തിരുവനന്തപുരം: പൊലീസുദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേരെ ഹണിട്രാപ്പിൽ പെടുത്തിയ യുവതിയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. നിരവധി പേർ ഹണി ട്രാപ്പിനിരയായിട്ടും ആരും പരാതി നൽകാത്തതിനാൽ പൊലീസ് യുവതിക്കെതിരെ കേസെടുത്തിട്ടില്ല. തന്റെ സുഹൃത്തുമായി യുവതി നടത്തിയ ഫോൺ സംഭാഷണം പുറത്തായതോടെ തലസ്ഥാനത്തെ ഒരു പ്രമുഖനും ഹണിട്രാപ്പിൽ പെട്ടെന്ന സൂചന പുറത്തുവരികയായിരുന്നു.
യുവതിയുടെ ഭീഷണിക്ക് ഇരയായ എസ്. ഐ യുടെ പ്രശ്നം തീർക്കണമെന്നാവശ്യപ്പെട്ട തന്റെ സുഹൃത്തിനോട് എസ്. ഐയുടെ കാശ് തനിക്ക് വേണ്ടെന്നും ആ പ്രമുഖൻ തന്റെയടുത്ത് വരട്ടെയെന്നുമാണ് യുവതി പറയുന്നത്. തനിക്ക് കാശ് ആവശ്യമില്ല. തനിക്ക് വേണമെങ്കിൽ തലസ്ഥാനത്തെ പ്രമുഖനായ ആൾ പത്ത് ലക്ഷമല്ല പതിനഞ്ച് ലക്ഷം വേണമെങ്കിൽ തരും. എസ്. ഐക്കെതിരെ പരാതി കൊടുത്ത കാര്യം ഈ പ്രമുഖനോട് പറഞ്ഞിരുന്നു. തന്റെ പേര് നീ ആരോടും പറയല്ലെ കൊച്ചേ എന്നാണ് പ്രമുഖൻ തന്നോട് ആവശ്യപ്പെട്ടതെന്നാണ് യുവതി സുഹൃത്തിനോട് പറഞ്ഞത്. നിരവധി പൊലീസുകാർ യുവതിയുടെ ഹണിട്രാപ്പിൽ പെട്ടതോടെ യുവതിയുമായി ഫോണിൽ നിരന്തരം സംസാരിക്കുന്നവരെ പൊലീസ് പൊക്കിയപ്പോഴാണ് റെക്കോർഡ് ചെയ്ത ഈ ഫോൺ സംഭാഷണം സുഹൃത്ത് പൊലീസിന് കൈമാറുന്നത്. പൊലീസിൽ നിന്നാണ് ഈ ഫോൺ സംഭാഷണം ചോർന്നതെന്നു കരുതുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി മുന്നൂറോളം പേരെങ്കിലും യുവതിയുടെ ഹണിട്രാപ്പിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. ആലപ്പുഴയിലെ ഒരു എസ്. ഐ യുവതിയുടെ ശല്യം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യാനൊരുങ്ങിയിരുന്നു. തുടർന്ന് ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഇടപ്പെട്ടതുകൊണ്ടാണ് ഇയാൾ രക്ഷപ്പെട്ടത്.
ഫേസ് ബുക്കിലൂടെയാണ് യുവതി ഇരകളെ കണ്ടെത്തിയിരുന്നത്. ഫ്രണ്ട്ഷിപ്പ് സ്വീകരിക്കുന്നവർക്ക് മെസൻജറിലൂടെ നിരുപദ്രകരമായ മെസേജുകൾ അയക്കുകയാണ് ആദ്യപടി. പിന്നീട് പതുക്കെ സംസാരിക്കാൻ തുടങ്ങും. ഇവരുടെ മാനസികാവസ്ഥ മനസ്സിലാക്കിയ ശേഷമാണ് രീതി മാറ്രുക. കുറച്ചുകൂടി സൗഹൃദം സ്ഥാപിച്ച ശേഷം പതുക്കെ ലൈംഗിക ചുവയുള്ള മെസേജുകളിലേക്ക് നീങ്ങും. കൂടുതൽ സൗഹൃദമാക്കി കഴിഞ്ഞാൽ ആളെയും കൂട്ടി പുറത്തെവിടെയെങ്കിലും പോവും. അവിടെ നിന്ന് ഒരുമിച്ചുള്ള കിടപ്പറ ദൃശ്യങ്ങൾ ഫോണിലൂടെ അയച്ചുകൊടുക്കലാകും അടുത്ത നടപടി. പിന്നെ ഇയാൾക്ക് നിരന്തരമായി ഫോൺ ചെയ്യും. ജോലി സ്ഥലത്തു ചെല്ലും. പതുക്കെ ഒരു ശല്യക്കാരിയായി മാറും. ഇതോടെ യുവതി ബ്ലാക്ക് മെയിലിംഗ് തുടങ്ങും. പിൻവാങ്ങാനായി വൻ തുകകളായിരിക്കും യുവതി ആവശ്യപ്പെടുക. ഇത് നൽകാൻ ഇരയായ ആൾ നിർബന്ധിതനാകും.
ഏതെങ്കിലും പ്രമുഖരുടെ സുഹൃത്തോ ബന്ധുവോ എന്ന കാര്യം പറഞ്ഞായിരിക്കും യുവതി പ്രമുഖരെ ബന്ധപ്പെടുക. പലരും ദിവസങ്ങൾക്കുള്ളിൽ യുവതിയുടെ തട്ടിപ്പിനിരയാകും. അതേ സമയം ഹണി ട്രാപ്പിനെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ തങ്ങളുടെ പേര് പുറത്തുവരുമോ എന്ന ആശങ്കയിലാണ് തലസ്ഥാനത്തെ പല പ്രമുഖരും.