നീറ്റ് ഫലവും അതിൽ നിന്നുള്ള സംസ്ഥാന യോഗ്യതാ പട്ടികയുമൊക്കെ പുറത്തുവന്നിട്ടും ഈ വർഷത്തെ മെഡിക്കൽ പ്രവേശനം തുടങ്ങാനാവാതെ മുകളിലേക്ക് നോക്കിയിരിക്കുകയാണ് ചുമതലപ്പെട്ടവർ. കാരണം വേറൊന്നുമല്ല. സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഇതുവരെ ഫീസ് നിർണയം നടന്നിട്ടില്ല. ഈ വർഷത്തെ മാത്രമല്ല, കഴിഞ്ഞ രണ്ടുവർഷത്തെ ഫീസ് നിരക്കും പുനർനിർണയിക്കേണ്ട സ്ഥിതിയിലാണ്. വിദ്യാർത്ഥികളിൽ നിന്ന് തത്കാലം ഒരു തുക ഫീസ് ഈടാക്കി, ശേഷിക്കുന്ന തുകയ്ക്കു ബോണ്ട് എഴുതിവാങ്ങി പ്രവേശനം നൽകുന്നതിനെക്കുറിച്ച് ആലോചിക്കുകയാണു സർക്കാർ. എന്നാൽ ഫീസ് എത്രയെന്നു നിശ്ചയിക്കാതെ പ്രവേശന നടപടിയുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് സ്വകാര്യ മാനേജ്മെന്റുകൾ. ഇതിൽ അവർ ഉറച്ചുനിൽക്കുകയാണെങ്കിൽ സർക്കാർ മെഡിക്കൽ കോളേജുകളിലെ 900 സീറ്റുകളിലേക്ക് മാത്രം ഉടൻ പ്രവേശനം നടത്തുന്നതിനെക്കുറിച്ചാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നതത്രെ. എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനം സംബന്ധിച്ച വിജ്ഞാപനം വ്യാഴാഴ്ച ഇറങ്ങേണ്ടതായിരുന്നു. ഫീസ് ഘടന അനിശ്ചിതത്വത്തിലായതോടെ അതു നടന്നില്ല.
മുൻ വർഷങ്ങളിലെപ്പോലെ ഇക്കുറിയും മെഡിക്കൽ പ്രവേശനം പ്രതിസന്ധിയിലാകുന്ന ലക്ഷണമാണു കാണുന്നത്. സീറ്റുകൾ പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കവും മുൻവർഷങ്ങളിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 'നീറ്റ്" രാജ്യമൊട്ടാകെ ബാധകമായതോടെ ഇക്കാര്യത്തിൽ ഇപ്പോൾ തർക്കങ്ങൾക്ക് വഴിയില്ലാതായിട്ടുണ്ട്. എന്നാൽ ഫീസ് ഘടന ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്. കേരളത്തിൽ കഴിഞ്ഞ വർഷത്തെ ഫീസ് ഘടന സ്വാശ്രയ മാനേജ്മെന്റുകൾ കോടതിയിൽ പോയി റദ്ദാക്കിയിരുന്നു. ഫീസ് നിർണയ സമിതിയുടെ ഘടനയെച്ചൊല്ലിയുള്ള തർക്കമാണ് ഫീസ് തന്നെ റദ്ദാക്കാൻ കാരണം. പത്ത് അംഗങ്ങൾ എന്ന പഴയനില മാറ്റി അഞ്ചുപേരുള്ള കമ്മിറ്റി രൂപീകരിക്കാനുള്ള നിയമം ഉണ്ടാക്കിയെങ്കിലും വിജ്ഞാപനമായി ഇറക്കാൻ വൈകി. തിരഞ്ഞെടുപ്പ് ചട്ടത്തിൽ കുടുങ്ങി അത് കിടന്നുപോയി. പ്രവേശന നടപടികൾ ആരംഭിക്കേണ്ട ഘട്ടമെത്തിയപ്പോഴാണ് ഇക്കാര്യത്തിൽ സർക്കാരിനു ബോധോദയമുണ്ടായത്. ഇനി ഫീസ് നിർണയ സമിതി രൂപീകരിച്ച് നടപടികൾ തുടങ്ങിയാലും ഏറെ സമയമെടുക്കുമെന്ന് തീർച്ചയാണ്. ചുരുക്കത്തിൽ വ്യക്തമായ ഫീസ് ഘടനയോടെ മെഡിക്കൽ പ്രവേശനം ഉടനടി നടത്താവുന്ന സ്ഥിതിയിലല്ല കാര്യങ്ങൾ. കഴിഞ്ഞ വർഷം അഞ്ചര ലക്ഷം രൂപ മുതലാണ് സ്വാശ്രയ മെഡിക്കൽ കോളേജുകൾ ഫീസ് ഈടാക്കിയത്. ഇതാണ് കോടതി ഇടപെട്ട് റദ്ദാക്കിയത്. ഈ വർഷം മാനേജ്മെന്റുകൾ ആവശ്യപ്പെടുന്നത് പതിനൊന്നുലക്ഷം മുതൽ ഇരുപതുലക്ഷം വരെയാണ്. സർക്കാർ ഇത് അംഗീകരിക്കാൻ പോകുന്നില്ലെന്നതും തീർച്ചയാണ്. ചുരുക്കത്തിൽ ഇക്കുറിയും മെഡിക്കൽ പ്രവേശനം കോടതികയറാനുള്ള സാദ്ധ്യതയാണു കാണുന്നത്.
