തിരുവനന്തപുരം: കാലവർഷം ശക്തമായില്ലെങ്കിൽ നഗരത്തിൽ കുടിവെള്ളം മുട്ടിയേക്കുമെന്ന് ആശങ്ക. 70 ദിവസം വിതരണത്തിനുള്ള വെള്ളം പേപ്പാറ ഡാമിൽ ഉണ്ടെങ്കിലും മഴ ലഭിച്ചില്ലെങ്കിൽ കാര്യങ്ങൾ കുഴയുമെന്നാണ് വാട്ടർ അതോറിട്ടിയുടെ ഭീതി. അടുത്ത മാസമെങ്കിലും മഴ ശക്തിപ്പെടുമെന്ന പ്രതീക്ഷയിലാണവർ. നിലവിൽ 99.60 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേസമയം 106 മീറ്ററായിരുന്നു അരുവിക്കരയിലെ ജലനിരപ്പ്. വേനൽമഴ ലഭിച്ചെങ്കിലും ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കാര്യമായി മഴ ലഭിച്ചിരുന്നില്ല. കാലവർഷം ആരംഭിച്ച ആദ്യ ദിവസങ്ങളിൽ ഡാമിലേക്കുള്ള നീരൊഴുക്കിൽ പ്രകടമായ വ്യത്യാസങ്ങളൊന്നും ഉണ്ടാകാതിരുന്നതും തിരിച്ചടിയായി.
നഗരത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രതിദിനം 300 ദശലക്ഷം ലിറ്റർ വെള്ളം വേണം. അരുവിക്കര ഡാമിന്റെ അപ്പർ ഡാമായി പ്രവർത്തിക്കുന്ന പേപ്പാറയിൽ നിന്ന് അരുവിക്കരയിലേക്ക് ഇത്രയും ജലം എത്തുന്നുണ്ടെങ്കിലും 280 ദശലക്ഷം ലിറ്റർ മാത്രമേ നഗരത്തിലേക്ക് വിതരണത്തിനായി കൊണ്ടുപോകാനാകുകയുള്ളു.
ഉയർന്ന പ്രദേശങ്ങളിൽ ജലദൗർലഭ്യം
നഗരത്തിൽ ജലക്ഷാമം കാര്യമായി അനുഭവപ്പെടുന്നില്ലെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ ഇപ്പോഴും കുടിവെള്ളപ്രശ്നം രൂക്ഷമാണ്. നഗരത്തിലേക്ക് കുടിവെള്ളവിതരണം നടത്തുന്ന ജലസംഭരണികളിൽ ആവശ്യമായ ജലം നിലനിറുത്താനാവാത്തതാണ് ഇതിന് കാരണം. പ്രധാന പൈപ്പുലൈനുകളിലെ ചോർച്ചയും ഉയർന്ന പ്രദേശങ്ങളിൽ ജലം എത്തുന്നതിന് തടസമാണ്. വൈദ്യുതി തടസവും ജലവിതരണത്തെ ബാധിക്കുന്നു. അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസം ഒഴിവാക്കാൻ ഭൂമിക്കടിയിലൂടെ കേബിൾ സ്ഥാപിക്കുന്നത് കെ.എസ്.ഇ.ബി പൂർത്തീകരിച്ചു വരികയാണ്. ഇതുമൂലം 86 എം.എൽ.ഡി, 74 എം.എൽ.ഡി, ജലശുദ്ധീകരണശാലകളിലെ വൈദ്യുതി തടസം ഒഴിവാക്കാം. നഗരപ്രദേശങ്ങളിൽ പൈപ്പുകളിൽ പുറത്തുവരാത്ത ചോർച്ചകൾ കണ്ടെത്താൻ ലീക്ക് ഡിറ്റക്‌ഷൻ ടീമും പ്രവർത്തിക്കുന്നുണ്ട്.
പമ്പിംഗ് കാര്യക്ഷമമാക്കും
അരുവിക്കരയിൽനിന്നുള്ള പമ്പിംഗ് കാര്യക്ഷമമാക്കാൻ ശേഷി കൂടിയ നാല് പമ്പുകൾ സ്ഥാപിക്കും. ഇതോടെ 10 എം.എൽ.ഡി അധികം ജലം നഗരത്തിലേക്ക് എത്തിക്കാനാകും. നെയ്യാർഡാമിൽ നിന്ന് നഗരത്തിൽ ശുദ്ധജലം എത്തിക്കുന്നതിനുള്ള പദ്ധതിയും നടപ്പാക്കുന്നുണ്ട്. നെയ്യാർഡാം മുതൽ തിരുമല വരെയുള്ള പൈപ്പുലൈൻ സ്ഥാപിക്കലും അനുബന്ധകാര്യങ്ങൾക്കും സർക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.