ആനയ്ക്ക് ആനയുടെ വലിപ്പമറിയില്ല എന്ന് പറയുന്നത് പോലെയാണ് ചില പ്രത്യേകതരം ഫേസ്ബുക്ക് സിംഹങ്ങളുടെയും കാര്യം. സിംഹത്തിനറിയില്ല, താനൊരു സിംഹമാണെന്ന്. പൂച്ച റോഡിൽ പ്രസവിച്ചാൽ അതെന്തുകൊണ്ട് സംഭവിച്ചു, അതിലൊരു പൂച്ചാവകാശ ധ്വംസനമുണ്ടായില്ലേ എന്ന് ചോദിക്കുന്നതാണ് ഇത്തരം സിംഹങ്ങളുടെ ലക്ഷണമെന്നാകിൽ അങ്ങനെ ലക്ഷണമൊത്തൊരു സിംഹമാണ് തൃത്താല അംഗം വി.ടി. ബൽറാം.
'അങ്ങൊരു വ്യത്യസ്തനാണെന്ന് തോന്നിപ്പിക്കുന്ന ആളല്ലേ, ഫേസ്ബുക്കിലൊക്കെ പോസ്റ്റുകളിട്ടിട്ട് ' എന്ന് ചോദിച്ച് ഫേസ്ബുക്ക് സിംഹത്തിന്റെ വലിപ്പം വരച്ചുകാട്ടാനൊരുമ്പെട്ടത് ജെയിംസ് മാത്യുവാണ്. പാലാരിവട്ടം പാലം തകർന്നത് സംബന്ധിച്ച് പോസ്റ്റൊന്നും കാണാത്തതിനാൽ തകർന്ന റോഡുകളുടെയും പാലങ്ങളുടെയും പിന്നിലെ അഴിമതികളെപ്പറ്റി ഒരു ഫേസ്ബുക്ക് പോസ്റ്റിടൂ എന്ന് ജെയിംസ് മാത്യു അഭ്യർത്ഥിച്ചു. 'എന്റെ ഫേസ്ബുക്ക് പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് ഈ സർക്കാർ കേസുകളെടുക്കുന്നതും അഴിമതിക്കെതിരെ നടപടിയെടുക്കുന്നതും എന്ന് ആദ്യമായാണ് അറിയുന്നത് '- തൃത്താല അംഗത്തിന്റെ തിരിച്ചടി. ആനയ്ക്കറിയില്ല ആനയുടെ വലിപ്പം എന്ന് വെറുതേ പറയുന്നതല്ല!
പതിവിന് വിപരീതമായി വെള്ളിയാഴ്ചത്തെ അനൗദ്യോഗികകാര്യങ്ങൾ മാറ്റിവച്ച് ഇന്നലെ ധനകാര്യബില്ലാണ് സഭ ചർച്ചയ്ക്കെടുത്തത്. വികസനത്തിന്റെ രാഷ്ട്രീയവും രാഷ്ട്രീയത്തിന്റെ വികസനവും എന്ന മട്ടിലായി ചർച്ചയുടെ ഗതി. കിഫ്ബിയിലേക്ക് പതിനായിരം കോടി പിരിക്കാനായി ആരംഭിച്ച പ്രവാസി ചിട്ടിയിൽ ആന്തൂരിലെ പ്രവാസിവ്യവസായി സാജൻ പാറയിൽ ചേർന്ന വിവരം കെ.എസ്. ശബരീനാഥൻ വെളിപ്പെടുത്തി. ചിട്ടിയിൽ ചേർന്നതിന്റെ രസീത് ഈ സർക്കാരിന്റെ അഹന്തയ്ക്കേറ്റ പ്രഹരമായി സാജന്റെ വീട്ടിലെ അലമാരയിലുണ്ടെന്നാണ് ശബരീനാഥന്റെ ഓർമ്മപ്പെടുത്തൽ.
