തിരുവനന്തപുരം: നെടുങ്കണ്ടത്ത് റിമാൻഡ് പ്രതി രാജ്കുമാർ മരണമടഞ്ഞത് ക്രൂരമായ മർദ്ദനത്തെത്തുടർന്നുള്ള ഗുരുതരമായ അന്തരിക മുറിവുകൾ കാരണമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞ സാഹചര്യത്തിൽ ഉത്തരവാദികളായ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
നിഷ്ഠുരമായ മർദ്ദനം പൊലീസ് നടത്തി എന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. മർദ്ദനത്തിൽ വാരിയെല്ലുകൾ ഒടിഞ്ഞെന്നും രണ്ടു കാലിലും ഗുരുതരമായ പരിക്കുകളേറ്റെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ക്രൂരമർദ്ദനത്തെ തുടർന്നുണ്ടായ ന്യുമോണിയയാണ് മരണ കാരണം. തക്ക സമയത്ത് ചികിത്സ നൽകിയതുമില്ല. അതേ പോലെ ഈ മാസം 12 ന് കുട്ടിക്കാനത്ത് വച്ച് നാട്ടുകാരാണ് രാജ്കുമാറിനെ പിടികൂടി പൊലീസിനെ ഏല്പിച്ചതെന്ന ദൃക്‌സാക്ഷി മൊഴിയും പുറത്തു വന്നിട്ടുണ്ട്. 15 നാണ് കസ്റ്റഡിയിലെടുത്തതെന്ന പൊലീസ് വാദം ഇതോടെ പൊളിയുകയാണ്. പൊലീസിന്റെ കള്ളത്തരം മുഴുവൻ പുറത്തു കൊണ്ടു വരാൻ കർക്കശമായ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.