തിരുവനന്തപുരം : സെക്രട്ടേറിയറ്റിലും കളക്ടറേറ്റുകളിലും ഫയൽ കൈമാറ്റം ചെയ്യുന്നതിനുള്ള ഇ-ഓഫീസ് സോഫ്റ്റ്വെയർ മാറ്റി സ്വകാര്യ കമ്പനിയുടെ സോഫ്റ്റ്വെയർ നടപ്പാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്.
ഇ-ഓഫീസ് കാരണം ഫയൽ നീക്കത്തിന് ഏറെ സമയമെടുക്കുന്നത് ഭരണ സ്തംഭനത്തിന് വഴിവയ്ക്കുമെന്നും, സോഫ്റ്റ്വെയർ മാറ്റാനുള്ള തീരുമാനത്തിൽ അപാകതയില്ലെന്നും നിയമസഭയിൽ ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി.
കേന്ദ്ര സർക്കാരിന് കീഴിലുള്ള എൻ.ഐ.സി (നാഷണൽ ഇൻഫോർമാറ്റിക് സെന്റർ) വികസിപ്പിച്ച ഇ-ഓഫീസിന് പോരായ്മകളുണ്ടെന്ന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഇ-ഗവേണൻസ് അപ്പെക്സ് കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതുപ്രകാരം ഇ-ഓഫീസ് വേർഷൻ 2.0 തയ്യാറാക്കി നൽകണമെന്ന് എൻ.എെ.സിയോട് ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാനോ പുതിയ പതിപ്പ് തയ്യാറാക്കാനോ എൻ.എെ.സിക്ക് കഴിഞ്ഞില്ല. തുടർന്ന് ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ യോഗത്തിലാണ് മുഴുവൻ വകുപ്പുകൾക്കും വേണ്ടിയുള്ള ഫയൽ പ്രോസസിംഗ് സോഫ്റ്റ്വെയർ പൊതുവിപണിയിൽ നിന്ന് വാങ്ങാൻ ശുപാർശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ടെൻഡർ നടപടികൾ ആരംഭിച്ചത്. സെക്രട്ടേറിയറ്റിലെ നെറ്റ്വർക്കിംഗ് പ്രശ്നവും ഡിസ്ട്രിബ്യൂഷൻ സ്വിച്ചുകളും പഴയ കോൺഫിഗറേഷനിലുള്ള കമ്പ്യൂട്ടറുകളും ഇ-ഓഫീസ് പ്രവർത്തനത്തിന് തടസമാണെന്ന് എൻ.ഐ.സി ചൂണ്ടിക്കാട്ടിയിരുന്നു. ഇവയെല്ലാം പരിഹരിച്ചിട്ടും ഇ-ഓഫീസിൽ പ്രശ്നങ്ങൾ തുടരുകയായിരുന്നു. മലയാളം ടൈപ്പിംഗ്, കുറിപ്പ് രേഖപ്പെടുത്തൽ, ഫയൽ തെരയൽ എന്നിവയെല്ലാം പ്രതിസന്ധിയിലായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഒപ്ടിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കാത്തതാണ് സോഫ്റ്റ്വെയറിന്റെ വേഗത കൂടാത്തതിന് പ്രധാന കാരണമെന്നും, രോഗം മനസിലാക്കാതെയുള്ള ചികിത്സ നടത്തി സംസ്ഥാനത്തിന്റെ മൊത്തം വിവരങ്ങളും സ്വകാര്യകമ്പനിയുടെ കൈകളിലേക്ക് നൽകരുതെന്നും പ്രതിപക്ഷത്തെ കെ.സി. ജോസഫ്, കെ.എസ്. ശബരീനാഥൻ, വി.ഡി. സതീശൻ, സണ്ണിജോസഫ്, ഷാഫി പറമ്പിൽ, മഞ്ഞളാംകുഴി അലി, പി.സി. ജോർജ് എന്നിവർ പറഞ്ഞു.