തിരുവനന്തപുരം: കേരളത്തിന്റെ വികസന കാര്യങ്ങളിൽ പ്രവാസികളുടെ സഹകരണം ലക്ഷ്യമിട്ട് രൂപീകരിച്ച ലോക കേരളസഭയിൽ നിന്ന് രാജിവയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് പ്രതിപക്ഷനേതാവും യു.ഡി.എഫ് അംഗങ്ങളും പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.
കക്ഷിരാഷ്ട്രീയ താത്പര്യങ്ങളുടെ പേരിൽ ഇത്തരം സമിതികളിൽ നിന്ന് രാജിവയ്ക്കുന്നത് കേരളത്തെക്കുറിച്ച് ലോകമെമ്പാടും തെറ്റായ സന്ദേശമാവും നൽകുകയെന്നും ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ മുദ്രാവാക്യത്തിന്റെ പേരിലുള്ള ഈ തീരുമാനം പ്രവാസികൾക്ക് നൽകിയ ഉറപ്പിൽ നിന്നുള്ള പിന്മാറ്റമായി അവർകാണും. ആന്തൂർ പ്രശ്നത്തിൽ സാജന്റെ ആത്മഹത്യ വേദനിപ്പിക്കുന്നതാണ്. സർക്കാർ ശക്തമായ നടപടിയാണ് സ്വീകരിച്ചത്. ലൈസൻസ് നൽകുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്കാണ് അധികാരമുള്ളത്. എന്നിട്ടും നഗരസഭാ ചെയർപേഴ്സണെതിരെ നടപടി സ്വീകരിക്കണമെന്ന വിചിത്ര വാദമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇത്തരമൊരു സമീപനം എല്ലായിടങ്ങളിലും സ്വീകരിച്ചാൽ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള ജനപ്രതിനിധികൾ എന്തെല്ലാം കാര്യത്തിൽ കുറ്റവാളികളാവേണ്ടിവരും. ചെയർപേഴ്സൺ രാജിവയ്ക്കണമെന്ന രാഷ്ട്രീയ മുദ്രാവാക്യം പ്രതിപക്ഷം മുഴക്കുന്നതിൽ തെറ്റില്ല. എന്നാൽ സംസ്ഥാനത്തിന്റെ വികസന താത്പര്യങ്ങളുമായി അത് കൂട്ടിക്കുഴയ്ക്കരുത്. ലോക കേരളസഭയുടെ ചർച്ചകളെ ക്രിയാത്മകമാക്കാനുള്ള സമഗ്രസംഭാവനകളാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്ന് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക കേരളസഭയിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനത്തിൽ നിന്ന് പ്രതിപക്ഷനേതാവും യു.ഡി.എഫ് അംഗങ്ങളും പിന്മാറണമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണനും അഭ്യർത്ഥിച്ചു.അതിനുള്ള സമവായത്തിന് ശ്രമിക്കുമെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.