medical-

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസ് നിർണയം വൈകുന്ന സാഹചര്യത്തിൽ, കുട്ടികളിൽ നിന്ന് ബോണ്ട് വാങ്ങി പ്രവേശനം നടത്താനുള്ള സർക്കാർ നീക്കത്തെ എതിർത്ത് മാനേജ്മെന്റുകൾ രംഗത്ത്.

കഴിഞ്ഞ വർഷത്തെ ഫീസ് അടിസ്ഥാനമാക്കി പ്രവേശനം നടത്താനും, ജസ്റ്റിസ് രാജേന്ദ്രബാബു അദ്ധ്യക്ഷനായ ഫീസ് നിർണയസമിതി നിശ്ചയിക്കുന്ന ഫീസ് അടയ്ക്കാൻ തയ്യാറാണെന്ന് പ്രവേശനവേളയിൽ കുട്ടികളിൽ നിന്ന് ബോണ്ട് വാങ്ങാനുമാണ് സർക്കാർ ഒരുങ്ങിയത്. എന്നാൽ, ഇങ്ങനെ ബോണ്ട് എഴുതിവാങ്ങി വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനാവില്ലെന്നും ഫീസ് നിർണയം പൂർത്തിയാവാതെ പ്രവേശന നടപടി തുടങ്ങരുതെന്നും ആവശ്യപ്പെട്ട് സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷൻ സർക്കാരിന് കത്തുനൽകി. മാസങ്ങൾക്ക് മുമ്പ് സമർപ്പിച്ച പ്രോസ്പെക്ടസും ഫീസും ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും ഓപ്ഷൻ സ്വീകരിക്കും മുൻപ് ഫീസ് നിർണയിക്കണമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. പ്രോസ്പെക്ടസ് അംഗീകരിക്കണമെന്ന് അസോസിയേഷൻ കഴിഞ്ഞ ആഴ്ചയും ആരോഗ്യ സെക്രട്ടറിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.

മെഡിക്കൽ കൗൺസിൽ നിർദ്ദേശിച്ച സമയത്തിനുള്ളിൽ പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ടതിനാലാണ് വിദ്യാർത്ഥികളിൽ നിന്ന് ബോണ്ട് വാങ്ങി പ്രവേശനം നടത്താൻ സർക്കാർ ഒരുങ്ങിയത്. ഹൈക്കോടതി ഉത്തരവു പ്രകാരം ഫീസ് നിർണയ സമിതിയുടെ അംഗസംഖ്യ പത്തിൽനിന്ന് അഞ്ചായി കുറയ്ക്കാനുള്ള ബിൽ നിയമസഭ പാസാക്കിയെങ്കിലും ഇനിയും വിജ്ഞാപനം ഇറങ്ങിയിട്ടില്ല. വിജ്ഞാപനമായാൽ ഫീസ് നിർണയത്തിന് ഒരു മാസമെങ്കിലും വേണ്ടിവരും. കഴിഞ്ഞ രണ്ടുവർഷത്തെ ഫീസ് പുനർനിർണയിക്കേണ്ടതുമുണ്ട്. ഈയാഴ്ചതന്നെ ബിൽ ഗവർണറുടെ അംഗീകാരത്തിന് നല്കുമെന്നും ഉടൻ വിജ്ഞാപനം ഉണ്ടാകുമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.

വിജ്ഞാപനമായാൽത്തന്നെ സമിതിയിൽ മെഡിക്കൽ കൗൺസിലിൽനിന്നുള്ള ഒരംഗത്തെ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇതിനായി കൗൺസിലിൽനിന്നുള്ള നാമനിർദ്ദേശം ലഭിക്കുന്നതിനും കാലതാമസമുണ്ടാകും. മറ്റംഗങ്ങളെ സർക്കാരിന് നിർദ്ദേശിക്കാം.

12 മുതൽ 20 ലക്ഷം വരെ ഫീസിന് മാനേജ്‌മെന്റുകൾ

12 മുതൽ 20 ലക്ഷം വരെ വാർഷിക ഫീസ്‌ വേണമെന്നാണ് മാനേജ്‌മെന്റുകൾ ഇക്കൊല്ലവും ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞവർഷവും ഏതാണ്ട് ഇതേനിരക്കുകൾ അവർ ആവശ്യപ്പെട്ടിരുന്നെങ്കിലും അഞ്ചരലക്ഷം മുതലാണ് ഫീസ് നിശ്ചയിച്ചത്. ഇത് സ്വീകാര്യമല്ലെന്നറിയിച്ച് മാനേജ്‌മെന്റുകൾ കോടതിയെ സമീപിക്കുകയായിരുന്നു. ക്വോറം തികയാത്ത സമിതിയാണ് ഫീസ് നിർണയിച്ചതെന്ന്‌ ഹൈക്കോടതി കണ്ടെത്തിയതോടെയാണ് സമിതിയുടെ എണ്ണം കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചത്.

ഇക്കൊല്ലത്തെ ഫീസ് നിശ്ചയിക്കുന്നതിന് മുന്നോടിയായി കോളേജുകളുടെ കണക്കുകൾ പരിശോധിക്കുകയും അവരുടെ വാദം കേൾക്കുകയും വേണം. ഇതിന് മൂന്നാഴ്ചയെങ്കിലും വേണ്ടിവരും. സ്വാശ്രയ കോളേജുകളിലെ ഫീസ് സംബന്ധിച്ച് അവ്യക്തത തുടരുന്നത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കയുണ്ടാക്കുന്നു. ഫീസ് കൃത്യമായി അറിഞ്ഞാലേ റാങ്കിന് അനുസരിച്ച് വിദ്യാർത്ഥികൾക്ക് കോളേജുകൾ തിരഞ്ഞെടുക്കാനാവൂ. പ്രവേശനം നേടിയശേഷം താങ്ങാനാവാത്ത ഫീസ് നിശ്ചയിക്കപ്പെട്ടാൽ അത് വിദ്യാർത്ഥികൾക്ക് തിരിച്ചടിയാവും. ഫീസ് സംബന്ധിച്ച തീരുമാനം പിന്നീട് ആകാമെന്നും അലോട്ട്മെന്റ് നടപടികളിലേക്ക് കടക്കാനുമാണ് എൻട്രൻസ് കമ്മിഷണർക്ക് സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശം.