chit-fund-fraud

കാസർകോട്: കോടികളുടെ നിക്ഷേപം കൈക്കലാക്കിയ ചിട്ടിക്കമ്പനി ഉടമകളിലൊരാൾ ഭാര്യയുമായി മധുവിധു കാലം ഉല്ലസിക്കാൻ പോയത് തായ്‌ലൻഡിലേക്ക്. വിവാഹം കഴിഞ്ഞു കുഞ്ഞുപിറന്നപ്പോൾ ബർത്ത്‌ഡേ ആഘോഷിച്ചത് മുംബയിലെയും വിദേശത്തെയും വൻകിട റിസോർട്ടുകളിലും പാർക്കുകളിലും. സഞ്ചരിക്കാൻ ഇരുപതും ഇരുപത്തിയഞ്ചും ലക്ഷം രൂപ വിലമതിക്കുന്ന വാഹനങ്ങൾ. നാട്ടിൽ മുഴുവൻ സ്ഥാപനങ്ങളും സ്ഥലം വാങ്ങിക്കൂട്ടലും.

ആർഭാട ജീവിത കഥകൾ ഓരോന്നായി പുറത്തുവരുമ്പോൾ ചിട്ടിയിൽ പണം നിക്ഷേപിച്ച് വഞ്ചിതരായ പാവങ്ങൾ പണം തിരിച്ചുകിട്ടാതെ കടക്കെണിയിലാണ്. കബളിക്കപ്പെട്ട 35 ഓളം നിക്ഷേപകർ ഒത്തുചേർന്ന് കാസർകോട് ജില്ലാ പൊലീസ് ചീഫ് ജെയിംസ് ജോസഫിന് പരാതി നൽകിയതോടെയാണ് കോടികൾ തട്ടിയ കഥകൾ വെളിച്ചത്തുവന്നത്. കാസർകോട് ബാങ്ക് റോഡിലെ സ്വകാര്യ കെട്ടിടത്തിൽ അഞ്ചു വർഷത്തിലേറെയായി പ്രവർത്തിച്ചു വന്നിരുന്ന ചന്ദ്രഗിരി ചിട്ടി ഫണ്ട് നടത്തിപ്പുകാർക്ക് എതിരെയാണ് നിക്ഷേപകർ രംഗത്തുവന്നിരിക്കുന്നത്.

പെരുമ്പളയിലെ കുഞ്ഞടുക്കം രജിത് കുമാർ, കളനാട് പള്ളിപ്പുറം വീട്ടിൽ ദീപേഷ്, പരവനടുക്കം കുളങ്ങര വീട്ടിൽ ഉണ്ണികൃഷ്ണൻ, പാലക്കുന്നിലെ നികേഷ് എന്നിവർക്കെതിരെയാണ് എസ്.പിക്ക് പരാതി നൽകിയത്. ഇതിന് പുറമെ ബേഡകം, മേൽപറമ്പ്, കാസർകോട് പൊലീസ് സ്റ്റേഷനുകളിലും ഇവർക്കെതിരെ ഇടപാടുകാർ പരാതി നൽകിയിട്ടുണ്ട്. ഒരു ലക്ഷം, മൂന്ന് ലക്ഷം, അഞ്ചു ലക്ഷം വീതമുള്ള ചിട്ടികൾക്ക് കൂടിയ ഇടപാടുകാർ പ്രതിമാസം പതിനായിരം മുതൽ 25000 രൂപ വരെയുള്ള നിക്ഷേപമാണ് നൽകിയത്. ചിട്ടികളുടെയെല്ലാം കാലാവധി തീർന്നതോടെ ഉടമകൾ മുഴുവൻ പണവുമായി മുങ്ങിയെന്നാണ് പറയുന്നത്. ഇവരെല്ലാം ഗൾഫിലേക്ക് പണം കടത്തിയെന്നും ഷാർജയിലേക്ക് കടന്നതായും ഇടപാടുകാർ പറയുന്നു. ഫോണുകൾ മുഴുവൻ സ്വിച്ച് ഓഫ് ആയതിനാൽ ബന്ധപ്പെടാൻ കഴിയുന്നില്ല.

അന്യസംസ്ഥാനത്ത് നടത്തിയെന്ന് പറയുന്ന വ്യാജ രജിസ്‌ട്രേഷൻ രേഖ കാണിച്ചാണ് പണം വാങ്ങിയത്. ചിട്ടിയിൽ ചേർന്നവർക്കെല്ലാം വിശ്വാസമാർജ്ജിക്കാനായി എഗ്രിമെന്റും ചെക്കും നൽകിയിരുന്നു. ഇതുമായി ബാങ്കിൽ ചെന്നപ്പോൾ ആണ് വണ്ടിച്ചെക്കാണെന്ന് വ്യക്തമായത്. ആപ്സ്റ്റിൻകോ ട്രേഡേഴ്‌സ് എന്ന പേരിലാണ് കുമാരന് എഗ്രിമെന്റ് ഒപ്പിട്ടു നൽകിയത്. ഈ രീതിയിൽ 300 ഓളം ആളുകളിൽ നിന്നുമായി എട്ട് കോടിയിലേറെ രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോപണം. ചിട്ടിപ്പണത്തിന് പുറമെ വ്യവസായവും സ്ഥാപനങ്ങളും തുടങ്ങാനെന്നു വാഗ്ദാനം ചെയ്തു പത്തും ഇരുപതും ലക്ഷം രൂപ വീതം നൂറും ഇരുന്നൂറും ദിവസം കാലാവധി നിശ്ചയിച്ചു വാങ്ങിയും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പറയുന്നു.

കൊളത്തൂർ പെർളടുക്കത്തെ വി കൃഷ്ണനോട് പാലക്കുന്നിൽ വൻപദ്ധതി തുടങ്ങുമെന്ന് വാഗ്ദാനം ചെയ്താണ് പത്ത് ലക്ഷം രൂപ വാങ്ങിയത്. ചട്ടഞ്ചാലിലെ വി. രാമചന്ദ്രനിൽ നിന്ന് ചിട്ടിയിനത്തിൽ അഞ്ചു ലക്ഷം രൂപയാണ് തട്ടിയത്. പ്രവാസിയായ മോഹനൻ പുള്ളത്തൊട്ടിയും ചെമ്മനാട്ടെ ഉണ്ണികൃഷ്ണനും ലക്ഷങ്ങളുടെ ചിട്ടിക്ക് ചേർന്നാണ് വഞ്ചിതരായത്. രണ്ടു മാസം മുമ്പ് വരെ ചിട്ടിഫണ്ടിന്റെ ഓഫീസ് പ്രവർത്തിച്ചുവന്നിരുന്നു. കുറേനാളുകളായി വാടക നൽകാത്തതിനാൽ ഓഫീസിന് കെട്ടിട ഉടമയുടെ പൂട്ട് വീണു. ലക്ഷങ്ങളുടെ നാല് വാഹനം ഉണ്ടായിരുന്നത് പണം കിട്ടാനുള്ളവർ കൊണ്ടുപോയി. വാങ്ങിക്കൂട്ടിയ സ്ഥലത്തിനെല്ലാം മുടക്കുമുതലിന് തുല്യമായ ബാങ്ക് വായ്പയും ഉണ്ടെന്ന് ഇവർ പറയുന്നു. കാലാവധി തികഞ്ഞ ചിട്ടിപ്പണം ചോദിച്ചു നിയമനടപടിക്ക് പോയാൽ നിങ്ങളുടെ പേരെഴുതി വെച്ച് ആത്മഹത്യ ചെയ്യുമെന്നാണ് നടത്തിപ്പുകാരുടെ ഭീഷണിയെന്നും ഇടപാടുകാർ പറയുന്നു. ഇക്കാര്യം ഇവർ ജില്ലാ പൊലീസ് ചീഫിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.