കൊത്തിക്കൊത്തി ടി.വി. ഇബ്രാഹിം മുറത്തിൽതന്നെ കൊത്തി. വികസനത്തിലെ രാഷ്ട്രീയവിവേചനം ആരോപിക്കാൻ ഉദാഹരണമാക്കിയ മണ്ഡലങ്ങളുടെ കൂട്ടത്തിൽ അദ്ദേഹം ഉൾപ്പെടുത്തിയത് സ്പീക്കറുടെ മണ്ഡലമായ പൊന്നാനിയെയും. സ്പീക്കറുടെ മണ്ഡലത്തിലെ കാര്യത്തെ വിവേചനമായി പറയരുതെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. കഴിഞ്ഞ പത്ത് വർഷത്തെ കണക്ക് കൂടി നോക്കാനും ഉപദേശിച്ചു. 'ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾ തൻ പിന്മുറക്കാർ' എന്നാണ് മട്ടെങ്കിൽ ഒന്നും പറയാനില്ലെന്നാണ് ഇബ്രാഹിമിന്റെ ആത്മഗതം.
1977ൽ കെ.ജി. മാരാരും പിണറായി വിജയനും ഒരു മുന്നണിയിൽ മത്സരിച്ചതും ശിവദാസമേനോന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എൽ.കെ. അദ്വാനി വന്നതുമൊക്കെ ടി.വി. ഇബ്രാഹിം ഓർത്തെടുത്തത് എന്തൊക്കെയോ ലക്ഷ്യമിട്ട് തന്നെ. 1980ൽ ഒ. രാജഗോപാൽ നിങ്ങളുടെ മുന്നണി സ്ഥാനാർത്ഥിയായെന്നും പെരിങ്ങളത്ത് നിങ്ങളുടെ സ്ഥാനാർത്ഥിയായ കെ.ജി. മാരാരെ എ.കെ. ശശീന്ദ്രനാണ് തോല്പിച്ചതെന്നുമൊക്കെ എം. സ്വരാജ് 'പോയിന്റ് ഒഫ് ഓർഡർ' വിരുതിൽ തർക്കിച്ചു. 77നെപ്പറ്റിയായത് കൊണ്ട് മാത്രം ജനതാപാർട്ടി, തുർഗ്മാൻഗേറ്റ്, കെ.ജി. മാരാർ, അടിയന്തരാവസ്ഥ, ജനാധിപത്യം, ഇന്ദിരാഗാന്ധി എന്നിവയിലൂടെ വൈകാരികമായി ഒഴുകിനീങ്ങി സി.കെ. നാണു സായൂജ്യമടഞ്ഞു.
അപ്രതീക്ഷിതമായി പട്ടം വീണുകിട്ടിയ കുട്ടിയുടെ അവസ്ഥയോട് കേരളത്തിലെ കോൺഗ്രസിനെ വീണാ ജോർജ് ഉപമിച്ചു. ഈ പട്ടം പറത്തണോ, അതും കൊണ്ടോടണോ എന്നറിയാതെ നില്പാണത്രേ. കുട്ടിയെ നിയന്ത്രിക്കേണ്ട രക്ഷിതാവ് കുട്ടിയും വേണ്ട, പട്ടവും വേണ്ടെന്ന മട്ടിൽ ഓടിയൊളിക്കുന്നുവെന്നും വീണാ ജോർജ് പരിഹസിച്ചത് രാഹുൽഗാന്ധിയെ മാത്രം ഉദ്ദേശിച്ചാണെന്ന് കോൺഗ്രസുകാർ കരുതിയാൽ കുറ്റം പറയാനാവില്ല. ബഡ്ജറ്റിലനുവദിക്കുന്ന പണം യഥാസമയം വകുപ്പുകൾ ചെലവിടാത്തതിന്റെ ഗൗരവാവസ്ഥയിലേക്ക് ഡോ. എൻ. ജയരാജ് വിരൽചൂണ്ടി. എക്സ്പൻഡിച്ചറിന്റെ ഗ്ലോറിയസായ മുഖം പ്രകടമാകാത്തതിലദ്ദേഹം നിരാശനാണ്. നാടിന്റെ വികസനത്തിന്റെ പ്രതിപക്ഷ നേതാവാകാതെ, സർക്കാരിന്റെ പ്രതിപക്ഷ നേതാവാകൂ എന്ന് പ്രതിപക്ഷ നേതാവിനെ ആർ. രാജേഷ് ഉപദേശിച്ചു. സാമ്പത്തിക സമീപനങ്ങളിൽ ഗൗരവമായ ചില പരിശോധനകൾ വേണ്ടതുണ്ടെന്ന് മന്ത്രി തോമസ് ഐസക് പ്രതിപക്ഷത്തോട് സമ്മതിച്ചു.