ബോറടി മാറ്റാൻ വീട്ടിലെ ചവറ്റുകുട്ടയിൽ കിടന്ന വർണകടലാസുകൾ കൊണ്ട് സാബിറ വെറുതേയുണ്ടാക്കിയ ചില കൗതുക വസ്‌തുക്കൾ 12 രാജ്യങ്ങളിലേക്ക് പറക്കുന്ന സമ്മാനപ്പൊതികളായി മാറിയത് യാദൃശ്ചികമാണ്. വിശ്വസിക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടല്ലേ. സത്യമാണ്. ആ കഥ പറയാമിനി. സാബിറ എന്ന ഇരുപത്തിമൂന്നുകാരിയെവ്യത്യസ്തതയുടെ വിസ്‌മയം എന്നും വിളിക്കാം. 'ആർട്ട് കേയ്സ്' എന്ന പേരിൽ സ്‌പെഷ്യൽ സമ്മാനങ്ങളുണ്ടാക്കി ഓൺലൈൻ വിപണി കീഴടക്കിയിരിക്കുകയാണ് സാബിറ.
തിരുവനന്തപുരം പി.എം.ജിയിൽ എൻ. ജി.ഒ. കോട്ടേഴ്സിലെ താമസക്കാരായ ബദറുദീൻ - ആബിദ ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തവളാണ് സാബിറ. ബി.എ. ഇക്കണോമിക്സിൽ ബിരുദ പഠനത്തിന് ശേഷം സിവിൽ സർവീസ് പരിശീലനത്തിനായി വീട്ടിലിരിക്കുന്ന വേളയിലാണ് വർണ്ണകടലാസുകളും മുത്തുകളും ഗ്ലാസുകളുമൊക്കെ ചേർത്ത് കൗതുകവസ്തുക്കളുണ്ടാക്കിത്തുടങ്ങിയത്.
കൂട്ടുകാരൊക്കെ ബിരുദാനന്തര ബിരുദത്തിനും ജോലിക്കുമൊക്കെയായി പോയപ്പോൾ താനൊന്നും ചെയ്യുന്നില്ലെന്ന തോന്നാലാണ് ഇത്തരമൊരു സംരംഭത്തിലെത്തിച്ചതെന്ന് സാബിറ പറയുന്നു. മാതാപിതാക്കളും അനുജത്തി അലാ ഫാത്തിമയും കുഞ്ഞനുജൻ ആബിദ് മുഹമ്മദും ചേച്ചിക്കൊപ്പം കൂടിയതോടെ ആ രണ്ട് മുറി കോട്ടേഴ്സിൽ ഒരു ബിസിനസ് സംരംഭം പിച്ചവയ്‌ക്കാൻ തുടങ്ങി.
സമ്മാനവിശേഷങ്ങളിലേക്ക്
ജന്മദിനം, ആനിവേഴ്സറികൾ തുടങ്ങി ഏത് ആഘോഷങ്ങൾക്കും സമ്മാനിക്കാൻ തരത്തിലുള്ള സ്പെഷ്യൽ സമ്മാനങ്ങളാണ് സാബിറ ഒരുക്കിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ 'theartcaisse' എന്ന പേരിൽ സാബിറയ്ക്ക് അക്കൗണ്ടുണ്ട്. അൻപത് രൂപ മുതൽ 5,000 രൂപ വരെ വിലവരുന്ന സമ്മാനങ്ങളുടെ ചിത്രങ്ങൾ ഇതിൽ നിന്ന് ആവശ്യക്കാർക്ക് തിരഞ്ഞെടുക്കാം. ശേഷം അക്കൗണ്ടിൽ നൽകിയിരിക്കുന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെട്ടാൽ സമ്മാനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സാബിറ ലഭ്യമാക്കും. അതല്ല പ്രിയപ്പെട്ടവരുടെ ചിത്രങ്ങളൊക്കെ ഉൾപ്പെടുത്തി വ്യത്യസ്തമായ സമ്മാനങ്ങൾ ആവശ്യമെങ്കിൽ അവ നിർമ്മിച്ച് നൽകും. നിർമ്മാണം കഴിഞ്ഞാൽ സമ്മാനത്തിന്റെ വീഡിയോ ആവശ്യക്കാർക്ക് അയച്ചുനൽകും. സംഗതി ഇഷ്ടപ്പെട്ടാൽ ലോകത്ത് എവിടെയാണെങ്കിലും സാബിറ പോസ്റ്റിലോ കോറിയറിലോ എത്തിച്ച് തരും. പണം ഓൺലൈനായി അടച്ചാൽ മതിയാകും. ഇനി തിരുവനന്തപുരത്താണെങ്കിൽ ഡോർ ഡെലിവറി സംവിധാനവും ഒരുക്കിയിട്ടുണ്ട്. കാനഡ, സ്കോട്ട്ലാന്റ്, ഷാർജ, യു.എ.ഇ, സിംഗപൂർ, മലേഷ്യ തുടങ്ങി പതിനാലോളം രാജ്യങ്ങളിലേക്ക് സാബിറയുടെ സമ്മാനപൊതികൾ പറക്കുന്നുണ്ട്. ഒരുവർഷത്തിനിടെ അറുന്നൂറോളം സ്പെഷ്യൽ സമ്മാനങ്ങളാണ് സാബിറ നിർമ്മിച്ച് നൽകിയത്. മാസം മുപ്പതിലേറെ ഓഡറുകൾ ലഭിക്കുന്നുണ്ടെന്ന് സാബിറ പറയുന്നു.പോക്കറ്റ്മണിക്കായി ആരംഭിച്ചത് ഇപ്പോൾ മികച്ച വരുമാനമെരുക്കുന്നുവെന്നും സാബിറ പറയുന്നു. അധ്വാനിക്കാനുള്ള മനസും അൽപ്പം കലാവാസനയുമുണ്ടെങ്കിൽ കുറഞ്ഞ മുതൽ മുടക്കിൽ ആർക്കും ഈ സംരംഭത്തിലേക്ക് കടന്നുവരാമെന്നും സാബിറ .
പ്ലസ് ടു വരെ പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ പഠിച്ച സാബിറ മാർ ഇവാനിയോസ് കോളേജിൽ നിന്നാണ് ബിരുദം നേടിയത്. ഇപ്പോൾ ചരിത്രത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്. അച്ഛൻ ബദറുദ്ദീൻ ആട്ടോഡ്രൈവറാണ്. പൂജപ്പുര ആയുർവേദ കോളേജിൽ നഴ്സാണ് അമ്മ ആബിദ . പട്ടം മോഡൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി അനുജൻ ആബിദ് മുഹമ്മദാണ് അനുജൻ. അനുജത്തി അലാ ഫാത്തിമ കാര്യവട്ടം കോളേജിലെ ബി.എസ്.ഇ. ജോഗ്രഫി അവസാനവർഷ വിദ്യാർത്ഥിയാണ്.