വിഴിഞ്ഞം: സ്കൂൾ വിദ്യാർത്ഥിനികളുമായെത്തിയ ബസ് നിയന്ത്രണം വിട്ട് ഒരു കിലോമീറ്ററോളം ഓടിയ ശേഷം റോഡരികിലെ മണൽകൂനയിൽ ഇടിച്ചു നിറുത്തി. ഇന്നലെ രാവിലെ 9.15 ഓടെ മുട്ടയ്ക്കാട് ചലഞ്ച് റോഡിലാണ് സംഭവം. വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്. ബസ് ഡ്രൈവർ ഗോപാലകൃഷ്ണൻ നായരുടെ അവസരോചിതമായ ഇടപെടലിലൂടെ വൻ അപകടമാണ് ഒഴിവായത്. സ്കൂൾ കുട്ടികളുമായി എത്തിയ ബസ് ആഴാകുളം റോഡ് കയറിയപ്പോൾ തന്നെ ബ്രേക്ക് നഷ്ടപ്പെട്ടു. തുടർന്ന് ഡ്രൈവർ ബസിന്റെ ഗിയർ താഴ്ത്തി നിയന്ത്രിക്കുകയായിരുന്നു. തുടർന്ന് മുട്ടയ്ക്കാട് എൻ.എസ്.എസ് കരയോഗം മന്ദിരത്തിനു മുന്നിൽ കൂടിയിട്ടിരുന്ന മണൽകൂനയിലേക്ക് വാഹനം ഇടിച്ചു നിറുത്തുകയായിരുന്നു. മറ്റൊരു സ്കൂൾ ബസ് എത്തിച്ച് വിദ്യാർത്ഥിനികളെ സ്കൂളിൽ എത്തിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.