പൂരത്തിന് കത്തിക്കാൻ വച്ച കതിനയെടുത്ത് മറ്റെവിടെയെങ്കിലും കത്തിക്കാൻ പറഞ്ഞാൽ! സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇങ്ങനെയൊരു കടുംകൈ കാട്ടുമെന്ന് പ്രതിപക്ഷം സ്വപ്നേപി കരുതിയതല്ല. തിരൂരിലെ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലാ ഭൂമിയിടപാടിൽ എന്തോ വ്യാകരണപ്പിശക് രണ്ട് മൂന്ന് ദിവസമായി പ്രതിപക്ഷം മണത്തുതുടങ്ങിയിട്ട്. അക്കാര്യമുന്നയിച്ച് സി. മമ്മൂട്ടിയും മറ്റുമാണിന്നലെ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. (രേഖകളാണ് പിൻബലമെന്ന് വിശ്വസിച്ച മമ്മൂട്ടി കഴിഞ്ഞദിവസം മന്ത്രിയോട് രാജി വെല്ലുവിളി വരെ ഉയർത്തിനോക്കിയതാണ്, മന്ത്രി പിടി കൊടുത്തില്ലെങ്കിലും!)
മലയാളം സർവകലാശാലയ്ക്ക് ഭൂമിയേറ്റെടുക്കൽ പ്രക്രിയ വർഷങ്ങളായി തുടർന്നുവരുന്നതായത് കൊണ്ട് സ്പീക്കർക്ക് വിഷയത്തിലൊട്ടും അടിയന്തരപ്രാധാന്യം തോന്നിയില്ല. എങ്കിലും ആദ്യ ഉപക്ഷേപമായി അനുവദിക്കാമെന്ന് സ്പീക്കർ ഉദാരമതിയാവാതിരുന്നില്ല. പൂരത്തിന് കത്തിക്കേണ്ടത് പൂരത്തിന് തന്നെ കത്തിക്കണമെന്ന ഉറച്ചനിലപാടിലായിരുന്ന പ്രതിപക്ഷ നേതാവിന് പിന്മാറാനുമായില്ല.
സർവകലാശാല 2016ലുണ്ടായതാണെങ്കിലും ഭൂമിയേറ്റെടുക്കലിനുള്ള അന്തിമ ഉത്തരവിറങ്ങിയത് ഈ മാസം മൂന്നാം തീയതിയാണെന്നതിനാൽ അടിയന്തരപ്രാധാന്യമുള്ളത് തന്നെയെന്ന് പ്രതിപക്ഷ നേതാവ് താർക്കികനായി. ഫലമില്ലെന്ന് കണ്ട പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ക്ഷീണം തീർത്തു. പിന്നാലെ വാക്കൗട്ടും. പൂരത്തിനില്ലെങ്കിൽ മറ്റെവിടെയെങ്കിലും എന്ന മാനസികാവസ്ഥയിലായിക്കഴിഞ്ഞ സി. മമ്മൂട്ടി എക്സൈസ്, തൊഴിൽ, പട്ടികവിഭാഗക്ഷേമം, ന്യൂനപക്ഷക്ഷേമം വകുപ്പുകളുടെ ധനാഭ്യർത്ഥനചർച്ചയിൽ ആരോപണമുന്നയിച്ച് തൃപ്തിയടഞ്ഞു.
മൂവായിരം തൊട്ട് ഒമ്പതിനായിരം വരെ സെന്റിന് വില വരുന്ന തണ്ണീർത്തടമുൾപ്പെട്ട ഭൂമി 1.60 ലക്ഷം രൂപ വിലയ്ക്ക് ഏറ്റെടുക്കുന്നതിലെന്തോ ചീഞ്ഞുനാറുന്നുണ്ടെന്നാണ് മമ്മൂട്ടിയുടെ പക്ഷം. 1.60 ലക്ഷം രൂപ വില നൽകുമ്പോൾ സെന്റൊന്നിന് ഒന്നരലക്ഷം രൂപയുടെ വ്യത്യാസം വരുമെന്നും ഒരേക്കറിന് ഒന്നരക്കോടിയുടെ വിലവ്യത്യാസം വരുമെന്നുമെല്ലാം മമ്മൂട്ടി കണക്കുകൾ കൂട്ടി. നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർത്ഥി, ഭരണകക്ഷി എം.എൽ.എയുടെ സഹോദരപുത്രന്മാർ എന്നിവരെയൊക്കെ സഹായിക്കാനുള്ള ഇടപാടായതിനാൽ സംയുക്തനിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം.
