kandal

വർക്കല: വർക്കല താലൂക്കിലെ കായലോര പ്രദേശങ്ങളിൽ വ്യാപകമായുണ്ടായിരുന്ന കണ്ടൽച്ചെടികൾ വംശനാശഭീഷണി നേരിടുകയാണ്. തീരദേശ മേഖലയുടെ ആവാസവ്യവസ്ഥകൾക്ക് അനിവാര്യമായിരുന്ന കണ്ടൽച്ചെടികൾക്ക് മനുഷ്യനിൽ നിന്നുതന്നെ ഭീഷണി നേരിടുകയാണ്. ടൂറിസം വികസനം, അനധികൃത മണലൂറ്റ്, കായൽകൈയേറ്റം എന്നിവയാണ് കണ്ടലുകളുടെ നാശത്തിന് കാരണമായത്. നിരവധി കണ്ടൽച്ചെടികളാണ് വർക്കല മേഖലയിലെ കായൽതീരങ്ങളിൽ നിന്ന് ഇതിനോടകം വെട്ടി നശിപ്പിച്ചത്. ഉരഗങ്ങളെ വളർത്തുന്ന കാട്ടുചെടികൾ എന്ന പേരിലും കായൽതീരത്തെ സ്വകാര്യ വ്യക്തികളുടെ വസ്തുവിൽ ചേർന്ന് നിൽക്കുന്നതിന്റെ പേരിലും ഇവയിൽ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടു. പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള കണ്ടലുകളുടെ സവിശേഷസിദ്ധി അപാരമാണ്. കരയെ കാർന്നെടുക്കാൻ എത്തുന്ന തിരമാലകളെ കണ്ടൽച്ചെടികൾ ഒരു പരിധി വരെ പ്രതിരോധിച്ചിരുന്നു. ഇടവ, വെറ്റക്കട, കാപ്പിൽ, പൊഴിക്കര, പരവൂർ ഭാഗങ്ങളിൽ കടൽമണ്ണ് അടിഞ്ഞു കൂടുന്നതിന് കണ്ടൽചെടികളുടെ സംഭാവന വിസ്‌മരിക്കാവുന്നതല്ല. എന്നാൽ തീരപ്രദേശത്തെ കണ്ടലുകളുടെ അഭാവം മൂലം കായൽ മത്സ്യങ്ങളുടെ വർദ്ധനവിന് ഗണ്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്. കണ്ടലുകളിലെത്തി കൂടൊരുക്കി മുട്ടയിടുന്ന വിവിധയിനം ദേശാടനപക്ഷികളുടെ സാന്നിദ്ധ്യവും ഇല്ലാതായി. കടകണ്ടൽ, കണ്ണാംപൊട്ടി, കുറ്റികണ്ടൻ എന്നീ ഇനങ്ങളിൽപെട്ട കണ്ടൽചെടികളാണ് താലൂക്കിൽ ഉടനീളം പ്രധാനമായും കണ്ടുവന്നിരുന്നത്. കണ്ടലുകളെ സംരക്ഷിച്ച് ചേർപ്പൊരുക്കി ചെമ്മീൻകൃഷി ചെയ്തു പോന്നിരുന്ന ഭാഗങ്ങൾ ഇപ്പോൾ ഇല്ലാതായി. അതത് പഞ്ചായത്ത് പ്രദേശങ്ങളിലെ കണ്ടലുകളെ സംരക്ഷിക്കാൻ പോന്ന യാതൊരുവിധ പദ്ധതികളും അധികൃതർ ആവിഷ്കരിച്ച് നടപ്പാക്കുന്നതുമില്ല. പ്രകൃതി സംരക്ഷണത്തിന് അനിവാര്യമാകേണ്ട കണ്ടലുകളെ വെട്ടിമാറ്റുന്നവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകണമെന്നാണ് പരിസ്ഥിതി പ്രവർത്തകരും ആവശ്യപ്പെടുന്നത്.

പ്രത്യേകതകൾ ഏറെ

വൈവിദ്ധ്യമാർന്ന സസ്യങ്ങളും ജന്തുക്കളും സൂക്ഷ്മജീവികളും മത്സ്യങ്ങളുമെല്ലാം കൂടിച്ചേർന്ന ഒരു ആവാസവ്യവസ്ഥയാണ് കണ്ടൽക്കാടുകൾ. മനുഷ്യശരീരത്തിൽ വൃക്കകൾ ചെയ്യുന്ന പണിയാണ് ഭൂമിയിൽ കണ്ടൽക്കാടുകൾ ചെയ്യുന്നത്. തോടുകളിൽ നിന്നും പുഴകളിൽ നിന്നും ഒലിച്ചെത്തുന്ന ജലത്തിന്റെ മാലിന്യങ്ങൾ ശേഖരിച്ച് ശുദ്ധീകരിച്ച് അവ അഴിമുഖത്തേക്ക് ഒഴുക്കുന്നു. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുക്കുകയും ഓക്സിജന്‍ പുറത്തുവിടുകയും ചെയ്തുകൊണ്ട് വായു ശുദ്ധീകരിക്കുന്നു. കെട്ടുപിണഞ്ഞു കിടക്കുന്ന ഇവയുടെ വേരുകൾ മണ്ണൊലിപ്പിനെ തടയുകയും കൃഷിയിടങ്ങളിലേക്ക് ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കുകയും ചെയ്തു പോന്നിരുന്നു. മത്സ്യസമ്പത്ത് കാത്തു സൂക്ഷിക്കുന്നതിനും കണ്ടൽചെടികൾ വഹിക്കുന്ന പങ്ക് നിർമായകമാണ്. കണ്ടൽചെടികളുടെ വേരുകൾ ഉൾകൊള്ളുന്ന ഭാഗങ്ങളിൽ ഞണ്ടുകൾ, കക്കകൾ, മത്സ്യം എന്നിവ പ്രജനനം നടത്താറുണ്ട്.