baiju

വർക്കല: കയ്പമംഗലം മതിലകം പുളിമുട്ടത്ത് നിർത്തിയിട്ട കാറിൽ അബോധാവസ്ഥയിൽ കാണുകയും പിന്നീട് ആശുപത്രിയിൽ മരണമടയുകയും ചെയ്ത പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയർ വർക്കല വട്ടപ്ലാംമൂട് ഐടിസിക്കു സമീപം ലാൽഘട്ടിൽ ബൈജുവിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പൊക്ലായ് സെന്റരിനു തെക്കുവശത്തുളള സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് നിർത്തിയിട്ട കാറിനുളളിൽ ഡ്രൈവർ സീറ്റിൽ ബൈജുവിനെ അവശനിലയിൽ നാട്ടുകാർ കണ്ടത്. വിവരമറിഞ്ഞ് പൊലീസും ആക്സ് പ്രവർത്തകരുമെത്തി കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പത്ത് വർഷം മുമ്പാണ് ബൈജു സർവ്വീസിൽ പ്രവേശിച്ചത്. രണ്ട് മാസം മുമ്പാണ് പെരിഞ്ഞനം പഞ്ചായത്തിൽ എത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഒരു ബന്ധുവിന്റെ വീട്ടിൽ വാടകയ്ക്കായിരുന്നു താമസം. വിവാഹിതനായ ബൈജു ഒരു വർഷം മുമ്പ് വിവാഹബന്ധം വേർപെടുത്തിയിരുന്നു. അഞ്ച് വയസുളള ജയശങ്കറാണ് മകൻ. പിതാവ്: അശോകൻ, മാതാവ്: പരേതയായ ആനന്ദവല്ലി.