വർഗീയത ഉയർത്തുന്ന പ്രശ്നങ്ങൾക്ക് അരുവിപ്പുറം സന്ദേശത്തിലൂടെ പരിഹാരമാർഗം നിർദ്ദേശിച്ച സന്ന്യാസിവര്യനായിരുന്നു സ്വാമി ശാശ്വതികാനന്ദ. മതസ്പർശമില്ലാത്ത സ്വതന്ത്ര ആത്മീയതയുടെ പ്രകാശപൂർണമായ ലോകമാണ് ഗുരുദർശനം ലക്ഷ്യമാക്കുന്നതെന്ന സുവ്യക്തവും സുദൃഢവുമായ കാഴ്ചപ്പാടാണ് അദ്ദേഹം സ്വീകരിച്ചത്. മതേതരഭാരതവും സമാധാനപൂർണമായ ലോകവും പടുത്തുയർത്താൻ ശ്രീനാരായണധർമ്മത്തെ ശരണീകരിക്കുക എന്ന ആശയമാണ് മുന്നോട്ടുവച്ചത്.
'സർവമതസാരവും ഒന്നെന്ന" ഉപദേശം സകല മതങ്ങളെയും സഹോദരബോധത്തോടെ ഉൾക്കൊള്ളാനുള്ള കരുത്താണ് ഗുരു നൽകുന്നത്. ആത്മീയത ഏതെങ്കിലും മതത്തിന്റെ കുത്തകയല്ല. മതവും ആത്മീയതയും വേർതിരിച്ചറിയാൻ കഴിയാത്ത ഒരു കാലഘട്ടത്തിലാണ് നാം. മതസംഘടനകളുടെ പ്രസക്തി നഷ്ടപ്പെടുമ്പോഴും സ്വയംഭൂവായ ആത്മീയത തേജോമയമായി പ്രകാശിച്ചുനിൽക്കുമെന്ന് ശാശ്വതികാനന്ദ സ്വാമി പ്രബോധിപ്പിച്ചു. അചഞ്ചലമായ ഗുരുഭക്തിയും നിസീമമായ ദൗത്യബോധവുമാണ് സ്വാമിയെ മുന്നോട്ടുനയിച്ചത്. ശ്രീനാരായണ ധർമ്മത്തിനുവേണ്ടിയുള്ള ആത്മസമർപ്പണമായിരുന്നു ആ ജീവിതം.
ഗുരുധർമ്മത്തിന്റെ കരുത്തും കാന്തിയും സമഗ്രമായി ഉൾക്കൊള്ളാനും അപൂർവ ചാരുതയോടെ ലളിതമധുരമായി ആവിഷ്കരിക്കാനുമുള്ള അദ്ദേഹത്തിന്റെ സാമർത്ഥ്യം അത്ഭുതാവഹമായിരുന്നു. ഗുരുദേവന്റെ ആത്മീയതയുടെ അർത്ഥതലവും ചിന്താപഥവും സാധാരണക്കാർക്ക് കൂടി പരിചിതമാക്കുക എന്ന ദൗത്യമാണ് അദ്ദേഹം നിർവഹിച്ചത്. പാണ്ഡിത്യഗർവുള്ളവർക്ക് വഴിതെറ്റുമ്പോഴും സാധാരണക്കാർ നേർവഴിക്ക് നടക്കും എന്ന സ്വാമിയുടെ വാക്കുകൾ സ്മരണീയമാണ്.
മതേതരത്വത്തിനും മാനവികതയ്ക്കും വേണ്ടിയുള്ള ശാശ്വതികാനന്ദ സ്വാമിയുടെ സേവനങ്ങൾ വിലപ്പെട്ടതാണ്. ഗുരുദർശനത്തിന്റെ മതാതീതമാനം ഉയർത്തിപിടിച്ചുകൊണ്ട് ചരിത്രത്തിന് വിസ്മരിക്കാനാകാത്ത നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചത്. ആത്മീയപ്രബുദ്ധതയിലൂടെ അനിവാര്യമാകുന്ന സഹജപ്രതിഭാസമായിട്ടാണ് മാനവികതയെ നിർവചിച്ചത്. സനാതന ധർമ്മത്തെയും ജാതിവാദത്തെയും കൂട്ടിയിണക്കിക്കൊണ്ടുള്ള പരിശ്രമങ്ങളെ ആത്മീയതയ്ക്ക് നേരെയുള്ള കടന്നാക്രമണങ്ങളായി വിലയിരുത്തുകയും ചെയ്തു. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തിന് ഗുരുവിന്റെ ഏകമന സിദ്ധാന്തത്തിലൂടെ പ്രായോഗിക വ്യാഖ്യാനം നൽകിയ ഏറ്റവും ദൂരക്കാഴ്ചയുള്ള സന്ന്യാസിയായിരുന്നു ശാശ്വതികാനന്ദ സ്വാമി.
ഗുരുദർശനത്തിന്റെ ലക്ഷ്യ പ്രഖ്യാപന മന്ത്രമായി അരുവിപ്പുറത്തെ ക്ഷേത്രമതിലിൽ ആലേഖനം ചെയ്ത സൂക്തം ഇന്ത്യൻ പ്രസിഡന്റിന്റെ നാവിലൂടെ പാർലമെന്റിൽ മുഴങ്ങിക്കേട്ടത് ഏതാനും ദിവസങ്ങൾക്കുമുമ്പാണ്. ഗുരുധർമ്മത്തിന്റെ അന്തഃസത്ത ഉൾക്കൊള്ളുന്നതിലൂടെ മാത്രമേ മതേതരത്വ ലക്ഷ്യം സാക്ഷാത്കരിക്കാൻ കഴിയൂ എന്ന സ്വാമിയുടെ വാക്കുകൾ കൂടുതൽ പ്രസക്തമാകുകയാണ്. അരുവിപ്പുറം സന്ദേശത്തിലൂടെ അലയടിച്ചുയരുന്നത് ഐക്യത്തിലും സാഹോദര്യത്തിലുമൂന്നിയ ഒരു രാഷ്ട്രസങ്കല്പത്തിന്റെ മാർഗരേഖയാണ്. മതേതരത്വ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റം കൂടുതൽ ഉത്തരവാദിത്വബോധത്തോടെ ഏറ്റെടുക്കേണ്ട സാഹചര്യം കൂടിയാണിത്. ശാശ്വതികാനന്ദസ്വാമി പകർന്നുതന്ന വിവേകമാർന്ന ചിന്തകളെ നമുക്ക് സ്മരിക്കാം. ആ ധന്യസ്മരണയ്ക്ക് പ്രണാമം.