kerala-legislative-assemb

തിരുവനന്തപുരം: കോൺഗ്രസിലെ പി.ടി. തോമസിനെ ധനാഭ്യർത്ഥന ചർച്ചയ്‌ക്കിടെ മുഖ്യമന്ത്റി പിണറായി വിജയൻ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിയമസഭയിൽ ബഹളത്തിനും ഭരണ - പ്രതിപക്ഷ വാക്‌പോരിനും ഇടയാക്കി. ഇന്നലെ ശൂന്യവേളയുടെ തുടക്കത്തിലായിരുന്നു ബഹളം. മുഖ്യമന്ത്റിയെ പോലെ എം.എൽ.എമാർക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും ഒരംഗത്തെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ മുഖ്യമന്ത്റി സംസാരിച്ചതു ശരിയായില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തങ്ങളെ വിരട്ടുകയാണോ എന്ന് പ്രതിപക്ഷ അംഗങ്ങൾ ചോദിച്ചു. അതോടെ സ്പീക്കർ ഇടപെട്ടു. ആരും ആരെയും വിരട്ടുന്നില്ലെന്നും പി.ടി. തോമസ് പ്രസംഗിച്ചപ്പോൾ അദ്ദേഹത്തെ തടസപ്പെടുത്തിയിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു.
ഇതിനിടയിൽ പാർലമെന്ററികാര്യ മന്ത്റി എ.കെ. ബാലൻ എന്തോ പറഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേ​റ്റു. കെ.സി. ജോസഫ്, വി.ഡി. സതീശൻ, അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ തുടങ്ങിയവർ എഴുന്നേറ്റ് വിരട്ടൽ ഇങ്ങോട്ടു വേണ്ടെന്ന് പറഞ്ഞു. അതോടെ ഭരണപക്ഷത്തെ ടി.വി. രാജേഷ്, ആർ. രാജേഷ്, എ. പ്രദീപ്കുമാർ, എം. സ്വരാജ് തുടങ്ങിയവരും എഴുന്നേ​റ്റ് പ്രതിപക്ഷത്തെ നേരിട്ടതോടെ സഭ ബഹളമയമായി.