എല്ലാം കഴിഞ്ഞ ഭരണകാലത്ത് തുടങ്ങിവച്ച ഏർപ്പാടെന്നാണ് മന്ത്രി ജലീലിന്റെ മറുപടി. അന്ന് 1.70 ലക്ഷം രൂപയ്ക്ക് ഏർപ്പാടാക്കിയത് പതിനായിരം രൂപ കുറച്ച് 1.60 ലക്ഷത്തിന് ഇടപാടാക്കിയത് ഈ സർക്കാരാണെന്നും ജലീൽ വാദിച്ചു. 1.10 കോടിയുടെ ലാഭം അക്കണക്കിലുണ്ടായെന്നാണ് അദ്ദേഹത്തിന്റെ കണക്ക്. ഇരുപക്ഷവും അവരവരുടെ കണക്കുകളിൽ മാത്രം വിശ്വാസമർപ്പിച്ച് നിന്നതിനാൽ പ്രതിപക്ഷ ബഹിഷ്കരണത്തിൽ കാര്യങ്ങളൊടുങ്ങി!
ഒറ്റപ്പാലത്ത് പണ്ട് മന്ത്രി എ.കെ. ബാലനോട് പാർലമെന്റിലേക്ക് മത്സരിച്ച മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ തന്റെ അമ്മാവനാണെന്ന് വി.പി. സജീന്ദ്രൻ വെളിപ്പെടുത്തി. അന്ന് അമ്മാവൻ ബാലനെ ജെന്റിൽമാനെന്ന് വിശേഷിപ്പിച്ചത് മരുമകനെക്കൊണ്ട് മാറ്റിപ്പറയിക്കരുതെന്നാണ് സജീന്ദ്രന്റെ മുന്നറിയിപ്പ്. ഒഴിഞ്ഞുകിടക്കുന്ന എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനം സജീന്ദ്രൻ ഏറ്റെടുക്കുന്നത് നന്നാവുമെന്ന് ചിറ്റയം ഗോപകുമാർ ഉപദേശിച്ചു.
പട്ടികജാതി-വർഗക്കാർക്കെല്ലാം ഭൂമിയും വീടും ഈ ഭരണം തീരും മുമ്പ് ലഭ്യമായിരിക്കുമെന്നതിൽ ബി. സത്യന് തികഞ്ഞ ആത്മവിശ്വാസമാണ്. ചരിത്രത്തിലാദ്യമായി ആദിവാസിയെ വെടിവച്ചുകൊന്നത് കോൺഗ്രസ് സർക്കാരാണെന്ന് മുത്തങ്ങയെ ഓർമ്മിപ്പിച്ച് ഒ.ആർ. കേളു വാദിച്ചു. കള്ളിന് മാന്യമായ സ്ഥാനം നൽകണമെന്ന് ചിറ്റയം ഗോപകുമാറും ദേശീയപാനീയമാക്കണമെന്ന് മോൻസ് ജോസഫും നിർദ്ദേശിച്ചു.
കോഴിക്കോട്ട് ഹജ്ജ് തീർത്ഥാടകർക്കായി മുൻസർക്കാർ ഇല്ലാതാക്കിയതും ഇപ്പോൾ പുനരാരംഭിച്ചതുമായ വിമാനത്തിന് ഏഴാം തീയതി മന്ത്രി ജലീൽ കൊടിവീശുന്നത് കാണാൻ ത്രാണിയില്ലാത്തതിനാലാണ് ലീഗുകാർ ആക്ഷേപമുന്നയിക്കുന്നതെന്ന് കണ്ടെത്തിയത് പി.ടി.എ. റഹിമാണ്.
പണി തേടിയെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളെ സൽക്കരിക്കുന്നത് പോലെ, യു.പിയിൽ നിന്നും മറ്റും പണി പോകാനിടയുണ്ടെന്ന് കരുതി വയനാട് ചുരം കയറിവരുന്നവരോടും മലയാളി അതിഥി ദേവോ ഭവ എന്ന് പറയുന്നുവെന്നാണ് കെ.ഡി. പ്രസേനൻ പറയുന്നത്. കവി ഉദ്ദേശിച്ചത് രാഹുൽഗാന്ധിയെ തന്നെ!