെ സംസാരിച്ച് ചിരിയും കളിയുമായി സമയം പോകുന്നതറിയില്ല. എത്ര സംസാരിച്ചാലും മതിവരില്ല. ഹൈദരാബാദിൽ ചെല്ലുമ്പോഴെല്ലാം വീട്ടിലേക്ക് വരണമെന്ന് നിർമ്മല പറയുമായിരുന്നു.
നിർമ്മലയുടെ ഒട്ടുമിക്ക സിനിമകളും കണ്ടിട്ടുണ്ട്. ഏവരേയും അത്ഭുതപ്പെടുത്തുന്ന അഭിനയമാണ് . സ്വാഭാവികാഭിനയത്തിന്റെ മൂർത്തീമദ് ഭാവമായിരുന്നു അവർ. ഭാർഗവീനിലയം സിനിമയിലെ ഭാർഗവിയെന്ന കഥാപാത്രത്തിന്റെ പൂർണത അവരുടെ അർപ്പണബോധത്തിന്റെ ഉദാഹരണമാണ്. സംവിധായികയായും അവർ കഴിവ് തെളിച്ചു. വലിയ നടിയോ സംവിധായികയോ ആണെന്ന തോന്നൽ അവർക്കുണ്ടായിരുന്നില്ല. സിനിമയുടെ സെറ്റിൽ എല്ലാവരുമായി സൗഹൃദം സൂക്ഷിച്ചിരുന്നു അവർ. കൃത്യസമയത്ത് ഷൂട്ടിംഗ് സെറ്റിലെത്തും. ആരെയും ബുദ്ധിമുട്ടിക്കില്ല. ഏത് സാഹചര്യത്തോടും ഇണങ്ങി പ്രവർത്തിക്കാനുള്ള വിജയനിർമ്മലയുടെ കഴിവ് അപാരമായിരുന്നു. അവരുടെ വിയോഗം എന്നെ ഏറെ വേദനിപ്പിക്കുന്നു.