bsnl

ആ​റ്റിങ്ങൽ: മാസങ്ങളായി തുടരുന്ന തകരാറുകൾ പൂർണമായും പരിഹരിക്കാത്തതിനാൽ ആ​റ്റിങ്ങൽ ടെലിഫോൺ എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള ഉപഭോക്താക്കൾ ബുദ്ധിമുട്ടിലാകുന്നതായി പരാതി. ലാൻഡ്‌ഫോണുകൾക്കും ബ്രോഡ്ബാൻഡ് കണക്ഷനുകൾക്കുമാണ് പ്രധാനമായും തകരാറുള്ളത്. ഇന്റർനെ​റ്റ് കണക്ഷൻ തകരാറിലായതിനാൽ ബി.എസ്.എൻ.എൽ ലാൻഡ്‌ഫോണും ബ്രോഡ്ബാൻഡും ഉപയോഗിക്കുന്ന സർക്കാരോഫീസുകളുടെയും അക്ഷയകേന്ദ്രങ്ങൾ അടക്കമുള്ള പ്രധാന ഒാഫിസുകളുടെയും പ്രവർത്തനങ്ങൾ അവതാളത്തിലായിരിക്കുകയാണ്. സേവനങ്ങൾ ജനങ്ങൾക്ക് കൃത്യമായി ലഭ്യമാകണമെങ്കിൽ ഓഫീസുകളിൽ തടസമില്ലാതെ ഇന്റർനെ​റ്റ് ലഭ്യമാകേണ്ടതുണ്ട്. മാസങ്ങളായി ഇന്റർനെ​റ്റ് തകരാർ തുടരുന്നത് മൂലം വിവിധ പരീക്ഷകൾക്കുള്ള അപേക്ഷകൾ പോലും അയയ്ക്കാൻ കഴിയാതെ വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും വിഷമിക്കുകയാണ്. ലാൻഡ്ഫോണുകളിൽ വിളിച്ചാൽ ആദ്യം ഈ ടെലിഫോൺ നിലവിലില്ല എന്നാണ് പറയുകയെന്നും വീണ്ടും വിളിച്ചുകൊണ്ടിരുന്നാൽ ചിലപ്പോൾ കിട്ടുമെന്നും ഉപഭോക്താക്കൾ പറയുന്നു. പരാതികൾ പൂർണമായി പരിഹരിക്കാൻ അധികൃതർ തയ്യാറാകാത്തതാണ് പ്രധാന പ്രശ്‌നമെന്നും സാങ്കേതിക തകരാറെന്നു പറഞ്ഞ് അധികൃതർ തടിതപ്പുന്നെന്നും ആക്ഷേപമുണ്ട്. ഇവ പരിഹരിക്കാൻ ശ്രമമുണ്ടാകാറില്ലെങ്കിലും വാടക മുടങ്ങിയാൽ ലൈൻ കട്ട് ചെയ്യാൻ വൈകാറില്ലെന്നും പരാതിക്കാർ പറയുന്നു. ശമ്പളവുമായി ബന്ധപ്പെട്ട് കരാർ തൊഴിലാളികൾ ഇടയ്ക്കിടെ സമരം നടത്തുന്നത് തകരാർ പരിഹരിക്കാൻ കാലതാമസം ഉണ്ടാക്കുന്നുണ്ട്. ആറ്റിങ്ങൽ ഡിവിഷന്റെ കീഴിൽ വിവിധ സ്ഥലങ്ങളിലായി 60 പേർ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ട്. കേബിൾ തകരാറുകൾ മുതൽ ഇന്റർനെറ്റ് സർവീസിലെ തകരാറുകൾ വരെ പരിഹരിക്കുന്നതിന് ഇവരുടെ സേവനം അത്യാവശ്യമാണ്. ചെറിയ ശമ്പളമാണ് ഈ തൊഴിലാളികൾക്ക് ലഭിക്കുന്നത്. അതും കൃത്യമായി നൽകാത്തതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു യൂണിയന്റെ നേതൃത്വത്തിൽ കഴിഞ്ഞ ജനുവരിയിൽ ആഴ്ചകളോളം സമരം നടന്നിരുന്നു.