മുടപുരം: അഴൂർ ഗ്രാമപഞ്ചായത്തിലെ ചേമ്പുംമൂല പാടശേഖരത്തിൽ പൂർണമായും കൃഷിയിറക്കാൻ കഴിയാതെ വിലപിക്കുകയാണ് കർഷകർ.ഉപ്പുവെള്ളം കയറുന്നതിനാലാണ് കർഷകർ ദുരിതത്തിലായത്. കഴിഞ്ഞ രണ്ടുമൂന്നു തവണ ഉപ്പുവെള്ളം കയറിയതുമൂലം കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. ഈ പാടശേഖരത്തിന് 15 ഹെക്ടർ വിസ്തൃതി ഉണ്ടെങ്കിലും ഉപ്പുവെള്ളം കയറുന്നതും ആവശ്യത്തിന് ജലസേചനം ഇല്ലാത്തതും കാരണം 4 ഹെക്ടർ വയലിലേ ഇക്കുറി കൃഷിയിറക്കുന്നുള്ളൂ. കൃഷിയിറക്കുന്നതിനായി പാടം ഒരുക്കുന്നതിന് കൃഷിഭവനിലോ പാടശേഖര സമിതിക്കോ ട്രാക്ടർ ഇല്ലാത്തതാണ് കർഷകർ നേരിടുന്ന മറ്റൊരു പ്രശ്നം. വാടകയ്ക്കെടുക്കുന്ന ട്രാക്ടറിന് മണിക്കൂറിന് 1100 - 1200 രൂപവരെ വാടക നൽകേണ്ടിവരുന്നു. റോഡിൽ നിന്ന് പാടത്തേക്ക് ട്രാക്ടർ ഇറക്കാൻ റാമ്പ് നിർമ്മിച്ചിട്ടില്ലാത്തതും കർഷകനെ ബുദ്ധിമുട്ടിക്കുന്നു. മുതലപ്പൊഴി ഭാഗത്ത് കടലിൽ നിന്ന് മഞ്ചാടിമൂട് കായലിലേക്ക് എത്തുന്ന ഉപ്പുവെള്ളം മുക്കോണി തോട് വഴിയാണ് പാടത്ത് കയറുന്നത്. തോടിനും വയലിനും ഇടയിലുള്ള തോട്ടുവരമ്പ് കുറച്ചു ഭാഗം തകർന്നു കിടക്കുന്നതിനാൽ ഇതുവഴിയാണ് ഉപ്പുവെള്ളം വയലിൽ കയറുന്നത്. അതിനാൽ ഉപ്പുവെള്ളം കയറുന്നത് തടയാൻ ഈ ഭാഗത്ത് 50 മീറ്റർ നീളത്തിലെങ്കിലും സൈഡ് വാൾ നിർമ്മിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കായലിൽനിന്നും വെള്ളം കയറുന്ന കൈത്തോടിലുള്ള തടയണയിലെ പലകകൾ നശിച്ചതിനാൽ അതുവഴി ഉപ്പുവെള്ളം കയറുന്നതിനാൽ ഈ തടയണയിൽ പലകകൾ സ്ഥാപിക്കേണ്ടതുണ്ട്. ചേമ്പുംമൂല ഏലായിൽ ജലസേചന സൗകര്യം ഒരുക്കുന്ന ചേമ്പുംമൂല കൈത്തോടിന്റെ ഇരുവശവും തകർന്നിരിക്കുകയാണ്. അതിന്റെ ഇരുവശങ്ങളിലും സൈഡ് വാൾ നിർമ്മിച്ച് പുനരുദ്ധരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. തോട്ടിൽ ഉപ്പുവെള്ളം കയറാതിരിക്കാൻ സൈഡ് വാൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ മൈനർ ഇറിഗേഷൻ വകുപ്പിനും കൃഷി വകുപ്പിനും ഗ്രാമ പഞ്ചായത്തിനും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.