തിരുവനന്തപുരം: ആന്തൂരിൽ കൺവെൻഷൻ സെന്ററിന് അനുമതി നിഷേധിക്കപ്പെട്ടതിൽ മനംനൊന്ത് പ്രവാസി സംരംഭകൻ സാജൻ പാറയിൽ ആത്മഹത്യചെയ്യാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ലോക കേരള സഭയിൽനിന്ന് യു.ഡി.എഫ് എം.എൽ.എമാരും രാജിവച്ചു. യു.ഡി.എഫിന്റെ 41 എം.എൽ.എമാരും ഒപ്പിട്ട രാജിക്കത്ത് ഇന്നലെ മുഖ്യമന്ത്രിക്ക് കൈമാറി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോക കേരളസഭയുടെ വൈസ് ചെയർമാൻ സ്ഥാനം നേരത്തേ രാജിവച്ചിരുന്നു.
സംസ്ഥാന സർക്കാരിന്റെ പ്രവാസികളോടുള്ള നിഷേധാത്മകമായ നിലപാടിന്റെ രക്തസാക്ഷിയാണ് സാജൻ പാറയിലെന്ന് എം.എൽ.എമാർ രാജിക്കത്തിൽ പറഞ്ഞു. വർഷങ്ങളോളം വിദേശത്ത് ചോര നീരാക്കി ലഭിച്ച പണം ഉപയോഗിച്ച് നാട്ടിൽ സംരംഭം തുടങ്ങാനെത്തിയ സാജൻ പാറയിലിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ആന്തൂർ നഗരസഭാ ചെയർപേഴ്സന്റെ ധാർഷ്ട്യവും നിഷേധാത്മക നിലപാടുമാണ്. മുഖ്യമന്ത്രിക്കും പൊലീസിനും സാജന്റെ ഭാര്യ ബീന നൽകിയ പരാതിയിൽ മരണത്തിന് ഉത്തരവാദി ആന്തൂർ നഗരസഭാ ചെയർപേഴ്സണാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും അവർക്കെതിരെ കേസെടുക്കാതെ ഉദ്യോഗസ്ഥരിൽ മാത്രം കേസ് ഒതുക്കിത്തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രതിപക്ഷം നോട്ടീസ് നൽകിയ അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലും സർക്കാരിന്റെ നീക്കം
വ്യക്തമാണ്. ഇത് തെറ്റായ സന്ദേശമാണ് നൽകുന്നത്. ലോക കേരളസഭയിലും മറ്റ് വേദികളിലും പ്രവാസികളെ കേരളത്തിൽ വ്യവസായം തുടങ്ങാൻ ക്ഷണിക്കുന്ന സർക്കാരിന് അവരോട് നീതി പുലർത്താനാകുന്നില്ല.
കേരളത്തിൽ വ്യവസായങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് 'ആന്തൂർ സംഭവം' നൽകുന്ന തെറ്റായ സന്ദേശം തിരുത്താൻ സർക്കാർ ശ്രമിക്കാത്തത് പ്രവാസികളെയാകെ വേദനിപ്പിക്കുന്നു. ഇപ്പോഴത്തെ സാഹചര്യം ലോക കേരളസഭയെ അർത്ഥരഹിതമാക്കുന്നുവെന്നും രാജിക്കത്തിൽ വ്യക്തമാക്കി.