ചെയ്യേണ്ട കാര്യങ്ങൾ യഥാകാലം ചെയ്യാതെ അവസാന ഘട്ടത്തിൽ സങ്കീർണ സ്ഥിതിയിലാക്കുന്ന പതിവ് സർക്കാർ ശൈലിയാണ് മെഡിക്കൽ പ്രവേശന വിഷയത്തിൽ ഇപ്പോഴും കാണാൻ കഴിയുന്നത്. മേയ് മാസം 'നീറ്റ് " പരീക്ഷ നടക്കുമെന്നും ജൂൺ മദ്ധ്യത്തോടെ ഫലം വന്നു കഴിഞ്ഞാൽ പ്രവേശന നടപടികൾക്കു തുടക്കം കുറിക്കണമെന്നും അറിയാത്തവരല്ല മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും അതിലെ ഉദ്യോഗസ്ഥരും. ആരോഗ്യവകുപ്പിനും ഇതൊക്കെ അറിയാം. ഫീസ് നിർണയ സമിതി നിശ്ചയിച്ച കഴിഞ്ഞ വർഷത്തെ ഫീസ് ഘടന കോടതി റദ്ദാക്കിയിട്ട് മാസങ്ങളായി. പകരം സമിതിയെ നിയമിച്ച് റിപ്പോർട്ട് വാങ്ങാൻ ഇതിനകം ധാരാളം സമയമുണ്ടായിരുന്നു. ജൂലായ് 31-നകം മെഡിക്കൽ പ്രവേശന നടപടികൾ അവസാനിപ്പിക്കണമെന്നാണ് മെഡിക്കൽ കൗൺസിൽ ചട്ടം. ഇതേപ്പറ്റി തികഞ്ഞ ധാരണയുണ്ടായിട്ടും ആവശ്യമായ നടപടി കൈക്കൊണ്ടില്ല. സർക്കാരിന്റെ ഈ വീഴ്ചയ്ക്ക് പതിവുപോലെ ഇത്തവണയും എത്രയോ വിദ്യാർത്ഥികൾ കണ്ണീരൊഴുക്കേണ്ടി വരുമെന്നാണ് തോന്നുന്നത്. ഫീസ് ഘടന മുൻകൂർ അറിഞ്ഞാലല്ലേ സർക്കാർ സീറ്റിൽ പ്രവേശനം ലഭിക്കാത്ത കുട്ടികൾക്ക് സ്വാശ്രയ കോളേജ് തിരഞ്ഞെടുക്കാനാവൂ.
ഓരോ കോളേജിന്റെയും വരവു ചെലവുകൾ വിലയിരുത്തി വേണം ഫീസ് നിർണയിക്കാൻ. ഫീസ് നിർണയ സമിതി ഇതുവരെ രൂപീകരിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഇനി എന്നാണ് ഇതൊക്കെ പൂർത്തിയാക്കുക എന്ന് നിശ്ചയമില്ല. മെഡിക്കൽ പ്രവേശന നടപടികൾ എല്ലാ വർഷവും ഒന്നല്ലെങ്കിൽ മറ്റൊരു കാരണമുണ്ടാക്കി അലങ്കോലമാക്കാനും അതിലൂടെ സ്വാശ്രയ ലോബിക്ക് നേട്ടമുണ്ടാക്കാനും ആരൊക്കെയോ മനഃപൂർവം ശ്രമിക്കുന്നു എന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് ഈ വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തു കാണുന്ന കെടുകാര്യസ്ഥത. മെഡിക്കൽ പഠനം സ്വപ്നം കണ്ടുകഴിയുന്ന ഒട്ടേറെ കുട്ടികളുടെ കണ്ണീർ കണ്ടാലേ ഓരോ വർഷവും പ്രവശനം അവസാനിപ്പിക്കൂ എന്ന വാശിയാണ്. പ്രത്യേക വകുപ്പും വേണ്ടത്ര ഉദ്യോഗസ്ഥന്മാരുമൊക്കെ ഉണ്ടായിട്ടും സ്ഥിതി മാറുന്നില്ല. ഫീസുമായി ബന്ധപ്പെട്ട വിലപേശലുകൾ എപ്പോഴും മാനേജ്മെന്റുകൾക്കു നേട്ടമുണ്ടാകും വിധമാണ് അവസാനിക്കുന്നത്. ഇത്തവണയും അത്തരത്തിലാണ് കാര്യങ്ങൾ പോകുന്നത്.