തിരുവനന്തപുരം: തിരൂരിലെ മലയാളം സർവകലാശാലയ്ക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പിൽ അഴിമതിയുണ്ടെന്ന പ്രതിപക്ഷ ആരോപണം ഇന്നലെ നിയമസഭയെ പ്രക്ഷുബ്ധമാക്കി. ഇതേക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അഴിമതി ഇല്ലെന്നും ഖജനാവിന് ലാഭമാണുണ്ടായതെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ മറുപടി നൽകി. ഏറെ വാദപ്രതിവാദത്തിന് ശേഷം, അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് സഭാ നടപടികൾ പൂർത്തിയാവും മുമ്പ് പ്രതിപക്ഷം ഇറങ്ങിപ്പോയി.
ധനാഭ്യർത്ഥന ചർച്ചയ്‌ക്കിടെ മുസ്ലീം ലീഗ് അംഗം സി.മമ്മൂട്ടിയാണ് അഴിമതി ആരോപണം ഉന്നയിച്ചത്. രാവിലെ ശൂന്യവേളയിൽ ഇതേ വിഷയത്തിൽ സി.മമ്മൂട്ടിയുടെ തന്നെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചപ്പോഴും പ്രതിപക്ഷം ബഹളമുണ്ടാക്കി വാക്കൗട്ട് നടത്തിയിരുന്നു.
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സ്ഥാപിച്ച മലയാളം സർവകലാശാലയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ ഭൂമി വാങ്ങുന്നതിൽ അഴിമതി നടന്നതായാണ് മമ്മൂട്ടി ആരോപിച്ചത്. വെട്ടം വില്ലേജിൽ വാങ്ങാൻ തീരുമാനിച്ച 5.76 ഹെക്ടറിൽ 1.42 ഹെക്ടർ തെങ്ങിൻതോപ്പും ബാക്കി കണ്ടൽകാടും ചതുപ്പുനിലവുമാണെന്നും രേഖകൾ സഹിതം മമ്മൂട്ടി പറഞ്ഞു. ജില്ലാ ഭരണകൂടം കണ്ടെത്തിയ ഭൂമിയല്ല ഇത്. 9,000 രൂപയിൽ താഴെ വിലയുള്ള ഭൂമി 1,60,000 രൂപയ്ക്ക് വാങ്ങുന്നതിന് പിന്നിൽ ഭരണമുന്നണിയിലെ ഒരു എം.എൽ.എയും അവരുടെ കുടുംബവുമാണെന്നും മമ്മൂട്ടി ആരോപിച്ചു. വെട്ടം ഗവൺമെന്റ് കോളേജിനോടു ചേർന്നുള്ള അഞ്ച് ഏക്കർ സ്ഥലം സൗജന്യമായി കിട്ടാൻ സാദ്ധ്യതയുള്ളപ്പോഴാണ് അധികവില നൽകി ഭൂമി വാങ്ങുന്നത്. നിയമസഭയുടെ സംയുക്ത സംഘം സ്ഥലം സന്ദർശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ മന്ത്രിക്കെതിരെ ആരോപണം കൊണ്ടുവരുന്നത് ചട്ടപ്രകാരമല്ലെന്നും ഗൂഢാലോചനയാണെന്നും മന്ത്രി എ.കെ.ബാലൻ പറഞ്ഞു. എന്നാൽ മുൻകൂട്ടി സ്പീക്കർക്ക് എഴുതി നൽകിയ ആരോപണമാണ് അംഗം ഉന്നയിച്ചതെന്നും ചട്ടപ്രകാരമാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. വിഷയം ഏറ്റുപിടിച്ച വി.ഡി.സതീശൻ, മന്ത്രി എ.കെ.ബാലൻ സ്പീക്കറുടെ അധികാരത്തിൽ കൈകടത്തി തുടർച്ചയായി സംസാരിക്കുന്നുവെന്ന് പറഞ്ഞു.
എന്നാൽ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അംഗം ആരോപണം ഉന്നയിച്ചതെന്നും മറുപടി പറയാൻ ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് അവസരം നൽകുമെന്നും സ്പീക്കർ റൂളിംഗ് നൽകി.
മറുപടിപറഞ്ഞ മന്ത്രി ജലീൽ, തന്റെ ഇടപെടലിലൂടെ ഖജനവാവിന് 1.10 കോടി ലാഭമാണ് ഉണ്ടാക്കിയതെന്നും അത് തെറ്റാണെങ്കിൽ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്നും പറഞ്ഞു. വില കൂട്ടിയത് റിയൽ എസ്റ്റേറ്റുകാരെ സഹായിക്കാനാണെന്ന് ചെന്നിത്തല തിരിച്ചടിച്ചു. എന്നാൽ റിയൽ എസ്റ്റേറ്റ്കാർക്കിടയിലെ അസ്വാരസ്യമാണ് ആരോപണത്തിന് പിന്നിലെന്നും അബ്ദു റബ്ബ് സാഹിബിനെ കുടുക്കാനാണ് മമ്മൂട്ടി ഇത് കൊണ്ടുവന്നതെന്നും ജലീൽ പറഞ്ഞതോടെ പ്രതിപക്ഷാംഗങ്ങൾ ബഹളമായി. തുടർന്ന് അവർ സഭവിട്ടിറങ്ങി.