കിളിമാനൂർ: റോട്ടറി ക്ലബ് ഒരുക്കിയ സ്നേഹ വീടിനുള്ളിൽ ഷീജാകുമാരിക്കും മക്കൾക്കും ഇനി സുഖമായി അന്തിയുറങ്ങാം. കിളിമാനൂർ ചേണി കുഴിയിൽ ടാർപ്പ കെട്ടിമറച്ച ഒരു കൂരയ്ക്കുള്ളിലായിരുന്നു ഷീജാകുമാരിയും മക്കളായ അഖിൽ, ആർച്ച, അർച്ചന എന്നിവർ താമസിച്ചിരുന്നത്. വീട്ടിലേക്കുള്ള വഴി പോലും ഇല്ലാതെ ഒരു കുന്നിൻ മുകളിൽ നരകജീവിതം നയിക്കുന്ന കുടുംബത്തിന്റെ ദുരിതം തിരിച്ചറിഞ്ഞ പാപ്പാല ഉടയവൻകാവിനടുത്ത് ഡോക്ടർ മുരളി സൗജന്യമായി നൽകിയ അഞ്ച് സെന്റ് സ്ഥലത്താണ് സ്നേഹവീട് നിർമ്മിച്ചത്. വീടിന്റെ താക്കോൽ ദാനം റോട്ടറി ഗവർണർ ഇ.കെ. ലൂക്ക് നിർവഹിച്ചു. റോട്ടറി ക്ലബ് ഭാരവാഹികളായ, ഡിസ്ട്രിക് പ്രോജക്ട് ഗവർണർ ബാബുമോൻ, കെ.ജി. പ്രിൻസ്, വി. ഭാസി, ഡോക്ടർ കെ.എൻ. രാമൻ നായർ, ബി. ശ്രീകുമാർ, അനിൽകുമാർ, പ്രജ രാജ്, ചന്ദ്രൻ, പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു, വിവിധ തലങ്ങളിലെ ജനപ്രതിനിധികൾ, കിളിമാനൂർ ഗവ: എച്ച്.എസ്.എസ്, ആർ.ആർ.വി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലെ തണൽ, സ്നേഹയാൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. അർച്ചനയുടെയും ആർച്ചയുടെയും ഉന്നത വിദ്യാഭ്യാസത്തിനുള്ള മുഴുവൻ ചിലവുകളും മുൻ റോട്ടറി ഗവർണർ സുരേഷ് മാത്യുവിന്റെയും മുൻ കളക്ടർ ബിജു പ്രഭാകറിന്റെയും നേതൃത്വത്തിലുള്ള പുനർജനി ട്രസ്റ്റ് വഹിക്കും. കിളിമാനൂർ റോട്ടറി ക്ലബിന്റെ രണ്ടാമത്തെ സ്നേഹവീടാണിത്. ഇക്കഴിഞ്ഞ ജനുവരി 26 ന് കടമ്പാട്ടുകോണം അശ്വതി ഭവനിൽ ആശക്കും സ്നേഹവീട് കൈമാറിയിരുന്നു.