women-prisoners

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്ന് തടവുചാടിയ യുവതികളെ പൊലീസ് പിടികൂടി. ഇന്നലെ രാത്രി 11.30ഓടെ തിരുവനന്തപുരം പാലോട് അടപ്പുപാറ ഉൾവനത്തിൽ വച്ചാണ് വർക്കല തച്ചോട് സജിവിലാസത്തിൽ സന്ധ്യ (26), പാങ്ങോട് വെള്ളയം പുത്തൻവീട്ടിൽ ശിൽപമോൾ (23) എന്നിവരെ പിടികൂടിയത്. ഇരുവരെയും ഇന്ന് പുലർച്ചെ ഫോർട്ട് പൊലിസ് സ്റ്റേഷനിൽ എത്തിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കും.

ചൊവ്വാഴ്ചയാണ് അട്ടക്കുളങ്ങര വനിതാ ജയിലിലെ മുരിങ്ങാ മരത്തിലൂടെ ചാടി ഇരുവരും രക്ഷപ്പെട്ടത്. ജയിൽ ചാടി മെഡിക്കൽ കോളജിലെത്തിയ രണ്ടുപേരും അവിടെ ഭിക്ഷ യാചിച്ച് കിട്ടിയ പണവുമായി വർക്കലയിലേക്ക് പോയി. അവിടെ നിന്ന് ബസിൽ അയിരൂരിലും പിന്നീട് പരവൂർ ആശുപത്രിയിലുമെത്തി. തുടർന്ന് പൊലീസ് പിന്തുടരുന്നെന്ന് മനസിലാക്കി പാങ്ങോടുള്ള ശില്പയുടെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ്

ഫോർട്ട് എ.സി പ്രതാപചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇരുവരെയും പിടികൂടിയത്.

ഇവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കഴിഞ്ഞ ദിവസം പ്രതികളുടെ ബന്ധുക്കളെ ചോദ്യം ചെയ്തതിൽ നിന്ന് ഇവരെക്കുറിച്ച് ചില സൂചനകൾ ലഭിച്ചിരുന്നു. പാരിപ്പള്ളിയിൽ വച്ച് ശിൽപ നന്ദിയോട്ടുള്ള സഹോദരനുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതാണ് പൊലീസിന് പിടിവള്ളിയായത്. വനപാതയിലൂടെ ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പാലോട് ടൗണിൽ നിന്ന് ആറു കിലോമീറ്റ‌ർ അകലെ അടപ്പുപാറ വനത്തിൽ വച്ച് പൊലിസ് സംഘം ഇവരെ പിടികൂടിയത്.അതേസമയം, തടവുപുള്ളികൾ രക്ഷപ്പെട്ട സംഭവത്തിൽ ജയിൽ ജീവനക്കാർക്കെതിരെയുള്ള നടപടി വരുംദിവസങ്ങളിൽ തീരുമാനിക്കും. പ്രാഥമികാന്വേഷണത്തിൽ തന്നെ ജീവനക്കാരുടെ അനാസ്ഥ വ്യക്തമായിരുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. രണ്ടു തടവുപുള്ളികൾ ജയിൽചാടിയിട്ടും അത് ഉറപ്പിക്കാൻ ജീവനക്കാർക്ക് മണിക്കൂറുകൾ വേണ്ടിവന്നിരുന്നു.