occupancy-certificate-ker

 പഞ്ചായത്ത് ഡയറക്‌ടറേറ്റിൽ നാലംഗ നിരീക്ഷണ സമിതി രൂപീകരിക്കും

തിരുവനന്തപുരം : ആന്തൂരിൽ പ്രവാസി വ്യവസായിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ പഞ്ചായത്തുകളിൽ കെട്ടിടനിർമ്മാണ, ഒക്കുപെൻസി അപേക്ഷകൾ 15 ദിവസത്തിനുള്ളിൽ തീർപ്പാക്കാൻ സംവിധാനം ഒരുക്കിക്കൊണ്ടുള്ള ഉത്തരവ് നാളെ പുറത്തിറങ്ങും.

പഞ്ചായത്ത് ഡയറക്ടറേറ്റിൽ ഇതിനായി പ്രത്യേക നിരീക്ഷണ സമിതി രൂപീകരിക്കും. പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ അല്ലെങ്കിൽ അഡിഷണൽ ഡയറക്ടർ അദ്ധ്യക്ഷനായ നാലംഗ സമിതിയാണ് രൂപീകരിക്കുന്നത്. ഡയറക്ടറേറ്റിലെ ജോലിഭാരം കുറഞ്ഞ സെക്‌ഷനുകളിലെ മൂന്ന് ജീവനക്കാരും സമിതിയിൽ ഉൾപ്പെടും.

സംസ്ഥാനത്തെ 941 പഞ്ചായത്തുകളിൽ എല്ലാ മാസവും ലഭിക്കുന്ന അപേക്ഷകളുടെ കൃത്യമായ വിവരങ്ങൾ നിരീക്ഷണ സമിതിക്ക് ലഭ്യമാക്കണം. ഒന്നു മുതൽ 15 വരെയുള്ളത് 16നും 16 മുതൽ 31 വരെയുള്ള വിവരങ്ങൾ അടുത്തമാസം ഒന്നിനും നൽകണം. ഇ-മെയിലിലൂടെ പഞ്ചായത്ത് സെക്രട്ടറിമാർ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർമാർക്കു നൽകുന്ന വിവരങ്ങൾ ക്രോഡീകരിച്ച് ഡെപ്യൂട്ടി ഡയറക്ടർമാരാണ് സമിതിക്ക് അയയ്ക്കേണ്ടത്.
അനുമതി നൽകാൻ കഴിയാത്ത അപേക്ഷകളുണ്ടെങ്കിൽ കാരണം ഉടമസ്ഥനെയും സമിതിയെയും ബോധിപ്പിക്കണം. പഞ്ചായത്ത് ഡയറക്ടർ തലത്തിൽ തീർപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ അത്തരം അപേക്ഷകൾ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് കൈമാറും. നിലവിൽ പല പഞ്ചായത്തുകളിലും അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. ആദ്യമാസത്തെ കണക്ക് ലഭിക്കുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരും.

 പഞ്ചായത്തുകളിൽ തോന്നുംപടി

ഓരോ മാസവും ലഭിച്ച കെട്ടിടനിർമ്മാണ, ഒക്കുപെൻസി അപേക്ഷകളിൽ എത്രയെണ്ണത്തിന് അനുമതി നൽകി, അവശേഷിക്കുന്നത് എത്ര തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാൻ പഞ്ചായത്ത് തലത്തിൽ രൂപീകരിക്കേണ്ട സമിതി പലയിടത്തും നിലവിലില്ല. പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, തദ്ദേശസ്വയംഭരണ വകുപ്പിലെ എൻജിനിയർ എന്നിവരടങ്ങുന്ന സമിതി വേണമെന്ന ചട്ടമാണ് പഞ്ചായത്തുകളിൽ കാറ്റിൽ പറത്തിയത്. എല്ലാ പഞ്ചായത്തുകളിലും നിർബന്ധമായി സമിതി രൂപീകരിക്കണമെന്ന് പഞ്ചായത്ത് ഡയറക്ടർ നിർദ്ദേശം നൽകി.

കെട്ടിടനിർമ്മാണത്തിനും ഒക്കുപെൻസിക്കും ജനങ്ങളുടെ കാത്തിരിപ്പ് ഒഴിവാക്കുകയാണ് ലക്ഷ്യം. 15 ദിവസത്തിനുള്ളിൽ അപേക്ഷകൾ തീർപ്പാക്കണമെന്ന നിയമം കർശനമായി പാലിക്കും"

- എം.പി. അജിത്കുമാർ

അഡിഷണൽ പഞ്ചായത്ത് ഡയറക്ടർ