തിരുവനന്തപുരം: മലയാളം സർവകലാശാലയ്‌ക്കായി വെട്ടം വില്ലേജിൽ ഭൂമി ഏറ്റെടുക്കുന്നത് അഴിമതിയുടെ പുകമറ സൃഷ്ടിച്ച് മുടക്കുകയാണ് പ്രതിപക്ഷത്തിന്റെ ഉദ്ദേശ്യമെന്ന് മന്ത്റി കെ.ടി. ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അഴിമതി കണ്ടെത്തിയിട്ടില്ലാത്തതിനാൽ പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ല. കമ്മിഷനാണ് ലക്ഷ്യം. പറമ്പ് കച്ചവടക്കാരും കമ്മിഷൻ ഏജന്റുമാരുമാണ് വിവാദത്തിനു പിന്നിൽ. യു.ഡി.എഫ് സർക്കാർ തീരുമാനിച്ചതുപോലെ 17 ഏക്കർ ഏറ്റെടുത്തിരുന്നെങ്കിൽ 1.70 കോടി രൂപ ലാഭം അവർക്ക് കിട്ടുമായിരുന്നു.
ഈ സർക്കാർ 11 ഏക്കറാണ് ഏറ്റെടുക്കുന്നത്. അതും സെന്റിന് പതിനായിരം രൂപ കുറച്ച് 1,60,000 രൂപയ്‌ക്കാണ്. എന്നാലും ഖജനാവിന് 1.10 കോടി രൂപയുടെ നേട്ടം ഉണ്ടാകും. മലയാളം സർവകലാശാലയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഴുവൻ ചെയ്തത് യു.ഡി.എഫ് സർക്കാരാണ്. അന്നത്തെ, വൈസ് ചാൻസലർ കെ.ജയകുമാറിന്റെ നേതൃത്വത്തിലാണ് എല്ലാം ചെയ്തത്. അഴിമതിക്ക് കൂട്ടുനിൽക്കുന്നയാളല്ല ജയകുമാറെന്നും ജലീൽ പറഞ്ഞു.
ഭൂമി ഏറ്റെടുക്കുന്നതിന് ആദ്യ ഗഡുവായി സർക്കാർ ഒൻപത് കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2012ൽ ഭരണാനുമതി നൽകിയ ആതവനാട് വില്ലേജിലെ ഭൂമി ഏറ്റെടുക്കുന്നതിനെ എതിർത്ത സ്ഥലം ഉടമകൾ പിന്നീട് അതേ സ്ഥലം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നിൽ സർക്കാരിന്റെ പണം തട്ടിയെടുക്കാനുള്ള ഗൂഢലക്ഷ്യമാണ്. തിരൂരിൽ ഏറ്റെടുക്കുന്ന ഭൂമി അവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ഗഫൂർ പി. ലില്ലീസിന്റേതല്ലേ എന്ന ചോദ്യത്തിന് ആരുടെ ഭൂമിയാണെന്ന് നോക്കിയിട്ടില്ലെന്നായിരുന്നു ജലീലിന്റെ മറുപടി. ഇതിന്റെ മുഴുവൻ ഉത്തരവാദിത്വവും യു.ഡി.എഫ് സർക്കാരിനും സ്ഥലം എം.എൽ.എയ്ക്കും ആയിരുന്നെന്നും മന്ത്റി പറഞ്ഞു.