nh

തിരുവനന്തപുരം: കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ദേശീയപാത നാലുവരിയാക്കിയുള്ള വികസനപ്രവർത്തനങ്ങൾ രണ്ടാം മുൻഗണനാ പട്ടികയിലേക്കു മാറ്റിയ തീരുമാനം കേന്ദ്രം റദ്ദാക്കി. ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പൊതുമരാമത്തു വകുപ്പിന് ലഭിച്ചു. വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കാനും ഭൂമി ഏറ്റെടുക്കൽ തുടങ്ങാനും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. നിറുത്തിവച്ച പ്രവർത്തനങ്ങൾ പുതിയ ഉത്തരവിനെ തുട‌ർന്ന് ഉടൻ പുനരാരംഭിക്കും.

കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ദേശീയപാത അതോറിട്ടി അവലോകന യോഗത്തിലാണ് മുൻ ഉത്തരവ് റദ്ദാക്കാനുള്ള തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് അതോറിട്ടി ചെയർമാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങളെ രണ്ടാം മുൻഗണനാ പട്ടികയിലേക്കു മാറ്റിയത്. ഇതിൽ കേരളം കടുത്ത പ്രതിഷേധമുയർത്തി. പിന്നാലെ, മറ്റൊരു വിജ്ഞാപനം കൂടി ഇറങ്ങിയെങ്കിലും ആദ്യത്തേത് മരവിപ്പിക്കാഞ്ഞതിനാൽ ആശങ്ക ബാക്കിയായി.

മന്ത്രി ഗഡ്കരി തലസ്ഥാനത്ത് സ്വകാര്യ സന്ദർശനത്തിനെത്തിയപ്പോൾ മുഖ്യമന്ത്രി നൽകിയ വിരുന്നിനിടെ ദേശീയപാത വിഷയത്തിൽ സംസ്ഥാനത്തോട് അദ്ദേഹം അനുഭാവം പ്രകടമാക്കിയിരുന്നു. പിന്നീട് ഇക്കഴിഞ്ഞ 15ന് ഡൽഹിയിൽ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും ഗഡ്കരിയുമായി ഈ വിഷയത്തിൽ ചർച്ചനടത്തുകയും ചെയ്തു.

തന്റെ അറിവില്ലാതെയാണ് എൻ.എച്ച്.എ.ഐ നേരത്തേ തീരുമാനമെടുത്തതെന്നും ഇതു റദ്ദാക്കുമെന്നും അദ്ദേഹം അന്നു പറഞ്ഞിരുന്നു. കേരളത്തിൽ ഭൂമി ഏറ്റെടുക്കലിന് മറ്രു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ പണം വേണ്ടിവരുമെന്നതിനാൽ 5000 കോടി രൂപ സംസ്ഥാനം വഹിക്കണമെന്ന മുൻ നിർദ്ദേശത്തെക്കുറിച്ച് പുതിയ ഉത്തരവിൽ പരാമർശമില്ല.

ദേശീയപാത 66-​ൽ വരുന്ന എല്ലാ പ്രവൃത്തികളുടെയും വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്ന നടപടി സംസ്ഥാനം 2016​-ൽത്തന്നെ തുടങ്ങിയിരുന്നു. അത് അവസാനഘട്ടത്തിൽ എത്തിയപ്പോഴാണ് അപ്രതീക്ഷിത തടസമെത്തിയത്. സ്ഥലമെടുപ്പിനുള്ള 3​ എ വിജ്ഞാപനം 90 ശതമാനത്തിലേറെയായി. 3​ഡി വിജ്ഞാപനം 68 ശതമാനത്തിലധികം പൂർത്തിയായിരുന്നു.